വിജയ്
വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപുള്ള അവസാന ചിത്രമായ ‘ജനനായകൻ’ തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച് പ്രദർശനം തുടരുകയാണ്. സെൻസർ ബോർഡ് അനുമതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കാരണം ജനുവരി 9ൽ നിന്ന് റിലീസ് മാറ്റി വെച്ച ചിത്രം, ജൂലൈ 23നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തിയത്.
റിലീസ് ചെയ്ത് ദിവസങ്ങൾക്കകം ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടുമ്പോൾ, ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു സുപ്രധാന വാർത്തയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ എച്ച്. വിനോദ്. ചെന്നൈയിൽ സംഘടിപ്പിച്ച ‘ജനനായകൻ’ വിജയാഘോഷ ചടങ്ങിലാണ് ചിത്രത്തിൽ നിന്നും ഒഴിവാക്കിയ ആറ് രംഗങ്ങൾ അടുത്ത ആഴ്ച മുതൽ തിയറ്ററുകളിൽ വീണ്ടും ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന വിവരം സംവിധായകൻ പങ്കുവെച്ചത്.
സിനിമയുടെ ദൈർഘ്യം ക്രമീകരിക്കുന്നതിന്റെ ഭാഗമായി എഡിറ്റിങ്ങിൽ ഒഴിവാക്കേണ്ടി വന്ന ആറ് സീനുകളാണ് തിയറ്ററുകളിൽ തിരികെയെത്തുന്നത്. ഞങ്ങൾ എഡിറ്റ് ചെയ്ത് മാറ്റിവെച്ച ആറ് സീനുകളുണ്ട്. അതിൽ വിജയ് സാറിന്റെ രണ്ട് കോമഡി സീനുകൾ, രണ്ട് മാസ് ആക്ഷൻ രംഗങ്ങൾ, രണ്ട് ഇമോഷണൽ സീനുകൾ എന്നിവ ഉൾപ്പെടുന്നു എച്ച്. വിനോദ് വെളിപ്പെടുത്തി. ഈ രംഗങ്ങൾ തിയേറ്ററുകളിൽ എപ്പോൾ കണ്ട് തുടങ്ങാം എന്ന് നിർമാതാക്കളാണ് തീരുമാനിക്കേണ്ടതെന്നും, അടുത്ത ആഴ്ചയോടെ ഇത് ഉൾപ്പെടുത്താൻ താൻ പൂർണ്ണമായും സജ്ജനാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
റിലീസ് ചെയ്ത് വെറും നാല് ദിവസങ്ങൾക്കുള്ളിൽ തന്നെ ‘ജനനായകൻ’ ആഗോള ബോക്‌സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു. ഈ അടുത്ത കാലത്തിറങ്ങിയ ‘ഡ്രാഗൺ’, ‘സിക്കന്ദർ’ തുടങ്ങിയ വൻകിട ചിത്രങ്ങളുടെ കലക്ഷൻ റെക്കോർഡുകളെ മറികടന്നാണ് വിജയ് യുടെ ഈ വിടവാങ്ങൽ ചിത്രം ബോക്സ് ഓഫീസിൽ കുതിച്ചുയരുന്നത്.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമിച്ച് എച്ച്. വിനോദ് സംവിധാനം ചെയ്ത ‘ജനനായകൻ’ ഒരു പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയാണ്. 2023ൽ തെലുങ്കിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം 'ഭഗവന്ത് കേസരി'യുടെ തമിഴ് റീമേക്കാണിത്. ഒഴിവാക്കിയ രംഗങ്ങൾ കൂടി അടുത്ത ആഴ്ചയോടെ സ്ക്രീനിൽ എത്തുന്നതോടെ തിയേറ്ററുകളിലെ ആവേശം ഇരട്ടിയാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകരും ആരാധകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.