ഒരു ഇടവേളക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ദുല്‍ഖര്‍ തന്‍റെ അടുത്ത മലയാള ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ദുല്‍ഖറിന്‍റെ 40-ാം ചിത്രമാണ് ഒരുങ്ങുന്നത്. ആർ.ഡി.എക്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നഹാസ് ഹിദായത്ത് ആണ് ഡി 40 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിക്കും. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കുമെന്ന പോസ്റ്റർ ദുൽഖർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രമാണിതെന്നും പോസ്റ്ററില്‍ ഉണ്ട്. നഹാസ് ഹിദായത്തിന്‍റെ സംവിധാനത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന ചിത്രം വരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സംഗീതം. ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം അവസാനമോ അടുത്ത വർഷം തുടക്കത്തിലോ ആരംഭിക്കുമെന്നാണ് വിവരം.
ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കര്‍ എന്ന തെലുങ്ക് ചിത്രം. തെലുങ്കിനെ കൂടാതെ തമിഴ്, മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായിട്ടാണ് സിനിമ എത്തിയത്. ദീപാവലി റിലീസായി ഒക്ടോബർ 31 ആണ് ചിത്രം തിയറ്ററുകളിലെത്തിയത്. മീനാക്ഷി ചൗധരിയായിരുന്നു ചിത്രത്തിൽ നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.