ഡിസംബർ 12ന് പ്രദർശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ച ഹണി റോസ് ചിത്രം റേച്ചലിന്‍റെ റിലീസ് മാറ്റിവെച്ചു. 'സമയവും മൊത്തത്തിലുള്ള റിലീസ് സാഹചര്യവും കണക്കിലെടുത്ത് പ്രേക്ഷകർക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിനായി റിലീസ് പുനഃക്രമീകരിക്കുന്നു' എന്ന് നിർമാതാക്കൾ അറിയിച്ചു. പുതിയ തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആദ്യം ഡിസംബർ ആറിന് ചിത്രം പുറത്തിറങ്ങും എന്നായിരുന്നു അറിയിച്ചത്. എന്നാൽ അത് പിന്നീട് ഡിസംബർ 12ലേക്ക് മാറ്റിവെക്കുകയായിരുന്നു.
പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്‍റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കാനെത്തുന്ന 'റേച്ചൽ' അഞ്ച് ഭാഷകളിലായാണ് റിലീസിനെത്തുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.
രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും നിക്കോളാസായി റോഷൻ ബഷീറും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ആദ്യ ഗാനമായി ഇറങ്ങിയ 'കണ്ണിൽ മാരിവില്ലിൻ ചെണ്ട്...' ഏറെ സ്വീകാര്യത നേടുകയുണ്ടായി.
വയലന്‍സും രക്തച്ചൊരിച്ചിലും അഭിനയമുഹൂർത്തങ്ങളും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹണി റോസിനേയും ബാബുരാജിനേയും റോഷനേയും കൂടാതെ ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി കെ. ജോൺ, ദിനേശ് പ്രഭാകര്‍, ഡേവിഡ്, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. രാഹുൽ മണപ്പാട്ടിന്‍റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റ് ആണ് ചിത്രത്തിന്‍റെ വിതരണം നിർവഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.