മോഹൻലാൽ-തരുൺ മൂർത്തി ചിത്രത്തിന് ശബരിമല സന്നിധാനത്തും പരിസരപ്രദേശത്തും ഷൂട്ടിങ്ങിന് അനുമതിയില്ല

പത്തനംതിട്ട: തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'അതിമനോഹരത്തിന്' ശബരിമല സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ചിത്രീകരണാനുമതി നിഷേധിച്ച് വനംവകുപ്പ്. ക്ഷേത്രവും സന്നിധാനവും ഉൾപ്പെടുന്ന പ്രദേശം പെരിയാർ കടുവ സങ്കേതത്തിന്റെ (പെരിയാർ ടൈഗർ റിസർവ്) പരിധിയിൽ വരുന്നതിനാലും ഇത് സംബന്ധിച്ച ഹൈകോടതി ഉത്തരവ് നിലനിൽക്കുന്നതിനാലുമാണ് വനംവകുപ്പിന്റെ നടപടി. അതേസമയം, റാന്നി വനം ഡിവിഷന് കീഴിലുള്ള പമ്പ വരെയുള്ള പ്രദേശങ്ങളിൽ ചിത്രീകരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

നേരത്തെ, കർശന നിബന്ധനകളോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സന്നിധാനത്തെ ചിത്രീകരണത്തിന് അനുമതി നൽകിയിരുന്നു. വനംവകുപ്പിന്റെ പ്രത്യേക അനുമതി വേണം, ആചാരങ്ങളെയോ വിശ്വാസപ്രമാണങ്ങളെയോ ഹനിക്കുന്ന യാതൊന്നും ഉണ്ടാകരുത്, പൂർണ തിരക്കഥ സമർപ്പിക്കണം, അമ്പതിനായിരം രൂപ കെട്ടിവെക്കണം തുടങ്ങിയവയായിരുന്നു ബോർഡിന്റെ ഉപാധികൾ. എന്നാൽ, കടുവ സങ്കേതത്തിലെ പാരിസ്ഥിതിക നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി വനംവകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. പമ്പയ്ക്ക് മുൻപുള്ള ഭാഗങ്ങളിൽ തീരുമാനിച്ച പ്രകാരം ആഗസ്റ്റ് 18, 19, 20 തീയതികളിൽ ചിത്രീകരണം നടക്കും.

'തുടരും' എന്ന സൂപ്പർഹിറ്റിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'അതിമനോഹരം'. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ 'ലൗലജൻ' എന്ന പൊലീസ് സബ് ഇൻസ്പെക്ടറായാണ് മോഹൻലാൽ എത്തുന്നത്. വലിയ ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിൻ മോഹൻലാലിന്റെ നായികയായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. രതീഷ് രവി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജികുമാറും സംഗീതം ജെയ്ക് ബിജോയിയുമാണ് നിർവഹിക്കുന്നത്. തൊടുപുഴ, കൊച്ചി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായി ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ച സിനിമ ഈ വർഷത്തെ ക്രിസ്മസ് റിലീസായാണ് അണിയറപ്രവർത്തകർ ആസൂത്രണം ചെയ്യുന്നത്.

Tags:    
News Summary - Forest Department Denies Permission for Mohanlal-Tharun Moorthy Movie Shoot at Sabarimala Sannidhanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.