കുറുപ്പ്​ നവംബർ 12ന്​ തിയറ്ററുകളിൽ? സെക്കന്റ് ഷോകൾക്ക് അടക്കം അനുമതി

പിടികിട്ടാപുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിതം ആസ്​പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന 'കുറുപ്പ്' നവംബർ 12ന്​ തിയറ്ററിൽ എത്തുമെന്ന്​ റിപ്പോർട്ട്​. നവംബറിൽ സിനിമ പുറത്തിറക്കുമെന്ന്​ നേരത്തേ സിനിമയുടെ അണിയറക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ റിലീസ് തിയതി ഇനിയും പുറത്തുവിട്ടിട്ടില്ല.

മന്ത്രി സജി ചെറിയാനുമായി തിയറ്റര്‍ ഉടമകള്‍ നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നത്. സംസ്ഥാനത്ത് മൾട്ടിപ്ലക്​സ്​ ഉൾപ്പെടെയുള്ള സിനിമാ തിയറ്ററുകള്‍ തിങ്കളാഴ്​ച തന്നെ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്​. ആദ്യഘട്ടത്തിൽ 50 ശതമാനം പ്രവേശനത്തിന് മാത്രമാണ് അനുമതി.സെക്കന്റ് ഷോകൾക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്. സിനിമ സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകി.


തിയറ്ററുകള്‍ തിങ്കളാഴ്​ച തുറക്കുമെങ്കിലും മലയാള സിനിമകളുടെ റിലീസ് വൈകും. ജയിംസ് ബോണ്ട് ചിത്രമായ നോടൈം ടു ഡൈ. വെനം ടു എന്നിവയാകും തിങ്കളാഴ്​ച പ്രദര്‍ശനത്തിനെത്തുക. നവംബര്‍ ആദ്യവാരം മുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളിലെത്തും. കുറുപ്പിനൊപ്പം ജോജു ജോർജ് നായകനാകുന്ന സ്റ്റാർ, വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന മിഷൻ സി, കാവല്‍, അജഗജാന്തരം, ഭീമന്‍റെ വഴി, തുടങ്ങിയ മലയാള ചിത്രങ്ങളാവും ആദ്യം തിയറ്ററുകളിലെത്തുക.

രജനീകാന്തിന്‍റെ അണ്ണാതെ, വിശാൽ ചിത്രം എനിമി, അക്ഷയ് കുമാർ ചിത്രം സൂര്യവൻശി എന്നീ ഇതരഭാഷാ ചിത്രങ്ങളും കേരളത്തിലെ തിയറ്ററുകളിലുമെത്തും. വിനോദ നികുതിയിൽ ഇളവ് നൽകണം, തിയറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെ.എസ്.ഇ.ബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയിൽ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ സർക്കാരിന് മുന്നിൽ ഉന്നയിച്ചത്.തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറല്‍ ബോഡി ശനിയാഴ്​ച കൊച്ചിയില്‍ ചേരും. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിൽ 25ന് അടച്ച തിയറ്ററുകൾ ആറുമാസത്തിനു ശേഷമാണ് തുറക്കുന്നത്.


ദുൽഖർ സൽമാൻ ആണ് കുറുപ്പിൽ സുകുമാരകുറുപ്പായി വേഷമിടുന്നത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്​ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിമാണ്​ കുറുപ്പ്​. സിനിമയുടെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമിച്ചത്.

മൂത്തോൻ എന്ന ചിത്രത്തിലെ നായികയായ ശോഭിത ധുലി പാലയാണ് 'കുറുപ്പി'ൽ നായികയാവുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ , സുരഭി ലക്ഷ്​മി, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ദുൽഖർ സൽമാന്റെ അരങ്ങേറ്റചിത്രമായ 'സെക്കൻഡ് ഷോ'യുടെ സംവിധായകൻ കൂടിയാണ് ശ്രീനാഥ് രാജേന്ദ്രൻ.

കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു. ജിതിൻ കെ ജോസി​െൻറ കഥക്ക്​ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും 'കുറുപ്പി'ന് പിന്നിലുണ്ട്. 'കമ്മാരസംഭവ'ത്തിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ്​.

Tags:    
News Summary - malayalam movie kurup reported to be released on november 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.