'രണബാലി: നെവർ ഫോർഗെറ്റ് ദി ട്രൂത്ത്' ഡോക്യുമെന്‍ററി പരമ്പരയിലെ ആദ്യ എപ്പിസോഡ് പുറത്ത്
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന പാൻ-ഇന്ത്യൻ ഇതിഹാസ ചിത്രം 'രണബാലി' വിജയദശമി ഉത്സവത്തോടനുബന്ധിച്ച് ഒക്ടോബർ 16ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ വൻ റിലീസിന് ഒരുങ്ങുകയാണ്. രാഹുൽ സാങ്ക്രിത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് ബിഗ് ബജറ്റിൽ നിർമിക്കുകയും ടി-സീരീസ് അവതരിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ്.
നാല് ഭാഗങ്ങളുള്ള 'രണബാലി: നെവർ ഫോർഗെറ്റ് ദി ട്രൂത്ത്' എന്ന ഡോക്യുമെന്‍ററി പരമ്പരയിലെ ആദ്യ എപ്പിസോഡായ 'ദി ഫാമിൻ വീ ഫോർഗോട്ട്' (നാം മറന്നുപോയ ക്ഷാമം) സ്ട്രീമിങ് ആരംഭിച്ചു. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ 1876–78 കാലഘട്ടത്തിൽ സൃഷ്ടിക്കപ്പെട്ട, ദശലക്ഷത്തോളം ഇന്ത്യക്കാരുടെ ജീവനെടുത്ത ദാരുണമായ ക്ഷാമത്തെക്കുറിച്ചാണ് ഈ എപ്പിസോഡ് തുറന്നുകാണിക്കുന്നത്. ഇന്ത്യക്കാർ പട്ടിണി കിടന്നു മരിക്കുമ്പോൾ, ബ്രിട്ടീഷുകാർ വൻതോതിൽ ധാന്യങ്ങൾ ബ്രിട്ടനിലേക്കും അവർ യുദ്ധം ചെയ്തിരുന്ന മറ്റ് പ്രദേശങ്ങളിലേക്കും കടത്തുന്നത് തുടരുകയായിരുന്നുവെന്നും ഇത് വെളിപ്പെടുത്തുന്നു. ചരിത്രത്തിലെ ഈ മറന്നുപോയ അധ്യായം വിശദമായ ഗവേഷണത്തിന് വിധേയമാക്കിയതും 'രണബാലി'യുടെ അടിത്തറയായതും എങ്ങനെയെന്ന് ഈ എപ്പിസോഡ് വിവരിക്കുന്നു.
"ബ്രിട്ടീഷ് സാമ്രാജ്യത്തെക്കുറിച്ചും അതിന്‍റെ ചരിത്രത്തെക്കുറിച്ചും നമ്മൾ നൂറുകണക്കിന് സിനിമകൾ കണ്ടിട്ടുണ്ട്, എന്നാൽ അവയിലൊന്നും തന്നെ ഈ ക്ഷാമത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. ചരിത്രരേഖകൾ പ്രകാരം 1876–78 കാലഘട്ടത്തിലെ 'ഗ്രേറ്റ് മദ്രാസ് ഫാമിൻ' സമയത്ത് രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 1 കോടിയോളം ഇന്ത്യക്കാരാണ് മരണമടഞ്ഞത്. അക്കാലത്ത് ഇന്ത്യയിലെ ജനസംഖ്യ 25-30 കോടി മാത്രമായിരുന്നു, അതിനാൽ തന്നെ ഈ ദുരന്തത്തിന്‍റെ വ്യാപ്തി ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ഈ സംഭവത്തെക്കുറിച്ച് മനസ്സിലാക്കാൻ കളക്ടർ ഓഫീസുകൾ, ലൈബ്രറികൾ, പഴയ ആർക്കൈവുകൾ എന്നിവ സന്ദർശിച്ചും നിരവധി പുസ്തകങ്ങളും ഗവൺമെന്‍റ് ഗസറ്റുകളും പഠിച്ചും ഞങ്ങൾ ആഴത്തിലുള്ള ഗവേഷണം നടത്തുകയും ശേഷമാണ് ഇത് സ്ക്രീനിലേക്ക് എത്തിച്ചത്."- സംവിധായകൻ രാഹുൽ സാങ്ക്രിത്യൻ പറഞ്ഞു.
"ഈ ക്ഷാമകാലത്ത് ഇന്ത്യക്കാർ പട്ടിണി കിടന്ന് മരിക്കുമ്പോൾ, ബ്രിട്ടീഷുകാർ ലക്ഷക്കണക്കിന് ടൺ ധാന്യങ്ങൾ ബ്രിട്ടനിലേക്കും മറ്റ് യുദ്ധമേഖലകളിലേക്കും കടത്തുകയായിരുന്നു. ഏതാണ്ട് 150 വർഷങ്ങൾക്ക് മുമ്പാണ് ഈ ഭയാനകമായ സംഭവം നടന്നത്. പട്ടിണി കിടക്കുമ്പോൾ പോലും, ബ്രിട്ടീഷുകാർക്കായി ധാന്യം ചുമക്കാൻ ആളുകൾ നിർബന്ധിതരായി. ഈ യഥാർത്ഥ കഥ പറയാനും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ആളുകൾ ഓർക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങൾ ആഗ്രഹിച്ചു. ആ ക്ഷാമകാലത്ത് ജീവൻ പൊലിഞ്ഞ ദശലക്ഷക്കണക്കിന് ആളുകൾക്കുള്ള ഞങ്ങളുടെ ആദരവാണ് 'രണബാലി'."- വിജയ് ദേവരകൊണ്ട പറഞ്ഞു.
ഡോക്യുമെന്‍ററി പരമ്പര സെപ്റ്റംബർ 30-ന് 'ദി ഹിസ്റ്ററി വീ ഫോർഗോട്ട്', ഒക്ടോബർ 2-ന് 'ദി മെൻ വീ ഫോർഗോട്ട്' എന്നീ എപ്പിസോഡുകളോടെ തുടരും. നാലാമത്തെയും അവസാനത്തെയും എപ്പിസോഡായ 'ദി ലാസ്റ്റ് ലോഡ്' സ്ട്രീം ചെയ്യുന്ന തീയതി ഉടൻ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.