കാനഡയിലെ സിനിമ തിയറ്ററിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവെച്ചു. ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1, പവൻ കല്യാണിന്റെ 'ദേ കോൾ ഹിം ഒജി' എന്നിവയുൾപ്പെടെയുള്ള സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതായാണ് തിയറ്റർ പ്രഖ്യാപിച്ചത്. തീവെപ്പ്, വെടിവെപ്പ് ഉൾപ്പെടെയുള്ള അക്രമസംഭവങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് പ്രദർശനം നിർത്തിവെച്ചത്. ദക്ഷിണേഷ്യൻ സിനിമകൾ പ്രദർശിപ്പിക്കുന്നതുമായി അക്രമങ്ങൾക്ക് ബന്ധമുണ്ടെന്ന് ഒന്റാറിയോ പ്രവിശ്യയിലെ തിയറ്റർ അറിയിച്ചു.
സെപ്റ്റംബർ 25ന് രണ്ട് പേർ ഗ്യാസ് കാനുകൾ ഉപയോഗിച്ച് തിയറ്ററിന്റെ പ്രവേശന കവാടത്തിന് തീയിടാൻ ശ്രമിച്ചതായി റിപ്പോർട്ട് ഉണ്ട്. തീപിടുത്തത്തിൽ കെട്ടിടത്തിന്റെ പുറംഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. സമയബന്ധിതമായി തീ നിയന്ത്രിക്കാൻ കഴിഞ്ഞത് കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ കാരണമായി. അക്രമികൾ ഒരു ദ്രാവകം ഒഴിച്ച് തീകൊളുത്തി രക്ഷപ്പെടുന്നത് കാമറയിൽ പതിഞ്ഞിരുന്നു. ഒക്ടോബർ രണ്ടിന്, ഒരാൾ തിയറ്ററിനെ ലക്ഷ്യമാക്കി ഒന്നിലധികം തവണ വെടിയുതിർത്തു. കുറ്റകൃത്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും രണ്ട് ആക്രമണങ്ങളും തിയറ്ററിനെയാണ് ലക്ഷ്യമിട്ടതെന്നും പൊലീസ് പറഞ്ഞു.
'ഇന്ത്യൻ സിനിമകളുടെ പ്രദർശനവുമായി ബന്ധപ്പെട്ട നശീകരണ പ്രവർത്തനങ്ങളും ഭീഷണികളും ഞങ്ങൾ നേരിടുന്നത് ഇതാദ്യമല്ല. ഈ ആവർത്തിച്ചുള്ള പ്രവൃത്തികൾ അസ്വസ്ഥത ഉളവാക്കുന്നുണ്ടെങ്കിലും, നമ്മുടെ സമൂഹത്തിന് ഒരുമിച്ച് സിനിമ ആസ്വദിക്കാൻ സുരക്ഷിതവും സ്വാഗതാർഹവുമായ ഒരു സ്ഥലം നൽകുന്നതിൽ നിന്ന് അവ ഒരിക്കലും ഞങ്ങളെ തടയില്ല. ദക്ഷിണേഷ്യൻ സിനിമകൾ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ, കഴിഞ്ഞ ദിവസം ആരോ തിയറ്റർ കത്തിക്കാൻ ശ്രമിച്ചു. സമൂഹത്തിന് സുരക്ഷിതത്വം തോന്നണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു ഷോ പോലും ഞങ്ങൾ നഷ്ടപ്പെടുത്തിയില്ല. ഞങ്ങളുടെ പ്രേക്ഷകരെ സേവിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്' -തിയറ്റർ അവരുടെ എക്സിൽ എഴുതി.
അതേസമയം, പ്രേഷകർ വളരെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ കാന്താര ചാറ്റർ 1. ചിത്രത്തിൽ, നിഗൂഢ ശക്തികളുടെ യോദ്ധാവായ നാഗസാധു എന്ന കഥാപാത്രത്തെയാണ് ഋഷഭ് ഷെട്ടി അവതരിപ്പിക്കുന്നത്. കെ.ജി.എഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1ന്റെയും നിര്‍മാതാക്കള്‍.
ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരും ചാലുവെ ഗൗഡയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജനീഷ് ലോക്നാഥ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവഹിക്കുന്നു.
നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ഒജി'. സാഹോ എന്ന സിനിമയിലൂടെ പ്രശസ്തനായ സുജിതാണ് ചിത്രത്തിന്‍റെ സംവിധായകൻ. രണ്ട് വര്‍ഷം മുമ്പ് പവന്‍ കല്ല്യാണിന്‍റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഒജി. എന്നാല്‍ പിന്നീട് പവന്‍ കല്ല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്തതോടെ ചിത്രം വൈകുകയായിരുന്നു. ആര്‍.ആര്‍.ആര്‍ നിർമിച്ച ഡി.വി.വി പ്രൊഡക്ഷന്‍ ആണ് ചിത്രത്തിന്‍റെ നിർമാതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.