'ആര്യ'യിലൂടെ ടോളിവുഡിന്‍റെ ഐക്കൺ സ്റ്റാർ; മലയാളികളുടെ സ്വന്തം മല്ലു അർജുൻ ആയിട്ട് 21 വർഷങ്ങൾ

അല്ലു അർജുൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം 'ആര്യ' റിലീസായിട്ട് ഇന്നേക്ക് 21 വർഷങ്ങള്‍. 'ആര്യ' എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുൻ ശ്രദ്ധിക്കപ്പെട്ടത്. ഈ സിനിമ തന്നെയായിരുന്നു അല്ലു അർജുന് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തതും. തെലുങ്ക് നടനാണെങ്കിലും അല്ലു അർജുന് കേരളത്തിൽ നിരവധി ആരാധകരുണ്ട്. അതുപോലെ തന്നെ മലയാളത്തിലെ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളായിരുന്നു അല്ലു അർജുന്‍റേത്. അങ്ങനെ അദ്ദേഹം മലയാളികളുടെ സ്വന്തം മല്ലു അർജുനായി മാറിയത് ആര്യ റിലീസിന് ശേഷമായിരുന്നു.

2004 ൽ പുറത്തിറങ്ങിയ 'ആര്യ' സംവിധാനം ചെയ്തത് അന്ന് നവാഗതനായ സുകുമാറായിരുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജു നിർമിച്ച ചിത്രത്തിൽ അല്ലു അർജുനൊപ്പം അനുരാധ മേത്ത, ശിവ ബാലാജി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. നാല് കോടി രൂപ ബഡ്ജറ്റിൽ നിർമിച്ച ആര്യ ഏകദേശം 30 കോടി രൂപ ബോക്സ് ഓഫീസിൽ നേടുകയുണ്ടായി. കേരളത്തിലും ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു. അതിന്‍റെ തുടർച്ചയായെത്തിയ 'ആര്യ 2' വും വലിയ വിജയമായിരുന്നു.

തെലുങ്ക് സിനിമകളുടെ മലയാളം മാർക്കറ്റ് ഉണർന്നത് 'ആര്യ'യിലൂടെയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് അല്ലു അർജുൻ ആരാധക വൃന്ദം വളർന്നത് 'ആര്യ'ക്ക് ശേഷമായിരുന്നു. ഏറ്റവും ഒടുവിൽ 'പുഷ്പ 'യിലും 'പുഷ്പ 2'വിലും വരെ എത്തിയിരിക്കുകാണ് സുകുമാർ - അല്ലു കോംമ്പോയുടെ തേരോട്ടം. 

 

 

Tags:    
News Summary - It's been 21 years since the release of Allu Arjun's super hit film 'Arya'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.