നീലവെളിച്ചം മുതൽ അയൽവാശി വരെ; ഇത്തവണ പെരുന്നാളിന് റിലീസാകുന്നത് നാല് മലയാളം ചിത്രങ്ങൾ

പെരുന്നാൾ റിലീസായി ഇത്തവണ തീയറ്ററിൽ എത്തുന്നത് നാല് ചിത്രങ്ങൾ. ആഷിഖ് അബുവിന്റെ ‘നീലവെളിച്ച’മാണ് പെരുന്നാൾ ചിത്രങ്ങളിൽ ആദ്യം തിയേറ്ററുകളിലേക്ക് എത്തിയത്. അയൽവാശി, കഠിന കഠോരമീ അണ്ഡകടാഹം, സുലൈഖ മൻസിൽ എന്നിവയാണ് മറ്റ് പെരുന്നാൾ റിലീസുകൾ.

നീലവെളിച്ചം

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് ‘നീലവെളിച്ചം’. വിൻസെന്റ് മാഷ് സംവിധാനം ചെയ്ത ‘ഭാർഗവി നിലയ’ത്തിന്റെ റീമേക്കാണ് ചിത്രം. ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേംനസീർ, മധു, വിജയനിർമല എന്നിവരായിരുന്നു ഭാർഗവീ നിലയത്തിൽ യഥാർഥ പതിപ്പിൽ മുഖ്യകഥാപാത്രങ്ങളായത്.

അയൽവാശി

സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമായ ‘അയൽവാശി’ ഏപ്രിൽ 21ന് തിയേറ്ററുകളിൽ എത്തും. എത്തും. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനും മുഹ്സിൻ പരാരിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. മുഹ്‌സിന്റെ സഹോദരനായ ഇർഷാദ് പരാരി ആദ്യമായി രചനയും, സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്‌ അയൽവാശി. നിഖില വിമൽ, ലിജോ മോൾ, ബിനു പപ്പു, നസ്‌ലൻ, ഗോകുലൻ, കോട്ടയം നസീർ, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. സജിത് പുരുഷൻ ഛായാഗ്രഹണവും ജെയ്ക്സ് ബിജോയ് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.

സുലൈഖ മൻസിൽ

ഒരു മലബാര്‍ മുസ്ലിം കല്യാണത്തിന്റെ കഥ പറയുന്ന ചിത്രമാണ് സുലൈഖ മൻസിൽ. അഷ്റഫ് ഹംസ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവർ ചേർന്നാണ്. ലുക്ക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ് ജോസ്, അനാര്‍ക്കലി മരക്കാര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഗണപതി, ശബരീഷ് വര്‍മ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമല്‍ഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അര്‍ച്ചന പദ്മിനി, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

കഠിന കഠോരമീ അണ്ഡകടാഹം

ബേസില്‍ ജോസഫ് നായകനാവുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ ഈദ് റിലീസായി വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തും. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹാഷിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ബിനു പപ്പു, സുധീഷ്, സ്വാതി ദാസ് പ്രഭു, നിര്‍മല്‍ പാലാഴി, ശ്രീജ രവി, പാര്‍വതി കൃഷ്ണ, ഷിബില ഫറ, സ്‌നേഹ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഗോവിന്ദ് വസന്തയാണ് സംഗീതം.

Tags:    
News Summary - four Malayalam films are releasing in the festival of Eid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.