ചെന്നൈ: ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും അവർ ധരിച്ച വസ്ത്രങ്ങളുടെയും വരെ പകർപ്പവകാശം തങ്ങൾക്കാണെന്നു നടൻ ധനുഷിന്റെ നിർമാണ സ്ഥാപനമായ വണ്ടർബാർ ഫിലിംസ് മദ്രാസ് ഹൈകോടതിയെ അറിയിച്ചു. ചിത്രത്തിലെ നായികയായിരുന്ന നടി നയൻതാര, നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിൽ, സിനിമയുടെ 28 സെക്കൻഡ് പിന്നണി ദൃശ്യങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചു. ഇതിലൂടെ നയൻതാര പകർപ്പവകാശ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചെന്നും ധനുഷിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
“സിനിമയിലെ കഥാപാത്രങ്ങളും ദൃശ്യങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും പകർപ്പവകാശം ഞങ്ങൾക്കാണെന്ന് വ്യക്തമാക്കി നയൻതാരയുമായി കരാറിൽ ഒപ്പിട്ടിരുന്നു. സിനിമയിൽ നയൻതാര ധരിച്ച വസ്ത്രങ്ങളിൽ ഉൾപ്പെടെ പകർപ്പവകാശമുണ്ട്” -ധനുഷിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇരുഭാഗങ്ങളുടെയും വാദങ്ങൾ രേഖപ്പെടുത്തിയ കോടതി, വിധി പറയുന്നത് തീയതി വ്യക്തമാക്കാതെ മാറ്റി.
നടി നയൻതാരയുടെ വിവാഹ വിശേഷങ്ങൾ ചേർത്തൊരുക്കിയ ‘ബിയോണ്ട് ദ് ഫെയറി ടെയ്‌ൽ’ ഡോക്യുമെന്ററിക്കെതിരെയാണു കേസ്. അണിയറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിന് നഷ്ടപരിഹാരമായി 10 കോടി രൂപ വേണമെന്ന് ധനുഷ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഏതാനും സെക്കൻഡുകൾ മാത്രമുള്ള ദൃശ്യത്തിന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടതിലെ അനൗചിത്യം ചോദ്യം ചെയ്ത നയൻതാര ധനുഷിന് മറുപടിയായി മൂന്നുപേജുള്ള കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പോര് പുറംലോകമറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.