മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരേക്കാൾ കൂടുതൽ ശമ്പളം ഉദ്ഘാടനങ്ങളിലൂടെ ഹണി റോസ് ഒരു വർഷം കൊണ്ട് സമ്പാദിക്കുന്നുവെന്ന് വിനയൻ. ഹണി റോസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘റേച്ചൽ’ സിനിമക്ക് ആശംസകൾ നേരുകയായിരുന്നു സംവിധായകൻ വിനയൻ. റേച്ചലിന്‍റെ ട്രെയ്‌ലര്‍ ലോഞ്ചിലാണ് വിനയന്‍റെ അഭിപ്രായപ്രകടനം. ഹണി റോസിന്റെ ആദ്യ സിനിമയായ ബോയ്ഫ്രണ്ട് സംവിധാനം ചെയ്തത് വിനയാനാണ്.
ഡിസംബർ 6ന് റിലീസിനൊരുങ്ങുന്ന ഈ ചിത്രം താൻ പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതാണെന്നും വലിയ വിജയമാകുമെന്നും വിനയൻ പറഞ്ഞു.
‘‘റേച്ചൽ ഞാൻ പ്രതീക്ഷിച്ചതിനെക്കാളുമൊക്കെ ഞെട്ടിച്ചു കളഞ്ഞു. ഹണി നന്നായി ആ കഥാപാത്രം ചെയ്തിട്ടുണ്ട്. വളരെ സീരിയസ് ആയ ചിത്രമാണ് റേച്ചൽ. വളരെ കഷ്ടപ്പെട്ട് ചെയ്ത് ഇറക്കുന്നൊരു പടം. ഇങ്ങനെ കഷ്ടപ്പെട്ട് ചെയ്ത സിനിമകളൊക്കെ ഭാവിയിൽ വലിയ വിപ്ലവം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. എന്റെ അനുഭവമാണിത്. ഇങ്ങനെ ഒരു വിഷയം തിരഞ്ഞെടുത്തതിൽ ഞാൻ അഭിനന്ദനം അറിയിക്കുകയാണ്.
ഹണി റോസിന്റെ അരങ്ങേറ്റത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 2002, 2003ലോ മറ്റോ ആണ് പൃഥ്വിരാജിന്റെ ‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും’ എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ഹണി റോസ് എന്നെ വന്ന് കാണുന്നത്. മകളെ നായികയാക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഞാൻ പറഞ്ഞു അവൾ കുറച്ചുകൂടി വലുതാകട്ടെ എന്ന്. പിന്നീട് രണ്ട് മൂന്ന് വർഷം കഴിഞ്ഞാണ് പുതിയ ആൾക്കാരെ വച്ച് ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രം ചെയ്യാം, മണിക്കുട്ടനെ ഹീറോ ആക്കാം എന്ന് ചർച്ച നടക്കുന്നത്. അപ്പോഴാണ് ഹണിയുടെ അച്ഛൻ വരുന്നതും ഒടുവിൽ ഹണി സിനിമയുടെ ഭാഗമാകുന്നതും.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്ന നടിമാർ 10 സിനിമ ചെയ്താൽ കിട്ടുന്നതിന്റെ കൂടുതൽ പൈസ ഹണി ഒരു വർഷം ഉദ്ഘാടനത്തിലൂടെ ഉണ്ടാക്കുന്നുണ്ട്. അതിന് യാതൊരു സംശയവും ഇല്ല.
ചെറിയ സിനിമകൾ വലിയ വിജയമാകുമ്പോഴാണ് വലിയൊരു സന്തോഷം നമുക്കുണ്ടാകുന്നത്. ആദ്യകാലത്ത് ഞാൻ കോമഡി സിനിമകൾ ചെയ്ത ആളാണ്. പിന്നീട് ‘ആകാശഗംഗ’ എന്ന ഹൊറർ ചിത്രം ചെയ്തു. പക്ഷേ അവയേക്കാളൊക്കെ മനസിൽ നിൽക്കുന്നത് വെറും 35 ലക്ഷം രൂപ മുടക്കി ചെയ്ത 'വാസന്തിയും ലക്ഷ്മിയും' ആണ്. അന്നത്തെ കാലത്ത് ആ സിനിമ മൂന്നര കോടി രൂപ കളക്ട് ചെയ്തുവെന്ന് പറയുന്നത് ചെറിയ കാര്യമല്ല. അതുപോലെ റേച്ചൽ വലിയൊരു വിജയമാകട്ടെ.’’ വിനയന്റെ വാക്കുകൾ
അതേസമയം, റേച്ചല്‍ ക്രിസ്തുമസ് റിലീസായി ഡിസംബര്‍ ആറിന് തിയേറ്ററുകളിലെത്തും. അഞ്ച് ഭാഷകളിലായാണ് സിനിമയുടെ റിലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.