'ജാട്ട്' മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടന്മാരായ സണ്ണി ഡിയോൾ, രൺദീപ് ഹൂഡ, വിനീത് കുമാർ സിങ്, സംവിധായകൻ ഗോപിചന്ദ് മാലിനേനി, നിർമാതാവ് നവീൻ യെർനേനി എന്നിവർക്കെതിരെ പരാതി. മതവികാരം വ്രണപ്പെടുത്തിയതിന് ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 299 പ്രകാരമാണ് കേസ് ഫയൽ ചെയ്തത്.
വികൽപ് ഗോൾഡ് എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലന്ധറിലെ സദർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. സിനിമയിൽ യേശുക്രിസ്തുവിനോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് പൊലീസ് കമീഷണറുടെ ഓഫിസിന് പുറത്ത് ക്രിസ്ത്യൻ സമുദായത്തിലെ അംഗങ്ങൾ പ്രതിഷേധം നടത്തി. കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവർ ഒരു നിവേദനവും സമർപ്പിച്ചു.
സിനിമയിലെ ഒരു കുരിശുമരണ രംഗം യേശുക്രിസ്തുവിനെ അനുകരിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ടെന്നും അതുവഴി ക്രിസ്ത്യൻ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നുണ്ടെന്നും പരാതിയിൽ ആരോപിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) ചിത്രത്തിൽ 22 ഇടത്ത് മാറ്റം വരുത്തിയിരുന്നു.
ജാട്ടിന്‍റെ കഥയും തിരക്കഥയും ഗോപിചന്ദ് മലിനേനിയാണ്. രാം ലക്ഷ്മൺ, വി. വെങ്കിടേഷ്, പീറ്റർ ഹെയ്ൻ, അനിൽ അരശു എന്നിവരുൾപ്പെടെയുള്ള ഫൈറ്റ് മാസ്റ്റേഴ്സിന്‍റെ ശ്രദ്ധേയമായ ഒരു ടീമാണ് ചിത്രത്തിലുള്ളത്. മൈത്രി മൂവി മേക്കേഴ്‌സും പീപ്പിൾ മീഡിയ ഫാക്ടറിയും ചേർന്നാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.