ഷിനോജ് ഫേസ് ബുക്കിൽ പങ്കുവെച്ച ചിത്രം
മലയാളത്തിന്‍റെ പകരം വെക്കാനില്ലാത്ത കലാകാരൻ ശ്രീനിവാസന്‍റെ വേർപാടിൽ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടന്‍റെ പേഴ്സണൽ ഡ്രൈവറായ ഷിനോജ്. ഒരു ഡ്രൈവർ എന്നതിലുപരി സ്വന്തം മക്കളെ പോലെ സ്നേഹിച്ച വ്യക്തിയായിരുന്നു ശ്രീനിവാസൻ എന്ന് ഷിനോജ് കുറിച്ചു. ശ്രീനിവാസനാണ് ചോറ്റാനിക്കരയിൽ ഷിനോജിന് സ്ഥലം വാങ്ങി വീട് വെച്ച് നൽകിയത്. ഈ വീടിന്‍റെ ഗൃഹപ്രവേശ ചടങ്ങുകൾക്ക് ശ്രീനിവാസൻ കുടുംബസമേതം എത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. നടന്‍റെ മരണാന്തര ചടങ്ങിലും ഷിനോജ് പ്രധാന സാന്നിധ്യം വഹിച്ചിരുന്നു.
'പ്രിയപ്പെട്ട ശ്രീനി സർ... ഒരുപാട് ഇഷ്ട്ടമായിരുന്നു സാറിന്റെ കൂടെയുള്ള യാത്രകൾ. ഇക്കാല മത്രയും ഒരു ഡ്രൈവർ ആയിട്ടല്ല സാറിന്റെ മക്കളെ പോലെ തന്നെ എന്നെ കണ്ടു സ്നേഹിച്ചു. ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ ഇന്നേവരെ എന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ല. ഷിനോജിനു എന്ത് ആവിശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാമതി ജീവിതത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് എപ്പോഴും പറയാറുള്ള ശ്രീനി സർ ഇപ്പൊ കൂടെ ഇല്ല.
ആവിശ്യങ്ങൾ ഒന്നും തന്നെ ഒരിക്കലും ഞാൻ ചോദിക്കില്ല എന്ന് സാറിന് അറിയാവുന്നത് കൊണ്ടായിരിക്കാം വിനീതേട്ടനോടും ധ്യാനിനോടും പറഞ്ഞ് ചോറ്റാനിക്കരയിൽ സ്ഥലം വാങ്ങി വീട് വെച്ച് തന്നത്... എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം, ദി ഗിഫ്റ്റ് ഓഫ് ലജന്‍റ്. സാറിനെ പൊന്ന് പോലെ നോക്കിയ വിമല ടീച്ചറെ ഒരിക്കലും മറക്കാൻ കഴിയില്ല, ചേച്ചിക്ക് സാറായിരുന്നു ലോകം...
എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവിശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുതേ സർ. എന്നും ഓർമ്മിക്കാൻ ഒരു പാട് നല്ല ഓർമ്മകൾ സമ്മാനിച്ച ശ്രീനി സാറിന് ഹൃദയം നിറഞ്ഞ നന്ദി' -ഷിനോജ് ഫേസ് ബുക്കിൽ കുറിച്ചു.
രോഗബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന ശ്രീനിവാസൻ ഈ മാസം 21ന് ആണ് അന്തരിച്ചത്. രാവിലെ ഡയാലിസിസിനായി കൊണ്ടുപോകും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.