സമൂഹ മാധ്യമങ്ങളിൽ എന്നും നിറഞ്ഞുനിൽക്കുന്ന താരമാണ് മലയാളികളുടെ പ്രിയനടൻ ദുൽഖർ സൽമാൻ. വാപ്പ മമ്മൂട്ടിയുടെയും ഉമ്മ സുൽഫത്തിന്‍റെയും ഭാര്യ അമാലിന്‍റെയും മകള്‍ മറിയത്തിന്‍റെയും ചിത്രങ്ങൾ ദുൽഖർ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. എന്നാൽ, സഹോദരി സുറുമിക്കൊപ്പമുള്ള ചിത്രങ്ങള്‍ ദുൽഖര്‍ അധികം പങ്കുവെച്ചിരുന്നില്ല. ഇപ്പോൾ ആ പതിവ് തെറ്റിച്ച് സുറുമിയുടെ പിറന്നാള്‍ ദിനത്തിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രവും ഹൃദയസ്പർശിയായ കുറിപ്പും പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ.
സഹോദരി എന്നതിലുപരി സുറുമി അമ്മയെ പോലെയാണെന്നും സുറുമിയുടെ ആദ്യ മകനെ പോലെയാണ് താനെന്നും ദുൽഖർ പറയുന്നു. സുറുമിയാണ് ഞങ്ങളുെട ഏറ്റവും വലിയ അനുഗ്രഹമെന്നും ദുൽഖർ കുറിച്ചു. ദുൽഖറിന്‍റെ കുറിപ്പിന്‍റെ പൂർണരൂപം-
'സാധാരണ ഞാനിത് ചെയ്യാറില്ല. നിങ്ങളുടെ സ്വകാര്യതയെ മാനിച്ചാണത്. എന്‍റെ ചുമ്മിത്താത്തയ്ക്ക്/ഇത്തായ്ക്ക്/താത്സിന് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു. നിങ്ങൾ എന്‍റെ ഏറ്റവും പഴയ സുഹൃത്താണ്. സഹോദരി എന്നതിലുപരി അമ്മയാണ്. ഞാൻ നിങ്ങളുടെ ആദ്യത്തെ മകനെ പോലെയുമാണ്. നിങ്ങൾ വളരെ മനോഹരമായി കൈകാര്യം ചെയ്തുകൊണ്ടുപോകുന്ന നിരവധി റോളുകളും നമ്മുടെ പ്രിയപ്പെട്ട ഓർമ്മകളും ഞാനിവിടെ കുറിക്കാൻ ആഗ്രഹിക്കുന്നു.
ഞാൻ കൊണ്ട് കളയാതിരിക്കാൻ പപ്പ മാറ്റി വയ്ക്കുന്ന കളിപ്പാട്ടങ്ങൾ എനിക്കായി കട്ടെടുക്കുന്ന എന്‍റെ ക്രൈം പാർട്ണർ. നമുക്ക് മാത്രം മനസിലാകുന്ന കളികൾ കളിക്കുന്നതും തമാശകൾ പറയുന്നതും. ചെറുപ്പം മുതൽ സിനിമയോടും സംഗീതത്തോടും കാർട്ടൂണുകളോടും പൊതുവായി നമ്മൾ കാണിക്കുന്ന ഇഷ്ടം. ഞാൻ പ്രശ്നത്തിലകപ്പെടുമ്പോൾ എനിക്ക് നൽകുന്ന പിന്തുണ. മികച്ച മകൾ, സഹോദരി, സുഹൃത്ത്, മരുമകൾ, ചെറുമകൾ, ഭാര്യ, അമ്മ. അമുവിനും എന്‍റെ എല്ലാ സുഹൃത്തുക്കൾക്കും ഇത്ത.
പക്ഷെ എന്‍റെ മറിയത്തിന്‍റെ അമ്മായി എന്ന റോളാണ് ഇതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. എല്ലാ സമയത്തും അതെന്‍റെ ഹൃദയത്തെ ഊഷ്മളമാക്കുന്നു. എനിക്കറിയാം, ഈ നാളുകളിൽ ഞാനൽപം തിരക്കിലായിരുന്നു. അതുകൊണ്ട് എനിക്ക് നിങ്ങളെ അധികം കണ്ടുമുട്ടാൻ സാധിച്ചിട്ടില്ല. പക്ഷേ, നമുക്കറിയാം അത് ഒന്നിനേയും മാറ്റിയിട്ടില്ലെന്ന്. സന്തോഷം നിറഞ്ഞ വർഷമാകട്ടെ ഇതെന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം- ജന്മദിനാശംസകൾ ഇത്ത'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.