പ്രദീപ് രംഗനാഥൻ ചിത്രം 'ഡ്യൂഡ്' ഒ.ടി.ടിയിലേക്ക്; എവിടെ കാണാം?

'ഡ്രാഗന്' ശേഷമെത്തുന്ന പ്രദീപ് രംഗനാഥൻ ചിത്രം 'ഡ്യൂഡ്' ഒ.ടി.ടിയിലേക്ക്. യുവ താരങ്ങളിൽ ശ്രദ്ധേയായ മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 17നാണ് തിയേറ്ററുകളിലെത്തിയത്. നെറ്റ്ഫ്ലിക്സ് ഡ്യൂഡിന്റെ ഔദ്യോഗിക സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിട്ടുണ്ട്. നവംബർ 14ന് ഹിന്ദി ഉൾപ്പെടെ ഒന്നിലധികം ഭാഷകളിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മമിതയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'ഡ്യൂഡ്'. രസകരമായൊരു വേഷത്തിൽ ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇ4 എന്‍റർടെയ്ൻമെന്‍റാണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. പ്രദീപിന്‍റെ മുൻ സൂപ്പർ ഹിറ്റ് സിനിമകളായ 'ലവ് ടുഡേ', 'ഡ്രാഗൺ' തുടങ്ങിയവയും കേരളത്തിൽ വിതരണത്തിനെത്തിച്ചിരുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് തന്നെയായിരുന്നു.

യുവാക്കള്‍ക്കിടയിൽ വലിയ രീതിയിൽ ഫാൻ ഫോളോയിങ് ഉള്ള താരമാണ് പ്രദീപ് രംഗനാഥനെന്നും മലയാളത്തിലെ യൂത്ത് സെൻസേഷൻ മമിത ബൈജുവും ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നതും സായ് അഭ്യങ്കറിന്‍റെ പാട്ടുകളുമൊക്കെ ഡ്യൂഡിനെ ഈ ദീപാവലി സീസണിലെ ഏവരും ഏറെ കാത്തിരിക്കുന്ന ചിത്രമാക്കിയിരിക്കുകയാണെന്നും ഇ ഫോർ എന്‍റടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ. മെഹ്ത പറയുന്നു.

ഡ്യൂഡ് രണ്ട് ദിനം കൊണ്ട് 45 കോടി വേൾഡ് വൈഡ് കലക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ദീപാവലി റിലീസുകളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സിനിമയായി 'ഡ്യൂഡ്' മാറി. സാക്നിൽക് വെബ്‌സൈറ്റിന്റെ കണക്കുകൾ പ്രകാരം, ഡ്യൂഡ് പത്താം ദിവസം വിവിധ ഭാഷകളിലായി 3.25 കോടി രൂപ നേടി. ഇതോടെ ഇന്ത്യയിലെ മൊത്തം കലക്ഷൻ 64.90 കോടി രൂപയായി

ഹ്രസ്വ സിനിമകളിലൂടെ എത്തി സംവിധായകനായി പിന്നീട് നടനായി മാറിയ പ്രദീപ് രംഗനാഥന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. പ്രദീപ് എഴുതി സംവിധാനം നിർവ്വഹിച്ച 'കോമാലി'യും 'ലൗവ് ടു‍ഡേ'യും വലിയ വിജയമായിരുന്നു. നായകനായെത്തിയ 'ലൗവ് ടുഡേ', 'ഡ്രാഗൺ' സിനിമകളും പ്രേക്ഷകരേവരും ഏറ്റെടുത്തിരുന്നു. കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ആർ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍.

Tags:    
News Summary - 'Dude' to OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.