'ഡിസി'യുടെ വിജയത്തിൽ ലോകേഷ് കനകരാജിനും അനിരുദ്ധിനും ആഢംബര കാറുകൾ സമ്മാനിച്ച് നിർമാതാക്കൾ; നായിക വാമിക ഗബ്ബിയെ തഴഞ്ഞതിൽ വിമർശനം

തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ഡി.സി എന്ന ചിത്രത്തിന്റെ വിജയാഘോഷവും അതിനെത്തുടർന്നുണ്ടായ വിവാദങ്ങളും. പ്രമുഖ സംവിധായകൻ അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് ആക്ഷനും ഡ്രാമക്കും പ്രാധാന്യം നൽകി ഒരുക്കിയ ഈ ചിത്രം ബോക്സ് ഓഫീസിൽ ലോകമെമ്പാടുമായി 100 കോടി രൂപയിലധികം കലക്ഷൻ നേടി ചരിത്ര വിജയം കുറിച്ചിരുന്നു. പ്രശസ്തമായ 'ദേവദാസ്' കഥയെ അടിത്തറയാക്കി ഒരുക്കിയ ഈ ചിത്രം തമിഴ് സിനിമയിലെ പ്രമുഖ സംവിധായകനായ ലോകേഷ് കനകരാജ് ആദ്യമായി നായകനായി അഭിനേഷിച്ചു എന്ന പ്രത്യേകത കൂടിയുള്ളതാണ്. ചിത്രത്തിന്റെ ഈ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നാലെ നിർമാതാക്കളായ 'സൺ പിക്ചേഴ്സിന്റെ' തലവൻ കലാനിധി മാരൻ സിനിമയുടെ അണിയറപ്രവർത്തകർക്കും പ്രധാന താരങ്ങൾക്കും പുത്തൻ ബി.എം.ഡബ്ല്യു കാറുകൾ സമ്മാനമായി നൽകി ആദരിച്ചിരുന്നു.

ചിത്രത്തിന്റെ സംവിധായകൻ അരുൺ മാതേശ്വരൻ, നായകനായി വേഷമിട്ട ലോകേഷ് കനകരാജ്, സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവർക്കാണ് ആഡംബര കാറുകളുടെ താക്കോൽ സമ്മാനിച്ചത്. സൺ പിക്ചേഴ്സ് ഈ സന്തോഷവാർത്തയും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ സമ്മാനദാന ചടങ്ങിൽ ചിത്രത്തിലെ നായികയായ വാമിഖ ഗബ്ബിയെ പൂർണ്ണമായി ഒഴിവാക്കിയത് ആരാധകരെ കടുത്ത നിരാശയിലും രോഷത്തിലുമാക്കിയിരിക്കുകയാണ്. സിനിമയിൽ 'ചന്ദ്ര' എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് തന്റെ പ്രകടനം കൊണ്ട് കൈയടി നേടിയ നായികയെ അവഗണിച്ചത് തീർത്തും അനീതിയാണെന്നാണ് പ്രേക്ഷകരുടെ പക്ഷം.

ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ ഏറ്റവും നിർണായകമായ പങ്ക് വഹിച്ചവരിൽ ഒരാളാണ് വാമിഖ ഗബ്ബി എന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ തുറന്നടിക്കുന്നു. സിനിമ കണ്ടിറങ്ങിയ ഭൂരിഭാഗം പേരുടെയും അഭിപ്രായത്തിൽ ചിത്രത്തിന്റെ ആത്മാവ് തന്നെ വാമിഖയുടെ ഗംഭീര പ്രകടനമായിരുന്നു. ചിലർ ലോഗേഷ് കനകരാജിനേക്കാൾ മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചതെന്നും അഭിപ്രായപ്പെടുന്നുണ്ട്. സൗഹൃദത്തിന്റെയും ശമ്പള ഇളവുകളുടെയും അടിസ്ഥാനത്തിലാണ് കാറുകൾ നൽകിയതെന്ന രീതിയിൽ ചില ന്യായീകരണങ്ങൾ വരുന്നുണ്ടെങ്കിലും ഒരു ചിത്രത്തിന്റെ വിജയത്തിൽ ഒപ്പത്തിനൊപ്പം നിന്ന പ്രധാനപ്പെട്ട ഒരു നടിയെ തഴഞ്ഞത് ചലച്ചിത്രമേഖലയിലെ ലിംഗവേദനങ്ങളെയും അവഗണനകളെയും കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.

Tags:    
News Summary - fans angry as DC makers give Lokesh Kanagaraj, Anirudh BMW cars and avoid Wamiqa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.