വിലക്ക് പിൻവലിച്ചു; ദുല്‍ഖറിന്റെ സീതാരാമത്തിന് യു.എ.ഇയില്‍ പ്രദര്‍ശനാനുമതി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സീതാരാമത്തിന് യുഎഇയില്‍ പ്രദര്‍ശനാനുമതി ലഭിച്ചു. യുഎഇയില്‍ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിതിന് ശേഷമാണ് പ്രദര്‍ശനാനുമതി ലഭിച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന് ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയിരുന്നു.

ആഗസ്റ്റ് അഞ്ചിനാണ് സീതാരാമം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് സീതാരാമത്തിന്റെ ആഗോള ബോക്‌സ് ഓഫിസ് കളക്ഷന്‍ മുപ്പത് കോടിക്ക് അടുത്തെത്തിയിരുന്നു. തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ഒരു മലയാളി താരത്തിന്റെ ചിത്രം ഇത്രയധികം ചലനം സൃഷ്ടിക്കുന്നത് ഇത് ആദ്യമാണ്. സീതാരാമത്തിലൂടെ യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോര്‍ഡും ദുല്‍ഖര്‍ സ്വന്തമാക്കിയിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

Tags:    
News Summary - Dulquer Salmaan Movie Sita Ramam release In UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.