നടി കനക അന്നും ഇന്നും
‘ഗോഡ് ഫാദറി’ൽ മായയായും ‘വിയറ്റ്നാം കോളനി’യിൽ ഉണ്ണിമോളായും മലയാളികളുടെ മനസ്സിൽ കുടിയേറിയ നായികയാണ് കനക. ഒരുകാലത്ത് മലയാളത്തിലും തമിഴിലുമെല്ലാം സജീവമായിരുന്ന താരം മലയാളികൾ എക്കാലവും ഓർക്കുന്ന നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിലെ പ്രശസ്ത നടി ദേവികയുടെയും അസിസ്റ്റന്റ് ഡയറക്ടർ ദേവദാസിന്റെയും മകളാണ് കനക. മാതാപിതാക്കളുടെ വിവാഹമോചനത്തിനുശേഷം അമ്മ ദേവികയോടൊപ്പമാണ് കനക വളർന്നത്.
സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന കനക 27 വർഷത്തോളമായി സിനിമാമേഖലയിൽ നിന്നും മാറിനിൽക്കുകയാണിപ്പോൾ. സിനിമയിൽ നിന്നുമാത്രമല്ല സമൂഹത്തിൽ നിന്നും സൗഹൃദങ്ങളിൽ നിന്നുമൊക്കെ ഉൾവലിഞ്ഞ് ഒറ്റപ്പെട്ട ജീവിതമാണ് അവർ നയിക്കുന്നത്. താരത്തിന്‍റെ ഈ മാനസികാവസ്ഥ പലവിധത്തിലുള്ള അഭ്യൂഹങ്ങൾക്കും കാരണമായിട്ടുണ്ട്. കാൻസർ ബാധിതയായി കനക മരണമടഞ്ഞെന്നും, മാനസികാരോഗ്യം തകരാറിലായി ചികിത്സയിലാണെന്നുമൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എന്നാൽ, രണ്ടുവർഷം മുമ്പ് നടി കുട്ടി പദ്മിനി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് കനകയുടെ ഒറ്റപ്പെട്ട ജീവിതത്തെ കുറിച്ച് ലോകം കൂടുതലറിഞ്ഞത്. ‘‘വർഷങ്ങൾക്ക് ശേഷം എന്റെ പ്രിയപ്പെട്ട ദേവിക മാമിന്റെ മകളും എന്റെ പ്രിയ സഹോദരിയുമായ കനകയുമായി വീണ്ടുമൊന്നിച്ചു. സന്തോഷം അളവറ്റതാണ്. ഞങ്ങൾ ഒരുമിച്ച് കുറച്ച് സമയം ചെലവഴിച്ചു’ - എന്നാണ് കനകക്ക് ഒപ്പമുള്ള ചിത്രം പങ്കിട്ട് കുട്ടി പദ്മിനി തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചത്. ആ ഫോട്ടോയിൽ കനക കണ്ടാൽ തിരിച്ചറിയാത്ത രീതിയിൽ മാറിയിരുന്നു.
‘നിങ്ങൾ പറഞ്ഞതിനാലാണ് ഞാൻ കനകയെ അന്വേഷിച്ചു പോയത്. മുമ്പ് എപ്പോഴോ പോയ ഓർമ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. വീടും വഴിയുമൊന്നും അത്ര പിടിയില്ലായിരുന്നു. കൂടാതെ നല്ല മഴയും. ഒരുപാട് അന്വേഷിച്ചാണ് വീട് കണ്ടെത്തിയത്. പുറത്ത് ദേവിക എന്ന ബോർഡു കണ്ടപ്പോൾ അതു തന്നെയാണ് വീട് എന്നു മനസ്സിലായി. വീടും ഗേറ്റുമൊക്കെ പൂട്ടിയിട്ടിരുന്നു. പക്ഷേ അകത്ത് ലൈറ്റ് ഉണ്ടായിരുന്നു. അടുത്ത വീട്ടുകാരോട് അന്വേഷിച്ചപ്പോൾ കനക എപ്പോൾ വരുമെന്നോ എപ്പോൾ പോകുമെന്നോ ഒന്നും ആർക്കും അറിയില്ല എന്നാണ് പറഞ്ഞത്. ഞങ്ങൾ വണ്ടിയിൽ തന്നെയിരുന്നു. അമ്മ എത്ര സ്നേഹത്തോടെ വളർത്തിയ മകളാണ്. അവൾക്കിപ്പോൾ ആരുമില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് വല്ലാതെ സങ്കടം തോന്നി’ - കുട്ടി പദ്മിനി പങ്കുവച്ചു.
