വെനീസ് ചലച്ചിത്രമേളയിൽ ഹിന്ദ് റജബിന്റെ ചിത്രം പിടിച്ചുകൊണ്ട് ടുണീഷ്യൻ സംവിധായിക കൗതർ ബെൻ ഹാനിയ
കൗതർ ബെൻ ഹാനിയയുടെ ഓസ്‌കർ നോമിനേഷൻ നേടിയ ചിത്രം 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബി'ന്റെ ഇന്ത്യയിലെ തിയറ്റർ റിലീസ് തടഞ്ഞ് സെൻസർ ബോർഡ്. മാർച്ച് 16ന് നടന്ന ഓസ്‌കറിന് മുന്നോടിയായി മാർച്ച് 6ന് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ത്യ-ഇസ്രായേൽ ബന്ധത്തെ അത് വഷളാക്കുമെന്ന ആശങ്കയെത്തുടർന്ന് അനുമതി നിഷേധിച്ചു.
മുംബൈ ആസ്ഥാനമായുള്ള ജയ് വിരാത്ര എന്റർടൈൻമെന്റിന്റെ തലവനായ മനോജ് നന്ദ്വാനയാണ് ഇക്കാര്യം പുറത്തു വിട്ടത്. സിനിമ വളരെ സെൻസിറ്റീവ് ആയതിനാൽ സി.ബി.എഫ്.സി സർട്ടിഫിക്കേഷൻ നിരസിച്ചു എന്നുായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഗാസയിലെ ഇസ്രായേൽ ആക്രമണത്തത്തിൽ കുടുങ്ങിയ അഞ്ച് വയസ്സുള്ള പലസ്തീൻ പെൺകുട്ടിയെ പിന്നീട് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് വോയ്‌സ് ഓഫ് ഹിന്ദ് റജബ്.
മാർച്ച് 6ന് റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന ചിത്രത്തിന് സമയബന്ധിതമായ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ ഫെബ്രുവരിയിൽ സി.ബി.എഫ്.സിക്ക് വേണ്ടി ചിത്രം പ്രദർശിപ്പിച്ചതായി മനോജ് നന്ദ്വാന വെളിപ്പെടുത്തി. എന്നാൽ അനുമതി ലഭിച്ചില്ല. 'ഇത് റിലീസ് ചെയ്താൽ അത് ഇന്ത്യ-ഇസ്രായേൽ ബന്ധത്തെ ബാധിക്കും' എന്ന് സെൻസർ ബോർഡ് അംഗം തുറന്നു പറഞ്ഞതായി മനോജ് നന്ദ്വാന വെളിപ്പെടുത്തി.
'ഇന്ത്യ-ഇസ്രായേൽ ബന്ധം ശക്തമാണെന്നും ഒരു സിനിമക്ക് അതിനെ തകർക്കാൻ കഴിയുമെന്ന് ചിന്തിക്കുന്നത് യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നും ഞാൻ അവരോട് പറഞ്ഞു. വോയ്‌സ് ഓഫ് ഹിന്ദ് റജബ് യു.എസ്, യു.കെ, ഇറ്റലി, ഫ്രാൻസ്, ഇസ്രായേലുമായി ബന്ധം പങ്കിടുന്ന മറ്റ് നിരവധി രാജ്യങ്ങളിൽ ഇതിനകം റിലീസ് ചെയ്തിട്ടുണ്ട്' മനോജ് നന്ദ്വാന പ്രതികരിച്ചു.
നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ആഴത്തിലാകുന്നതിനിടെയാണ് ഈ തീരുമാനം. പതിറ്റാണ്ടുകളായി സ്ഥിരമായി വികസിച്ചുകൊണ്ടിരിക്കുന്ന ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് അദ്ദേഹത്തിന്റെ സമീപകാല സന്ദർശനം. സെപ്റ്റംബറിൽ വെനീസ് ഫിലിം ഫെസ്റ്റിവലിൽ നടന്ന വേൾഡ് പ്രീമിയറിൽ വോയ്‌സ് ഓഫ് ഹിന്ദ് റജബ് 20 മിനിറ്റിലധികം സ്റ്റാൻഡിങ് ഒവേഷനും സിൽവർ ലയൺ അവാർഡും നേടി. സെൻസർഷിപ്പ് തീരുമാനങ്ങളുടെ പേരിൽ പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുള്ള സി.ബി.എഫ്.സിയെ ചുറ്റിപ്പറ്റിയുള്ള നിരന്തരമായ വിമർശനങ്ങൾ ശരിവെക്കുന്നതാണ് ഈ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.