'ന്നാ താൻ കേസ് കൊട്' സിനിമക്കെതിരെ ബഹിഷ്കരണാഹ്വാനം

കോഴിക്കോട്: ഇന്ന് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്' സിനിമക്കെതിരെ സമൂഹമാധ്യമങ്ങളിൽ ബഹിഷ്കരണാഹ്വാനം. സിനിമയുടെ പത്രപരസ്യം രാഷ്ട്രീയ വിവാദമായതിനെ തുടർന്ന് ഇടത് അനുകൂലികളിൽ ചിലരാണ് സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്തുള്ളത്.

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത സിനിമയുടെ, പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിലെ തലവാചകങ്ങളാണ് വിവാദമായത്. 'തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നായിരുന്നു പരസ്യ വാചകം. സംസ്ഥാനത്തുടനീളം റോഡുകൾ തകർന്ന സംഭവത്തിൽ കോടതി പോലും സംസ്ഥാന സർക്കാറിനെ വിമർശിച്ച സാഹചര്യത്തിൽ, പരസ്യവാചകം സർക്കാർ വിരുദ്ധമാണെന്ന് ആരോപിച്ച് ചിലർ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് ഇടത് സൈബർ ഇടങ്ങളിൽ സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനമുയർന്നത്.

ഇടത് അനുകൂലിയായ പ്രേംകുമാർ സിനിമക്കെതിരെ വിമർശനവുമായി രംഗത്തെത്തി. ഇങ്ങനെയൊരു പരസ്യവാചകമെഴുതുന്നതിലൂടെ തങ്ങളും ആ ജനവിരുദ്ധമുന്നണിയിലാണെന്ന് ഉളുപ്പില്ലാതെ പറയുകയാണ് ഈ സിനിമാവിതരണക്കാരെന്ന് പ്രേംകുമാർ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

പ്രേംകുമാറിന്‍റെ ഫേസ്ബുക് പോസ്റ്റ്

സൗകര്യല്ല; ന്തേ?

ബിരിയാണിച്ചെമ്പിൽ പിണറായി സ്വർണം കടത്തി എന്നപോലെ,

സി.പി.എം.തീരുമാനിച്ചിട്ട് എല്ലാ പെൺകുട്ടികളെയും പാന്റിടീക്കുന്നു എന്നപോലെ,

സിൽവർലൈൻ എന്നാൽ റെയിൽവേ അറിയാതെ എൽ.ഡി.എഫ് നടത്തും പരിപാടിയാണെന്ന പോലെ,

കൃത്യമായ ലക്ഷ്യങ്ങളോടെ,

വൃത്തിയായി കാര്യങ്ങൾ ചെയ്യാൻ നോക്കുന്നവരെ അധിക്ഷേപിക്കാൻ

ചിലർ കഥയെഴുതി, വേറെ ചിലർ സംവിധാനം ചെയ്ത്, മാപ്രകൾ വിതരണം നടത്തുന്ന

ജനവിരുദ്ധ ക്യാമ്പയിനാണ് കേരളം മുഴുവൻ റോട്ടിൽ കുഴികളാണെന്നത്.

ഇങ്ങനെയൊരു പരസ്യവാചകമെഴുതുന്നതിലൂടെ ഞങ്ങളും ആ ജനവിരുദ്ധമുന്നണിയിലാണെന്ന് ഉളുപ്പില്ലാതെ പറയുകയാണ് ഈ സിനിമാവിതരണക്കാർ.

വഴിയിൽ കുഴിയുണ്ട് എന്നുറപ്പാണല്ലേ;

ചിലയിടത്ത് ഉണ്ടാവാം എന്ന് പോലുമല്ലല്ലോ.

ഇന്ന് തന്നെ ഈ പടം കാണാൻ തീരുമാനിച്ചിരുന്നതാണ്;

ഇന്നിനി കാണുന്നില്ലെന്ന് വെച്ചു.

ഇനിയെന്തായാലും എത്ര കുഴിയുണ്ടെന്നറിഞ്ഞിട്ടാവാം.

ആർക്കും വന്ന് കൊട്ടാനുള്ള ചെണ്ടയാവരുത്

ജനങ്ങൾ തെരഞ്ഞെടുത്തൊരു ജനകീയ സർക്കാർ.


ടത് സഹയാത്രിക അഡ്വ. രശ്മിത രാമചന്ദ്രനും സിനിമക്കെതിരെ വിമർശനവുമായെത്തി. ഇന്നു തന്നെ കാണാന്‍ തീരുമാനിച്ച സിനിമ! തീരുമാനം മാറ്റി! ഇനി ഈ പരസ്യം പിന്‍വലിച്ചു ഉത്തരവാദിത്തപ്പെട്ട ആളുകള്‍ പരസ്യമായിത്തന്നെ മാപ്പ് പറഞ്ഞതിന് ശേഷം മാത്രമേ കാണുന്നുള്ളൂവെന്നാണ് രശ്മിത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 

ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് പോസ്റ്ററിൽ ഈ വാചകം ചേർത്തിരിക്കുന്നത്. പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് ആന്റണി സ്റ്റീഫനാണ്. കുഞ്ചാക്കോ ബോബന്‍ തന്റെ ഫെയ്സ്ബുക്ക് പേജിൽ ഈ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ഇതിനു താഴെയും സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും ട്രോളുകളുമാണ് വരുന്നത്. 

Full View


അതേസമയം, ഇടതുസഹയാത്രികരായ മറ്റു ചിലർ തന്നെ, പരസ്യത്തിന്‍റെ പേരിൽ സിനിമയെ എതിർക്കേണ്ടതില്ലെന്ന നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. 'ഒരു പരസ്യത്തിൽ സർക്കാർ നിന്ദ കാണുന്ന ഭജന സംഘത്തിൽ ഞാനില്ല. വിമർശനമൂല്യമില്ലാത്ത കലയല്ല കാലം ആവശ്യപ്പെടുന്നതും' എന്നാണ് ഡോ. അരുൺ കുമാർ ഫേസ്ബുക്കിൽ എഴുതിയത്. 


Tags:    
News Summary - boycott call against nna tha case kodu movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.