വാർണർ ബ്രദേഴ്‌സ് എന്റർടൈൻമെന്റ് ഇൻ കോർപ്പറേഷന്റെ ജനപ്രിയ സിനിമകളും ഷോകളും നിയമവിരുദ്ധമായി സ്ട്രീം ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന 160ലധികം വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഡൽഹി ഹൈകോടതി ഉത്തരവിട്ടു. വാർണർ ബ്രദേഴ്‌സ് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് തേജസ് കരിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഫ്രണ്ട്സ്, സ്ട്രേഞ്ചർ തിങ്‌സ്, സ്‌ക്വിഡ് ഗെയിം, വണ്ടർ വുമൺ തുടങ്ങിയ പ്രശസ്തമായ സിനിമകളും ഷോകളും അനുമതിയില്ലാതെ വിതരണം ചെയ്യുന്ന വെബ്‌സൈറ്റുകൾക്കെതിരെയാണ് നടപടി.
പ്രാഥമികമായി വാർണർ ബ്രദേഴ്‌സിന് അനുകൂലമായ തെളിവുകൾ ഉണ്ടെന്നും അടിയന്തര നടപടി എടുത്തില്ലെങ്കിൽ കമ്പനിക്ക് നികത്താനാവാത്ത സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം വെബ്‌സൈറ്റുകൾ പല പേരുകളിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ, പുതിയ ലിങ്കുകൾ വഴിയോ മറ്റ് പ്ലാറ്റ്‌ഫോമുകൾ വഴിയോ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നത് തടയാൻ കർശനമായ 'ഡൈനാമിക് ഇൻജങ്ഷൻ' കോടതി പുറപ്പെടുവിച്ചു.
ഡൈനാമിക് പ്ലസ് ഇൻജങ്ഷൻ എന്നത് ഇന്ത്യൻ കോടതികൾ ഏർപ്പെടുത്തിയ ഒരു നിയമപരമായ ഉത്തരവാണ്. ഇത് പകർപ്പവകാശ ലംഘനങ്ങളെ തടയാൻ ഉപയോഗിക്കുന്നു. നിലവിൽ ഉള്ളതോ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ളതോ ആയ വിവർത്തനങ്ങളെ തടയുന്നതിനായി ഇത് നിലവിലുള്ള വെബ്‌സൈറ്റുകൾക്കും പുതിയവക്കും എതിരെ ഒരുമിച്ച് സംരക്ഷണം നൽകുന്നു. ഇത് ഫിലിം റിലീസുകൾ, കായിക വിനോദങ്ങൾ, വാർത്തകൾ എന്നിവ പോലുള്ള സെൻസിറ്റീവ് ഉള്ളടക്കങ്ങൾക്ക് വലിയ പ്രയോജനകരമാണ്. ഇത് പൈറസി തടയാൻ കോടതികൾ ഉപയോഗിക്കുന്ന ഒരു പരിഹാരമാണ്.
പ്രതിപ്പട്ടികയിലുള്ള 47 സ്ഥാപനങ്ങളും അവയുടെ ഉടമകളും വാർണർ ബ്രദേഴ്‌സിന്റെ പകർപ്പവകാശമുള്ള ഉള്ളടക്കം ഹോസ്റ്റ് ചെയ്യുന്നതോ, സ്ട്രീം ചെയ്യുന്നതോ, പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതോ പൂർണ്ണമായും വിലക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റുകൾ സസ്പെൻഡ് ചെയ്യാനും അവയുടെ ഡൊമൈനുകൾ ലോക്ക് ചെയ്യാനും ബന്ധപ്പെട്ട രജിസ്ട്രാർമാർക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റാരോപിതരായ വെബ്‌സൈറ്റ് ഉടമകളുടെ പേര്, വിലാസം, കോൺടാക്റ്റ് വിവരങ്ങൾ, ഇമെയിൽ ഐഡി, ബാങ്ക് വിവരങ്ങൾ, ഐപി ലോഗുകൾ എന്നിവ നാലാഴ്ചക്കകം സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ തങ്ങളുടെ സിനിമകളുടെയും ടെലിവിഷൻ ഉള്ളടക്കങ്ങളുടെയും ഉടമസ്ഥാവകാശവും വിതരണാവകാശവും തങ്ങൾക്ക് മാത്രമാണെന്ന വാർണർ ബ്രദേഴ്‌സിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.