'രണബാലി' സെറ്റിൽ നവ ദമ്പതികൾക്ക് വരവേൽപ്പ്; ഷൂട്ടിങിന് ഒന്നിച്ചെത്തി വിരോഷ്

തെന്നിന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന ചിത്രം 'രണബാലി''യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അടുത്തിടെ വിവാഹിതരായ താരദമ്പതികൾക്ക് സിനിമയുടെ സെറ്റിൽ ഗംഭീര വരവേൽപ്പാണ് അണിയറപ്രവർത്തകർ നൽകിയത്. ചിത്രത്തിൽ 'രണബാലി'യായി അഭിനയിക്കുന്ന വിജയ്‌യും 'ജയമ്മ'യായെത്തുന്ന രശ്മികയും വിവാഹത്തിന് ശേഷം ലൊക്കേഷനിൽ തിരിച്ചെത്തിയപ്പോഴായിരുന്നു ഈ സർപ്രൈസ് സ്വീകരണം.

നവദമ്പതികളെ, കേക്ക് മുറിച്ചും പൂച്ചെണ്ടുകൾ നൽകിയുമാണ് ടീം രണബലി സ്വീകരിച്ചത്. ഇവരുടെ കെമിസ്ട്രി വീണ്ടും സ്ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. 'വിവാഹമംഗളാശംസകൾ മിസ്റ്റർ ആൻഡ് മിസിസ് രണബാലി' എന്നാണ് അണിയറപ്രവർത്തകർ ഇവരുടെ ചിത്രങ്ങളോടൊപ്പം കുറിച്ചത്. ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാഹുൽ സങ്ക്രിത്യൻ സംവിധാനം ചെയ്യുന്ന 'രണബാലി'. സെപ്റ്റംബർ 11നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന, എന്നാൽ ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്താത്ത ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത് എന്നാണ് സൂചന. ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനേക്കാൾ ഭീകരമായ വംശഹത്യകളും ഇന്ത്യയിലെ സാമ്പത്തിക ചൂഷണവും ഗ്ലിംപ്‌സിൽ സൂചിപ്പിക്കുന്നുണ്ട്. സർ റിച്ചാർഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥർ ഇന്ത്യയെ എങ്ങനെയാണ് വരൾച്ചാ മേഖലയാക്കി മാറ്റിയതെന്ന വൈകാരികമായ വസ്‌തുതകളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നാണ് സൂചനകൾ.

ചിത്രത്തിൽ 'രണബാലി' എന്ന പോരാളിയായി തീപ്പൊരി ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. കുതിരപ്പുറത്തിരുന്ന് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ റെയിൽവേ ട്രാക്കിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന രംഗം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. 'ഗീതാ ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

'ദി മമ്മി' എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടൻ അർനോൾഡ് വോസ്ലൂ ആണ് ചിത്രത്തിലെ പ്രധാന വില്ലൻ. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായി അദ്ദേഹം വേഷമിടുന്നു. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ചേർന്നാണ് അവതരിപ്പിക്കുന്നത്. ഇതൊരു ബയോപിക് അല്ലെന്നും മറിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. പാൻ-ഇന്ത്യൻ തലത്തിൽ പുറത്തിറങ്ങുന്ന 'രണബലി' ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ പ്രോജക്റ്റുകളിൽ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

നിർമാതാക്കൾ: നവീൻ യേർനേനി വൈ രവിശങ്കർ, സഹ നിർമാതാവ്: അനുരാഗ് പർവ്വതനേനി, സഹ നിർമാതാവ്: ശിവ ചനാന, പ്രസിഡന്‍റ് (ടി-സീരീസ്): നീരജ് കല്യാൺ, സി.ഇ.ഒ: ചെറി, സംഗീതം: അജയ് - അതുൽ, കാമറ: നീരവ് ഷാ, എഡിറ്റിങ്: കാർത്തിക ശ്രീനിവാസ് ആർ, രചന: പ്രമോദ് തമ്മിനേനി, പ്രൊഡക്ഷൻ ഡിസൈനർ: ശിവം റാവു നാഗസനി, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ ചന്ദ്രശേഖർ,

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചെമ്പോലു സായി ആദിത്യ, കൊറിയോഗ്രാഫി ഡയറക്ടർ: ക്രുതി മഹേഷ്, കോസ്റ്റ്യൂം ഡിസൈനർ: അർച്ചന റാവു, കലാസംവിധായകൻ: വിത്തൽ കോശം, VFX സൂപ്പർവൈസർ: സുനിൽ രാജു ചിന്ത, ആക്ഷൻ കൊറിയോഗ്രാഫർമാർ: യാനിക്ക് ബെൻ, ആൻഡി ലോംഗ് ഗുയെൻ, റാബിൻ സുബ്ബു, സൗണ്ട് ഡിസൈനർ: രഘുനാഥ് കെമിസെറ്റി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലിയ, പി.ആർ.ഒ ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ഫസ്റ്റ് ഷോ.

Tags:    
News Summary - New couple welcomed on the sets of 'Ranabali'; Virosh joins them for shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.