ധനുഷ് സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രം ഇഡ്‌ലി കടൈ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ധനുഷ് തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഒ.ടി.ടി അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് നേടിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രീമിയർ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനമോ നവംബർ ആദ്യമോ ചിത്രം പ്രദർശിപ്പിക്കുമെന്നാണ് പ്രതീക്ഷ.
ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇഡ്‌ലി കടൈ. സിനിമയിൽ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. വാത്തി, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്കും വരാനിരിക്കുന്ന 'നിലാവുക്ക് എൻ മേൽ എന്നടി കൊബം' എന്ന ചിത്രത്തിനും ശേഷം സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാർ ധനുഷിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഇഡ്‌ലി കടൈ'. ഇഡ്‌ലി കടൈയുടെ ഛായാഗ്രഹണം കിരൺ കൗശിക്, എഡിറ്റിങ് പ്രസന്ന ജി.കെ, പ്രൊഡക്ഷൻ ഡിസൈൻ ജാക്കി എന്നിവരാണ് നിർവഹിക്കുന്നത്.
'ഇഡ്‌ലി കടൈ' ആദ്യ ദിനം ഏകദേശം 12.75 കോടി രൂപ കലക്ഷൻ നേടിയിരുന്നു. ഇതിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിൽ നിന്നാണ് ലഭിച്ചത്. തമിഴ്നാട്ടിൽ നിന്ന് മാത്രം 10.75 കോടി രൂപയാണ് ചിത്രം നേടിയത്. റിലീസ് ദിവസം അവധിയായത് ചിത്രത്തിന് ഗുണം ചെയ്തു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ചിത്രത്തിന് മുൻകൂർ ബുക്കിങ് കുറവായിരുന്നു. കാന്താര: ചാപ്റ്റർ 1 റിലീസായത് ഇഡ്‌ലി കടൈയുടെ കലക്ഷനെ ബാധിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, അഞ്ച് ദിവസത്തിനുള്ളിൽ 'ഇഡ്‌ലി കടൈ' ഇന്ത്യയിൽ നിന്ന് ഏകദേശം 38.60 കോടി രൂപ നേടിയെന്നാണ് സാക്നിൽക് വെബ്‌സൈറ്റിന്റെ കണക്കുകൾ. കേരളത്തിൽ നിന്ന് ആദ്യ ദിവസം 25 ലക്ഷമാണ് ചിത്രം നേടിയത്. കർണാടകയിൽ നിന്ന് ആദ്യ ദിനം ചിത്രം 1.2 കോടി രൂപ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.