'ദി കശ്മീർ ഫയൽസ്'നെതിരെ പോസ്റ്റ്; ദലിത് യുവാവിന്റെ മുഖം ക്ഷേത്രമുറ്റത്ത് ഉരച്ചു

'ദി കശ്മീർ ഫയൽസ്' സിനിമക്കെതിരെ സമൂഹമാധ്യമത്തിൽ അഭിപ്രായപ്രകടനം നടത്തിയ ദലിത് യുവാവിന് ക്രൂരമർദ്ദനം. പോസ്റ്റിട്ടതിന്റെ പേരിൽ മഹാരാഷ്ട്രയിൽ ദലിത് യുവാവിന്റെ മുഖം ക്ഷേത്രമുറ്റത്ത് ഉരക്കുകയായിരുന്നു. സംഭവത്തിൽ 11 പേരെ കുറ്റക്കാരായി കണ്ടെത്തിയതായും ഏഴുപേരെ അറസ്റ്റു ചെയ്തതായും പൊലീസ് അറിയിച്ചു. മഹാരാഷ്ട്ര ആൽവാർ ജില്ലയിലെ 32 കാരനായ രാജേഷ് കുമാർ മേഗ്‌വാളാണ് കശ്മീർ ഫയൽസിനെ കുറിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിൽ നൽകിയ കമൻറിന്റെ പേരിൽ മർദ്ദനത്തിന് ഇരയായത്. മാർച്ച് 18നാണ് ഇദ്ദേഹം സംഭവത്തിനാധാരമായ പോസ്റ്റിട്ടത്.

കശ്മീർ സംഭവങ്ങളെ കുറിച്ച അവാസ്തവ വിവരങ്ങൾ ചിത്രീകരിച്ച സിനിമക്ക് തീവ്ര വലതുപക്ഷ -ഹിന്ദുത്വ സംഘടനകളിൽനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ സിനിമ കാണണമെന്നും പിന്തുണക്കണമെനനും അഭ്യർത്ഥിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ തിയറ്ററുകളിൽ സിനിമ കാണാൻ എത്തിയവർ മുസ്‍ലിംകൾക്കെതിരെ വംശീയ ഉൺമൂലന മുദ്രാവാക്യങ്ങൾ മുഴക്കുന്ന വീഡിയോകളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. സിനിമക്ക് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ചാണ് യുവാവ് പോസ്റ്റിട്ടത്. 'സിനിമയുടെ ട്രെയ്‌ലർ കാണുകയും ഞാൻ ഒരു പോസ്റ്റിടുകയും ചെയ്തു.

സിനിമയിൽ കശ്മീരി പണ്ഡിറ്റുകൾക്കെതിരെയുള്ള ക്രൂരത പുറത്തുകൊണ്ടുവരുന്നതിനാൽ നികുതിയിളവ് നൽകിയതും ദലിതുകൾക്കും ഇതര സമുദായങ്ങൾക്കുമെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും ഞാൻ പോസ്റ്റിൽ ചൂണ്ടിക്കാട്ടി. അത്തരം കാര്യങ്ങൾ പറയുന്ന ജയ് ഭീം പോലെയുള്ള സിനിമകൾക്ക് എന്താണ് നികുതിയിളവ് നൽകാത്തതെന്നും ഞാൻ ചോദിച്ചു' -ഗോകൽപൂർ നിവാസിയായ മേഗ്‌വാൾ പറയുന്നു. പോസ്റ്റിനെ തുടർന്ന് വൻ ഭീഷണിയാണ് രാജേഷ് കുമാറിന് നേരെ ഉണ്ടായത്. പഞ്ചായത്ത് മുൻ അംഗം അടക്കം ഇയാളെ സമീപിച്ച് മാപ്പ് പറയാൻ ആവശ്യപ്പെട്ടു.

അതിന് വിസമ്മതിച്ച തന്റെ മൂക്ക് ക്ഷേത്രത്തിന്റെ നിലത്തുരച്ചെന്നും രാജേഷ് പറയുന്നു. ബെഹ്‌റോർ പൊലീസ് സ്‌റ്റേഷനിൽ മേഗ്‌വാൾ നൽകിയ പരാതി പ്രകാരം കേസെടുക്കുകയായിരുന്നു. കേസ് നൽകിയതോടെ താൻ ഭയത്തിലാണെന്നും തനിക്ക് സുരക്ഷാഭീഷണിയുണ്ടെന്നും മേഗ്‌വാൾ പറഞ്ഞു. കേസിൽ അജയ് കുമാർ ശർമ, സൻജീത് കുമാർ, ഹേമന്ദ് ശർമ, പരിവന്ദ്ര കുമാർ, രാമോദർ, നിതിൻ ജൻഗിത്, ദയാറാം എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ബെഹ്‌റോർ സർക്കിൾ ഓഫീസർ റാവു ആനന്ദ് അറിയിച്ചു.

Tags:    
News Summary - Dalit Man Allegedly Forced to Rub Nose Inside Temple in Rajasthan's Alwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.