വിജയ്
വിജയ്‌യുടെ അഭിനയജീവിതത്തിലെ സുവർണ്ണ അധ്യായത്തിന് വിരാമമിട്ടുകൊണ്ട്, അദ്ദേഹത്തിന്റെ കരിയറിലെ അവസാന ചിത്രമായ 'ജനനായകൻ' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. സീ5 ലൂടെ ആഗസ്റ്റ് 21 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. സിനിമാലോകത്തുനിന്ന് പൂർണ്ണമായി പടിയിറങ്ങി രാഷ്ട്രീയ രംഗത്ത് പുതിയ ചരിത്രം രചിക്കുന്ന വിജയ്‌യുടെ അവസാന ചലച്ചിത്രമെന്ന നിലയിൽ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ വൈകാരികതയോടെയാണ് ഈ ചിത്രത്തെ വരവേൽക്കുന്നത്.
2026 ഏപ്രിലിൽ നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം കരസ്ഥമാക്കിയ വിജയ്, തുടർന്ന് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത് ഇന്ത്യൻ രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ വലിയ ചർച്ചയായിരുന്നു. സെൻസർ ബോർഡ് അനുമതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കാരണം ജനുവരി 9ൽ നിന്ന് റിലീസ് മാറ്റി വെച്ച ചിത്രം, ജൂലൈ 23നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തിയത്.
എഡിറ്റ് ചെയ്ത് മാറ്റിവെച്ച ആറ് സീനുകളുണ്ട്. അതിൽ വിജയ് സാറിന്റെ രണ്ട് കോമഡി സീനുകൾ, രണ്ട് മാസ് ആക്ഷൻ രംഗങ്ങൾ, രണ്ട് ഇമോഷണൽ സീനുകൾ എന്നിവ ഉൾപ്പെടുന്നു എച്ച്. വിനോദ് വെളിപ്പെടുത്തിയിരുന്നു. ഈ രംഗങ്ങൾ തിയറ്ററുകളിൽ എപ്പോൾ കണ്ട് തുടങ്ങാം എന്ന് നിർമാതാക്കളാണ് തീരുമാനിക്കേണ്ടതെന്നും, ഉടൻ ഉണ്ടാകുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
റിലീസ് ചെയ്ത് വെറും നാല് ദിവസങ്ങൾക്കുള്ളിൽ തന്നെ ‘ജനനായകൻ’ ആഗോള ബോക്‌സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു. ഈ അടുത്ത കാലത്തിറങ്ങിയ ‘ഡ്രാഗൺ’, ‘സിക്കന്ദർ’ തുടങ്ങിയ വൻകിട ചിത്രങ്ങളുടെ കലക്ഷൻ റെക്കോർഡുകളെ മറികടന്നാണ് വിജയ് യുടെ ഈ വിടവാങ്ങൽ ചിത്രം ബോക്സ് ഓഫീസിൽ കുതിച്ചുയരുന്നത്.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമിച്ച് എച്ച്. വിനോദ് സംവിധാനം ചെയ്ത ‘ജനനായകൻ’ ഒരു പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയാണ്. 2023ൽ തെലുങ്കിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം 'ഭഗവന്ത് കേസരി'യുടെ തമിഴ് റീമേക്കാണിത്. ഒഴിവാക്കിയ രംഗങ്ങൾ കൂടി അടുത്ത ആഴ്ചയോടെ സ്ക്രീനിൽ എത്തുന്നതോടെ തിയേറ്ററുകളിലെ ആവേശം ഇരട്ടിയാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകരും ആരാധകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.