സർവ്വത്ര ചെറിയാൻ മയം; വിശാഖ് നായരുടെ 'ചത്താ പച്ച'യിലെ കാരക്ടർ പോസ്റ്റർ പുറത്ത്

റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച: ദ റിങ് ഓഫ് റൗഡീസ്' എന്ന സിനിമയിലെ വിശാഖ് നായർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ കാരക്ടർ‍ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ചെറിയാൻ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. തന്റെ ലോകത്ത് താൻ മാത്രമാണ് കേന്ദ്രബിന്ദു എന്ന് വിശ്വസിക്കുന്ന, അതിരുകടന്ന ആത്മവിശ്വാസമുള്ള കഥാപാത്രമായാണ് ‘ചെറിയാൻ’ വരുന്നതെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ചിത്രം 2026 ജനുവരി 22ന് തിയറ്ററുകളിലെത്തും.

പോസ്റ്ററിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത സാങ്കേതിക പ്രവർത്തകരുടെ പേരുകൾക്കു പകരം എല്ലാ ക്രെഡിറ്റുകളിലും ‘ചെറിയാൻ’ എന്ന പേര് മാത്രം നൽകിയിരിക്കുന്നതാണ്. ഡയറക്ഷൻ മുതൽ പ്രൊഡക്ഷൻ, ക്യാമറ, മ്യൂസിക് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ചെറിയാൻ നായർ, ചെറിയാൻ ഷൗക്കത്ത്, ചെറിയാൻ എഹ്സാൻ ലോയ് എന്നിങ്ങനെയാണ് പേരുകൾ പ്രത്യക്ഷപ്പെടുന്നത്. യഥാർത്ഥ അണിയറപ്രവർത്തകർ താൽക്കാലികമായി പിന്നിലേക്കു മാറിനിൽക്കുകയും, കഥാപാത്രം തന്നെ പോസ്റ്ററിന്റെ മുഴുവൻ കൈയടക്കുകയും ചെയ്യുന്ന ഈ അവതരണ ശൈലി സിനിമയോടുള്ള ആകാംക്ഷ ഇരട്ടിപ്പിക്കുന്നു.

നിറപ്പകിട്ടാർന്ന വസ്ത്രധാരണവും കൂളിംഗ് ഗ്ലാസും സ്വർണ്ണ വാച്ചുമണിഞ്ഞ്, ഒരു ഗുസ്തി ഗോദയുടെപശ്ചാത്തലത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് വിശാഖ് നായർ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പറക്കുന്ന കറൻസി നോട്ടുകളും സ്പാർക്കുകളും ഗുസ്തി ചിഹ്നങ്ങളും ചേർന്ന് ചെറിയാന്റെ ആഡംബര ജീവിതശൈലിയും ഊർജ്ജസ്വല സ്വഭാവവും അടയാളപ്പെടുത്തുന്നു.

മുൻപ് പുറത്തിറങ്ങിയ അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവരുടെ കാരക്ടർ പോസ്റ്ററുകൾക്ക് പിന്നാലെയാണ് വിശാഖ് നായറുടെ ഈ പുതിയ ലുക്ക് എത്തുന്നത്. മലയാളത്തിൽ ‘ആനന്ദം’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’, ‘ഫൂട്ടേജ്’ തുടങ്ങിയ ചിത്രങ്ങളിലൂടെയും, ഹിന്ദിയിലെ ‘എമർജൻസി’ ഉൾപ്പെടെയുള്ള സിനിമകളിലൂടെയും ശ്രദ്ധ നേടിയ വിശാഖ് നായറുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ‘ചെറിയാൻ’ എന്ന് പോസ്റ്റർ തന്നെ ഉറപ്പുനൽകുന്നു.

ഫോർട്ട് കൊച്ചിയിലെ ഗുസ്തി സംസ്കാരത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ മലയാള സിനിമയിലെ മികച്ച സാങ്കേതിക പ്രവർത്തകരാണ് അണിനിരക്കുന്നത്. ധർമ്മ പ്രൊഡക്ഷൻസ്, മൈത്രി മൂവി മേക്കേഴ്സ്, വേഫെറർ ഫിലിംസ്, പി.വി.ആർ ഐനോക്സ് പിക്ചേഴ്സ്, ദ പ്ലോട്ട് പിക്ചേഴ്സ് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് വിതരണക്കാർ.

ഛായാഗ്രഹണം: ആനന്ദ് സി. ചന്ദ്രൻ, ആക്ഷൻ കൊറിയോഗ്രഫി: കലൈ കിംഗ്സൺ, എഡിറ്റിങ്: പ്രവീൺ പ്രഭാകർ, രചന: സനൂപ് തൈക്കൂടം എന്നിവരാണ് പ്രധാന അണിയറപ്രവർത്തകർ. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സംഗീത കൂട്ടുകെട്ടുകളിലൊന്നായ ശങ്കർ ജി എഹ്സാൻ- ലോയ് മലയാളത്തിൽ ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘ചത്താ പച്ച’.

സമകാലിക മലയാള സിനിമയുടെ പാൻ-ഇന്ത്യൻ സ്വീകാര്യതയെ പുതിയ ഉയരങ്ങളിലെത്തിക്കാൻ കഴിയുന്ന വലിയൊരു റിലീസ് ആയിരിക്കും ‘ചത്താ പച്ച: ദ റിങ് ഓഫ് റൗഡീസ്’ എന്നതിൽ സംശയമില്ല.

Tags:    
News Summary - Character poster of Visakh Nair's 'Chatha Pacha' out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.