പൂവന്തുറ കലാപം അന്വേഷിക്കാൻ നിയുക്തനാകുന്ന ജ്യുഡീഷ്യൽ കമീഷൻ ജസ്റ്റിസ് മഹേന്ദ്രൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. അത് അന്വേഷിക്കാൻ സിറ്റി പൊലീസ് കമീഷണർ ഭരത് ചന്ദ്രനെത്തുന്നു. അന്വേഷണം പുരോഗമിക്കുമ്പോൾ അത് അയാളെ കൊണ്ടെത്തിക്കുന്നത് സംസ്ഥാനത്തെ രാഷ്ട്രീയ-ബിസിനസ് രംഗങ്ങളിലുള്ള പ്രമുഖരിലേക്കാണ്. ഈ അന്വേഷണത്തിന്‍റെ കഥയാണ് കമീഷണർ എന്ന സൂപ്പർ ഹിറ്റ് സിനിമയുടേത്.
ഷാജി കൈലാസ്-രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന കമീഷണർ വീണ്ടും തിയറ്ററുകളിലേക്ക്. 31 വർഷങ്ങൾക്ക് ശേഷം 4k ദൃശ്യ മികവോടെ ജനുവരിയിലാണ് തിയറ്ററുകളിൽ എത്തുന്നത്. നേരത്തെ സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയിലൂടെ പുറത്തുവിട്ട റീമാസ്റ്ററിങ് ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. രണ്‍ജി പണിക്കരുടെ പഞ്ച് ഡയലോഗുകള്‍ സുരേഷ് ഗോപിയിലൂടെ മുഴങ്ങിയപ്പോള്‍ തിയറ്ററുകളില്‍ വലിയ കൈയടിയാണ് ഉണ്ടായത്. കമീഷണര്‍ റീ റിലീസ് ആയി എത്തുമ്പോള്‍ പശ്ചാത്തല സംഗീതം പുനരാവിഷ്കരിക്കുന്നത് ബെന്നി ജോൺസാണ്.
ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമായിരുന്നു കമീഷണര്‍. 1994ലാണ് ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായി കമീഷണർ റിലീസിനെത്തുന്നത്. സുരേഷ് ഗോപിയുടെ സൂപ്പർ താരപദവിയിൽ വലിയ പങ്കുവഹിച്ച സിനിമയാണ് ഇത്. ശോഭന, രതീഷ്, ഭീമൻ രഘു, വിജയരാഘവൻ, ഗണേഷ് കുമാർ, രാജൻ പി. ദേവ് തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന താരങ്ങൾ.
ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. ആന്ധ്രാപ്രദേശിൽ 100 ദിവസത്തിലധികം പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിലൂടെ തെലുങ്കിൽ സുരേഷ് ഗോപിക്ക് വലിയ ഫാൻ ബേസ് ഉണ്ടായി. രൺജി പണിക്കർ തിരക്കഥയെഴുതിയ സിനിമ നിർമിച്ചത് എം. മണി ആയിരുന്നു. ദേവദൂതന്‍, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൈ സ്റ്റുഡിയോസ് 4K റീ മാസ്റ്റര്‍ ചെയ്യുന്ന ചിത്രമാണ് കമീഷണര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.