‘ബി.ബി.സി സത്യത്തെ മൂടിവെക്കാൻ ശ്രമിച്ചു’; ബാഫ്റ്റ പുരസ്കാര വേദിയിൽ ഫലസ്തീൻ ഡോക്യുമെന്ററി ടീമിന്റെ രൂക്ഷവിമർശനം

ലണ്ടൻ: ഗസ്സയിലെ ആരോഗ്യമേഖലക്ക് നേരെ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങൾ തുറന്നുകാട്ടുന്ന ‘ഗസ്സ: ഡോക്ടേഴ്സ് അണ്ടർ അറ്റാക്ക്’ എന്ന ഡോക്യുമെന്ററിക്ക് ബാഫ്റ്റ പുരസ്കാരം. ഞായറാഴ്ച നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങവെ ചിത്രം സംപ്രേഷണം ചെയ്യാൻ വിസമ്മതിച്ച ബ്രിട്ടീഷ് വാർത്താ ഏജൻസിയായ ബി.ബി.സിക്കെതിരെ അണിയറപ്രവർത്തകർ കടുത്ത ഭാഷയിൽ പ്രതികരിച്ചു.

ആദ്യം ബി.ബി.സി തന്നെ കമീഷൻ ചെയ്ത ചിത്രമായിരുന്നു ഇത്. എന്നാൽ ഇസ്രായേലിനെതിരെയുള്ള പരാമർശങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണിൽ ഇത് സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് ബി.ബി.സി പിന്മാറുകയായിരുന്നു. തുടർന്ന് ചാനൽ ഫോറാണ് ഈ ഡോക്യുമെന്ററി ഏറ്റെടുത്ത് പുറത്തിറക്കിയത്. മികച്ച കറന്റ് അഫയേഴ്സ് പ്രോഗ്രാം വിഭാഗത്തിലാണ് ചിത്രം പുരസ്കാരം നേടിയത്.

"ഈ ഡോക്യുമെന്ററിക്ക് പണം നൽകിയത് ബി.ബി.സിയാണ്. എന്നാൽ അത് കാണിക്കാൻ അവർ തയാറായില്ല," പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് അവതാരക രമിത നവായ് പറഞ്ഞു. "പക്ഷേ നിശബ്ദരാക്കപ്പെടാനോ സെൻസർഷിപ്പിന് വഴങ്ങാനോ ഞങ്ങൾ തയാറല്ലായിരുന്നു. ഈ ചിത്രം ജനങ്ങളിലെത്തിച്ച ചാനൽ ഫോറിന് ഞങ്ങൾ നന്ദി പറയുന്നു," അവർ കൂട്ടിച്ചേർത്തു.

മരിച്ച ഒരു ഫലസ്തീൻ പാരാമെഡിക്കിന്റെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളോടെയാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. ഗസ്സയിലെ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ഇസ്രായേൽ മനപൂർവ്വം ലക്ഷ്യം വെക്കുകയാണെന്ന് ഡോക്യ​മെന്ററിയിൽ തെളിവ് സഹിതം കാണിക്കുന്നുണ്ട്. എന്നാൽ നിഷ്പക്ഷത പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് ബി.ബി.സി ഈ ചിത്രത്തിൽ നിന്ന് പിന്മാറിയത്.

ചിത്രത്തിൽ പ്രവർത്തിച്ച ഒരു മാധ്യമപ്രവർത്തകന്റെ സോഷ്യൽ മീഡിയ ഇടപെടലുകളും രമിത നവായ് ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളും ബി.ബി.സിയുടെ മാനദണ്ഡങ്ങൾക്ക് നിരക്കുന്നതല്ലെന്നായിരുന്നു അന്ന് ബി.ബി.സി ന്യൂസ് വിഭാഗം മേധാവി ഡെബോറ ടേണസ് നൽകിയ വിശദീകരണം. ഗസ്സയിലെ ഡോക്ടർമാരുടെ കഥ പറയാൻ തങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ഇസ്രായേലിന്റെ നടപടികൾ ചിത്രീകരിക്കുന്നത് തങ്ങളുടെ നിഷ്പക്ഷതയെ ബാധിക്കുമെന്ന് കരുതിയെന്നുമാണ് ബി.ബി.സി പിന്നീട് പ്രസ്താവനയിൽ അറിയിച്ചത്.

അതേസമയം ഗസ്സ വംശഹത്യക്കിടയിലും ഇസ്രായേലിന്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുകയും ഫലസ്തീൻ ശബ്ദങ്ങളെ ബോധപൂർവ്വം അവഗണിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് ബി.ബി.സിക്കെതിരെ ആഗോളതലത്തിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് അഭിമാനകരമായ ബാഫ്റ്റ പുരസ്കാര വേദിയിലും ബി.ബി.സിക്കെതിരെ പ്രതിഷേധം ഇരമ്പിയത്. 

Tags:    
News Summary - Filmmakers slam BBC after Gaza documentary wins award despite being dropped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.