ഇന്ദ്രജിത്ത്, ലിജോ ജോസ് പെല്ലിശ്ശേരി

പകരം ചോദിക്കാൻ വരദനുണ്ണി വീണ്ടും അരങ്ങിലേക്ക്; ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നായകൻ' റീ-റിലീസ് തിയതി പ്രഖ്യാപിച്ചു

തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് കണക്കുചോദിക്കാൻ പതിനാറ് വർഷങ്ങൾക്ക് ശേഷം ആ കഥകളി കലാകാരൻ വീണ്ടുമെത്തുകയാണ്. മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സംവിധാന സംരംഭമായ 'നായകൻ' വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. 4K ദൃശ്യമികവിൽ സെപ്റ്റംബർ 4നാണ് ചിത്രം തിയറ്ററുകളിലെത്തുക.

2010ൽ പി.എസ് റഫീക്കിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനാണ് നായകനായി എത്തിയത്. പ്രതികാരദാഹിയായ വരദനുണ്ണി എന്ന കഥകളി കലാകാരനായി ഇന്ദ്രജിത്ത് അവിസ്മരണീയ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്. വർഷങ്ങൾക്ക് ശേഷം നായകൻ വീണ്ടും വലിയ സ്ക്രീനിൽ എത്തുമ്പോൾ അത് പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായിരിക്കും. ദേവദൂതൻ, ഛോട്ടാ മുംബൈ, ഫ്രണ്ട്‌സ്, സമ്മർ ഇൻ ബത്ലഹേം എന്നീ സിനിമകൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകൻ്റെ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിങ് ചെയ്യുന്നത്.

ഇല്ലുമിനാറ്റോ ഫിലിംസിന്‍റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം നിർമിച്ചത്. റിലീസ് വേളയിൽ ചിത്രം പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വരദനുണ്ണി എന്ന കഥാപാത്രം.  ഇന്ദ്രജിത്തിന് പുറമെ തിലകന്‍, ജഗതി ശ്രീകുമാര്‍, ധന്യ മേരി വര്‍ഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്‌സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ. ജോർജ്ജ്, ശിവജ്, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബികാ മോഹൻ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.

ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ളയുടെ ശ്രദ്ധേയമായ സംഗീതവും നോൺ-ഇൻട്രൂസീവ് സ്കോറും സിനിമയെപ്പോലെ തന്നെ ഏറെ വേറിട്ട ഒന്നായിരുന്നു.

എഡിറ്റർ: മനോജ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട്: സാലു കെ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ: അനിൽ മാത്യു, മേക്കപ്പ്: രാജീവ് അങ്കമാലി, കോസ്റ്റ്യൂംസ്: സുനിൽ റഹ്മാൻ, ക്രിയേറ്റീവ് വിഷനറി ഹെഡ്ഡ്: ബോണി അസനാർ, കളറിസ്റ്റ്: ഷാൻ ആഷിഫ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ്, അറ്റ്മോസ് മിക്സിംഗ്: ഹരിനാരായണൻ, പ്രോജക്ട് മാനേജ്മെൻ്റ്: ജിബിൻ ജോയ്, മാർക്കറ്റിങ്: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, സ്റ്റിൽസ്: കാഞ്ചൻ, ഡിസൈൻസ്: അർജുൻ@ ഹൈ സ്റ്റുഡിയോസ്, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    
News Summary - ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നായകൻ' റീ-റിലീസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.