മുംബൈ: ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ബോളിവുഡ് താരം നോറ ഫത്തേഹി. താൻ പാർട്ടികൾക്ക് പോകാറില്ലെന്നും ക്ലിക്കിന് വേണ്ടി തന്റെ പേര് ലഹരി പാർട്ടികളിലേക്ക് വലിച്ചിഴച്ചാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും നടി മുന്നറിയിപ്പ് നൽകി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നോറ ഫത്തേഹിയുടെ മുന്നറിയിപ്പ്.
ഞാൻ പാർട്ടികൾക്ക് പോകാറില്ല. ഞാൻ നിരന്തരമായി സഞ്ചരിക്കുന്നയാളാണ്. ജോലിയോട് മാത്രമാണ് എനിക്ക് പാഷൻ. എനിക്ക് വ്യക്തപരമായ ജീവിതമില്ലെന്നും നോറ ഫത്തേഹി പറഞ്ഞു. ഒഴിവുസമയങ്ങൾ സുഹൃത്തുക്കളോടൊപ്പം ദുബൈയിൽ ചെലവഴിക്കാനാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നതെന്നും നോറ ഫത്തേഹി പറഞ്ഞു.
കഴിഞ്ഞ ദിവസം മുംബൈയിൽ ലഹരി സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സലീം ദോല എന്നയാളുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചിരുന്നു. നിരവധി ബോളിവുഡ് താരങ്ങൾക്ക് ഈ ലഹരി സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ നോറ ഫത്തേഹിയുടെ പ്രതികരണം.
ഞാൻ പലപ്പോഴും എളുപ്പമുള്ള ഒരു ലക്ഷ്യമായി മാറാറുണ്ട്. ഇത്തവണ അത് അനുവദിച്ച് തരാനാവില്ല. എന്റെ ജീവിതം നുണകളാൽ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. അത് അംഗീകരിച്ച് തരാനാവില്ല. ദയവായി ഇതിൽ നിന്നും വിട്ടുനിൽക്കണമെന്നും നോറ ഫത്തേഹി അറിയിച്ചു. സലീം ദോല നോറ ഫത്തേഹി ഉൾപ്പടെയുള്ളവർക്ക് ലഹരി വിതരണം ചെയ്തുവെന്ന് പറയുന്ന ചില വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബോളിവുഡ് താരം പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.