‘ഞങ്ങൾ ഒന്നിച്ച് കോഫി ഷോപ്പിൽ പോയി. വണ്ടി കേടായിരിക്കുന്നതുകൊണ്ടാണ് ഇപ്പോൾ ഓട്ടോയിൽ ഒക്കെയാണ് പോകുന്നതെന്ന് കനക പറഞ്ഞു. ഈ പഴയ കാർ കൊടുത്ത് പുതിയ കാർ വാങ്ങൂ എന്നു ഞാൻ പറഞ്ഞു. കോഫീ ഷോപ്പിൽ പോയി ഞങ്ങൾ കുറേ നേരം സംസാരിച്ചു. കേക്ക് ഉൾപ്പെടെ അവൾക്ക് ഇഷ്ടപ്പെട്ടതൊക്കെ ഞാൻ വാങ്ങിക്കൊടുത്തു. പൈസ ഞാൻ കൊടുക്കാം എന്ന് പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല. അവൾ തന്നെ കൊടുത്തു’.
‘നീ ഈ പഴയ വീടൊക്കെ വിൽക്കൂ. പുതിയ ഫ്ലാറ്റ് വാങ്ങി അങ്ങോട്ട് താമസം മാറി രാജകുമാരിയെ പോലെ ജീവിക്കണം. എന്തിനാണ് ഇങ്ങനെ കഴിയുന്നതെന്നു ഞാൻ ശാസിച്ചപ്പോൾ, ഇല്ല ചേച്ചീ..അച്ഛനുമായിട്ട് സ്വത്തിന്റെ പേരിൽ ഉണ്ടായിരുന്ന കേസും വഴക്കുമൊക്കെ തീർന്നു. ഇപ്പോൾ കോംപ്രമൈസ് ആയിട്ടുണ്ട് എന്നാണവൾ പറഞ്ഞത്. കനക നന്നായിട്ട് ഡാൻസ് ചെയ്യുന്ന ആളാണ്. നിനക്ക് ഡാൻസ് ക്ലാസിനു പൊയ്ക്കൂടേ എന്ന് ചോദിച്ചപ്പോൾ "അയ്യോ ചേച്ചി ഞാൻ എങ്ങനെ പോകാനാണ്, അതും ഈ അവസ്ഥയിൽ" എന്നെന്നോട് തിരിച്ചു ചോദിച്ചു. ആളെന്തായാലും ഇപ്പോൾ വളരെ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. അമ്മ ഒരുപാട് സ്നേഹിച്ചു കൊഞ്ചിച്ചുവളർത്തിയ കുട്ടിയാണ് കനക. 'എനിക്ക് ആരെയും വിശ്വസിക്കാൻ പറ്റില്ല അക്കാ, എല്ലാവരും നല്ലവരെ പോലെ നിൽക്കും. അവസാനം ചതിക്കും. അതുകൊണ്ടാണ് ആരും വേണ്ടെന്ന് ഞാൻ തീരുമാനിച്ചത്' എന്നാണ് അവൾ പറഞ്ഞത്’ -കുട്ടി പദ്മിനി കുറിപ്പിൽ പറയുന്നു.
അമ്മ ദേവികയായിരുന്നു കനകക്ക് എല്ലാം. അമ്മയുടെ നിഴലിലാണ് കനക ജീവിച്ചത്. എന്നാൽ, അപ്രതീക്ഷിതമായി ഉണ്ടായ അമ്മയുടെ മരണം കനകയെ തകർത്തു. അച്ഛനും അമ്മയും വർഷങ്ങൾക്കു മുമ്പുതന്നെ പിരിഞ്ഞതിനാൽ അച്ഛൻ ദേവദാസുമായുള്ള കനകയുടെ ബന്ധം അത്ര ഊഷ്മളമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.