'ഇതൊരു തമാശയല്ല, ഞാൻ രാഷ്ട്രീയത്തിനുള്ള അടിത്തറ പാകുകയാണ്'; ഫാൻ ക്ലബ്ബിനെ രാഷ്ട്രീയ പ്രസ്ഥാനമാക്കുന്നതിനെക്കുറിച്ച് 2011-ൽ വിജയ് പറഞ്ഞത്

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ തമിഴക വെട്രി കഴകത്തിന്റെ ചരിത്രവിജയത്തിനും വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റതിനും വർഷങ്ങൾക്കു മുൻപ് തന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ചും ആരാധക വൃന്ദത്തെ ഒരു രാഷ്ട്രീയ ശക്തിയായി വളർത്തിയെടുക്കുന്നതിനെക്കുറിച്ചും വിജയ് തുറന്നു പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താൻ എന്തുകൊണ്ടാണ് കൃത്യമായ സമയത്തിനായി കാത്തിരുന്നതെന്നും അദ്ദേഹം അന്ന് വ്യക്തമാക്കി.

സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ വിജയ് 2026 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്‍റെ രാഷ്ട്രീയ പ്രസ്ഥാനമായ തമിഴക വെട്രി കഴകത്തിലൂടെ തരംഗം സൃഷ്ടിക്കുകയും തന്നെ ചെറുതായി കണ്ട രാഷ്ട്രീയ എതിരാളികൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് കേവല ഭൂരിപക്ഷത്തോടെ വിജയിച്ച് മുഖ്യമന്ത്രിയാവുകയും ചെയ്തു. ടി.വി.കെ നിർണ്ണായക ചലനമുണ്ടാക്കില്ല എന്ന് പ്രവചിച്ച രാഷ്ട്രീയ നിരീക്ഷകരെയും എക്സിറ്റ് പോളുകളെയും ഞെട്ടിച്ചായിരുന്നു ഈ മുന്നേറ്റം.

2000-കളുടെ അവസാനത്തോടെ തന്നെ വിജയിയുടെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും 2024 ആദ്യത്തോടെയാണ് അദ്ദേഹം ഔദ്യോഗികമായി ടി.വി.കെ രൂപീകരിക്കുന്നത്. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി തന്‍റെ 69-ാമത് ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിരമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വലിയ സെൻസർഷിപ്പ് വിവാദങ്ങൾക്കൊടുവിൽ തിയറ്ററുകളിലെത്തിയ 'ജനനായകൻ' എന്ന ചിത്രമായിരുന്നു അത്.

ഇന്ന് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദവിയിലെത്തിനിൽക്കുന്ന വിജയ് തന്‍റെ മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെ മുൻപ് കോടതിയെ സമീപിച്ച സംഭവം ഏറെ ശ്രദ്ധേയമാണ്. വിജയിയുടെ പിതാവും പ്രശസ്ത സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ 'ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം' എന്ന പേരിൽ ഇലക്ഷൻ കമ്മീഷനിൽ ഒരു രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്തപ്പോഴായിരുന്നു ഇത്. 2020-ൽ ഉയർന്ന ആ വിവാദ കാലയളവിൽ ആ പാർട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിജയ് പരസ്യമായി പ്രഖ്യാപിച്ചു. എന്നാൽ നാല് വർഷങ്ങൾക്ക് ശേഷം സ്വന്തമായി ടി.വി.കെ ആരംഭിച്ചുകൊണ്ട് തന്‍റെ രാഷ്ട്രീയ ലക്ഷ്യം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

ശരിയായ സമയത്ത് മാത്രമേ താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കൂ എന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന വിജയ് തന്‍റെ ശക്തമായ ആരാധകവൃന്ദം കെട്ടിപ്പടുത്തത് രാഷ്ട്രീയത്തിലേക്കുള്ള വലിയൊരു നീക്കത്തിന്‍റെ ഭാഗമായിട്ടാണെന്ന് മുൻപ് തന്നെ തുറന്നു സമ്മതിച്ചിരുന്നു. 2011-ൽ വിജയ് നൽകിയ ഒരു അഭിമുഖത്തിൽ എന്തുകൊണ്ടാണ് താൻ അന്ന് രാഷ്ട്രീയത്തിലേക്ക് ഉടൻ ഇറങ്ങാൻ മടിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

'ഇപ്പോഴത്തെ എന്റെ ശ്രദ്ധയും ലക്ഷ്യവും സിനിമ മാത്രമാണ്, അതിൽ മാറ്റമൊന്നുമില്ല. അടുത്തത് ഏത് സിനിമ ചെയ്യണം, ഏത് രീതിയിൽ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. എനിക്കൊരു നടനാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ജനങ്ങൾ എന്നെ ഇത്രയും വലിയൊരു സ്ഥാനത്ത് കൊണ്ടുപോയി ഇരുത്തുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. സമയം ഇതിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്' വിജയ് തുടർന്നു പറഞ്ഞു.

'അതുപോലെ ഞാൻ ഒരു പ്രത്യേക സ്ഥാനത്ത് എത്തുന്ന ഒരു ഘട്ടം വരും. അതിന് സമയവും സാഹചര്യവും സ്ഥലവും എല്ലാം ഒത്തുവരണം. അപ്പോൾ ഞാൻ തീർച്ചയായും ആ ദൗത്യം ഏറ്റെടുക്കും. തമിഴ്‌നാട്ടിലെ ജനങ്ങൾക്കായി എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് നിർബന്ധമുണ്ട്. അതിൽ ഞാൻ ഉറച്ചുനിൽക്കുന്നു. എന്നാൽ ഇപ്പോൾ ഞാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ചോദിച്ചാൽ എന്‍റെ പക്കൽ ഉത്തരമില്ല. എനിക്ക് രാഷ്ട്രീയത്തിൽ താല്പര്യമുണ്ട് പക്ഷേ അതിന് പറ്റിയ സമയമല്ലിത്. എന്നെ ഈ മികച്ച നിലയിൽ എത്തിച്ച സമയം തന്നെ എന്നെ അവിടെയും കൊണ്ടുപോയി ഇരുത്തും. ആ അവസരം വരാൻ ഇനിയും സമയമുണ്ട്. എന്തായാലും അതിനുള്ള സമയമല്ലിത്' അദ്ദേഹം കൂട്ടിച്ചേർത്തു.

'ഞാൻ രാഷ്ട്രീയത്തിനുള്ള അടിത്തറ പാകുകയാണ്. ഇതൊരു തമാശയല്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടോ അല്ലെങ്കിൽ എഴുതുന്നത് കണ്ടോ എനിക്ക് പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനാകില്ല. എന്‍റെ ആരാധകവൃന്ദത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്നതിനാണ് ഞാൻ ഇപ്പോൾ മുൻഗണന നൽകുന്നത്. അതിനായി ഞാൻ നിരന്തരം പ്രവർത്തിക്കുന്നു. പണ്ട് വെറുമൊരു ഫാൻസ് അസോസിയേഷനായിരുന്നത് ഇപ്പോൾ ഒരു മക്കൾ ഇയക്കമായി (ജനകീയ പ്രസ്ഥാനം) മാറിയിരിക്കുന്നു. ഞാൻ അതിനെ ഇനിയും ശക്തമാക്കിക്കൊണ്ടേയിരിക്കും' വിജയ് പറഞ്ഞു.

Tags:    
News Summary - Vijay planning to convert fan club into political party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.