ബോക്സ് ഓഫിസിൽ റെക്കോർഡ് കലക്ഷൻ നേടുകയാണ് ധുരന്ധർ 2. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് 226.27 കോടി രൂപ നേടിയ ചിത്രം മൂന്നാം ദിവസം 113 കോടി രൂപ നേടിയതായി ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നു. ഇതോടെ മൊത്തം ആഭ്യന്തര കലക്ഷൻ 339.27 കോടി രൂപയായി. ഇന്ത്യയിലെ എക്കാലത്തെയും വലിയ വാരാന്ത്യ ഓപ്പണർ എന്ന 'പുഷ്പ 2: ദി റൂളി'ന്‍റെ റെക്കോർഡ് ധുരന്ധർ 2 മറികടന്നേക്കും. അല്ലു അർജുന്‍റെ പുഷ്പ 2 ആദ്യ വാരാന്ത്യത്തിൽ എല്ലാ ഭാഷകളിലുമായി 354 കോടി നേടിയിരുന്നു.
രൺവീർ സിങ് നായകനായ ധുരന്ധർ 2 ആദ്യ ഭാഗത്തെക്കാൾ ഗംഭീരമാണെന്നാണ് പൊതുവെ ലഭിക്കുന്ന പ്രതികരണം. ചിത്രത്തിന്‍റെ ആദ്യഭാഗം ഇന്ത്യയിൽ ഏറ്റവും ബോക്സ് ഓഫിസ് കലക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് നേടിയിരുന്നു. ആക്ഷനും വയലൻസും നിറഞ്ഞ ധുരന്ധർ 2ന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്. വലിയ രീതിയിലുള്ള വയലൻസ് രംഗങ്ങളും ആക്ഷനും മുഴുനീളെ ചിത്രത്തിൽ ഉള്ളതിനാൽ തന്നെ അതിന് വെട്ടു വീഴ്ത്തുക എന്നത് സാധ്യമല്ല. അതുകൊണ്ടാണ് ചിത്രം എ സർട്ടിഫിക്കറ്റിൽ തന്നെ റിലീസ് ചെയ്തത്.
ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു. മേയ് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിങ്ങിനായി എത്തുമെന്നാണ് റിപ്പോർട്ട്. ഇത്തവണ സിനിമയുടെ സംഗീത അവകാശങ്ങളും മാറിയിട്ടുണ്ട്. ആദ്യ ഭാഗത്തിന്റെ സൗണ്ട് ട്രാക്ക് പുറത്തിറക്കിയത് സരിഗമയായിരുന്നു. എന്നാൽ ധുരന്ധർ 2ന്റെ സംഗീത അവകാശം ടി-സീരീസിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.