സംവിധായകൻ ഹരികുമാർ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അന്ത്യം. എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ സുകൃതം അടക്കം ശ്രദ്ധേയങ്ങളായ സിനിമകൾ സംവിധാനം ചെയ്ത ഹരികുമാർ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആദ്യ ചെയർമാനായും രണ്ടുതവണ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം പാലോടിനു സമീപം കാഞ്ചിനടയിൽ രാമകൃഷ്ണപിള്ള- അമ്മുക്കുട്ടിയമ്മ ദമ്പതികളുടെ മകനായ ഹരികുമാർ പത്താം ക്ലാസുവരെ ഭരതന്നൂർ സ്കൂളിലായിരുന്നു പഠിച്ചത്. തുടർന്ന് തിരുവനന്തപുരത്ത് സിവിൽ എൻജിനീയറിങ് പഠിച്ചു. എൻജിനീയറിങ് പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോൾ സിനിമാക്കാഴ്ച കുറച്ചുകൂടി സജീവമായി. ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര പ്രദർശനങ്ങൾ പതിവായി കണ്ടിരുന്നു.

അസിസ്റ്റന്‍റ് എൻജിനീയറായി ജോലി കിട്ടി ‍‍‍കൊല്ലത്തെത്തിയപ്പോൾ സംവേദന ഫിലിം ഫോറത്തിന്‍റെ ഭാഗമായി. അവയെല്ലാം പിൽക്കാലത്ത് ഹരികുമാർ എന്ന സംവിധായകനെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. പെരുമ്പടവം ശ്രീധരന്‍റെ തിരക്കഥയിൽ 1981ൽ പുറത്തിറങ്ങിയ ആമ്പൽപ്പൂവാണ് ആദ്യചിത്രം. സദ്ഗമയ, ക്ലിന്‍റ്, എഴുന്നള്ളത്ത്, ജാലകം, ഊഴം, ഒരു സ്വകാര്യം, പുലര്‍വെട്ടം, അയനം, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ എന്നിവയടക്കം 18 ചിത്രങ്ങളാണ് സംവിധാനം ചെയ്തത്.

എം.ടി. വാസുദേവൻ നായരുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി 1994ല്‍ പുറത്തിറക്കിയ സുകൃതത്തിന്റെ സംവിധായകൻ എന്ന നിലയിലാണ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. ദേശീയ പുരസ്കാരങ്ങളടക്കം 42 ചലച്ചിത്ര അവാർഡുകളാണ് സുകൃതം സ്വന്തമാക്കിയത്. ആറു സംസ്ഥാന പുരസ്കാരങ്ങളും. എട്ട് ഡോക്യുമെന്‍ററിയും രണ്ട് ടെലിഫിലിമും സംവിധാനം ചെയ്തു. രാച്ചിയമ്മ എന്ന ടെലിഫിലിം സംസ്ഥാന പുരസ്കാരം നേടി. സാഹിത്യകാരൻ എം. മുകുന്ദന്‍റെ രചനയില്‍ സുരാജ് വെഞ്ഞാറമൂടും ആൻ അഗസ്റ്റിനും അഭിനയിച്ച് 2022ൽ പുറത്തിറങ്ങിയ ‘ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ’യാണ് അവസാന ചിത്രം.

ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: അമ്മു, ഗീതാഞ്ജലി. ചൊവ്വാഴ്ച 11.30ന് മൃതദേഹം ഭാരത് ഭവനിൽ പൊതുദർശനത്തിനു വെക്കും. 2.30ന് ശാന്തികവാടത്തിലാണ് സംസ്കാരം.

‘മധ്യവര്‍ത്തി സിനിമാപ്രസ്ഥാനത്തിന്റെ പ്രയോക്താവ്’

ഹരികുമാറിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കലാമൂല്യവും വാണിജ്യമൂല്യങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ച മലയാളത്തിലെ മധ്യവര്‍ത്തി സിനിമാപ്രസ്ഥാനത്തിന്റെ ശക്തരായ പ്രയോക്താക്കളില്‍ ഒരാളായിരുന്നു ഹരികുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

‘‘മുഖ്യധാരയ്ക്കും വിപണിയോട് ഒത്തുതീര്‍പ്പുകളില്ലാത്ത ശുദ്ധകലാസിനിമയ്ക്കും മധ്യേ മറ്റൊരു സിനിമ സാധ്യമാണ് എന്ന് തെളിയിച്ച ചലച്ചിത്രകാരന്മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. സാമാന്യജനങ്ങള്‍ക്ക് ആസ്വദിക്കാവുന്ന മസാലച്ചേരുവകളില്ലാത്ത നല്ല സിനിമകള്‍ സാധ്യമാണെന്ന് തെളിയിച്ച അദ്ദേഹം കഴിഞ്ഞ നാലുപതിറ്റാണ്ടായി ചലച്ചിത്രരംഗത്തെ സജീവസാന്നിധ്യമായിരുന്നു. 40 വര്‍ഷങ്ങള്‍ക്കിടയില്‍ ചെയ്ത 18 സിനിമകളും വ്യത്യസ്തമായ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നവയാണ്.

എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത 'സുകൃതം' ആണ് മാസ്റ്റര്‍ പീസ്. ലോഹിതദാസിന്റെ തിരക്കഥയെ ആസ്പദമാക്കിയുള്ള 'ഉദ്യാനപാലകന്‍', ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ രചനയെ ആധാരമാക്കിയുള്ള 'ജാലകം', എം.മുകുന്ദന്റെ കഥയെ ഉപജീവിച്ചുകൊണ്ടുള്ള 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ', ചിത്രരചനാരംഗത്തെ വിസ്മയമായ ബാലനെക്കുറിച്ചുള്ള 'ക്‌ളിന്റ്' തുടങ്ങിയ സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്.’’– മുഖ്യമന്ത്രി പറഞ്ഞു.

ഹരികുമാറിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. വാണിജ്യ സിനിമയുടെ ചട്ടക്കൂടുകൾക്ക് പുറത്ത് കലാമൂല്യത്തിൻ്റെ നിറവ് കണ്ടെത്തിയ സംവിധായകനായിരുന്നു ഹരികുമാർ. സുകൃതം എന്ന ചലച്ചിത്രം മാത്രം മതി ഹരികുമാർ എന്ന സംവിധായകൻ്റെ പ്രതിഭ മനസിലാക്കാൻ. ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് അങ്ങനെ എത്രയെത്ര ഹിറ്റുകൾ. എം.ടി വാസുദേവൻ നായർ അടക്കമുള്ള എണ്ണം പറഞ്ഞ സാഹിത്യകാരൻമാരുടെ സൃഷ്ടികൾ ഹരി കുമാറിൻ്റെ സംവിധാന മികവിൽ കലാതിവർത്തിയായ ചലച്ചിത്രങ്ങളായി.

അനുഗ്രഹീതനായ ഒരു കലാകാരനെയാണ് ഹരികുമാറിൻ്റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്ക് ചേരുന്നു.

Tags:    
News Summary - Director Harikumar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.