വലിയ ആശയവും ചെറിയ സിനിമകളും തേടി ബോൺസായ് 2020- ചലച്ചിത്രമേള

ദുബായ്: മലയാളത്തിലെ ഏറ്റവും മികച്ച ഹ്രസ്വചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന ബോൺസായ് 2020 (BSFF) ചലച്ചിത്രമേളക്ക്​ തുടക്കമായി. 2019 -20 വർഷത്തിൽ മലയാള ഭാഷയിൽ നിർമ്മിക്കപ്പെട്ട ഏറ്റവും മികച്ച ചെറിയ സിനിമകളെയാണ് ഓൺലൈൻ മേളയിലൂടെ തെരഞ്ഞെടുക്കുക.

അന്തിമ പട്ടികയിൽ ഇടംനേടിയ പത്ത് ഹ്രസ്വചിത്രങ്ങളിൽ നിന്നാണ് ഏറ്റവും മികച്ച ചിത്രം, ഓഡിയൻസ് ചോയ്സ് പുരസ്കാരം നേടിയ ചിത്രം എന്നിവ തെരഞ്ഞെടുക്കുക. യഥാക്രമം 50,000 രൂപയും പ്രശസ്തിപത്രവും 25,000 രൂപയും പ്രശസ്തിപത്രവുമാണ്​ പുരസ്​കാരം. മികച്ച സംവിധായകൻ, നടി - നടൻ, മികച്ച കഥ, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിങ്, ശബ്ദലേഖനം എന്നിവയ്ക്കും പ്രത്യേക പുരസ്കാരങ്ങളുണ്ട്. ജൂറി തെരഞ്ഞെടുക്കുന്ന മികച്ച സിനിമയ്ക്ക് ഓൺലൈനിലൂടെ വോട്ട് ചെയ്തവരിൽ നിന്ന് ഒരു പ്രേക്ഷകനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത് 10,000 രൂപയുടെ പ്രത്യേക സമ്മാനം നൽകുമെന്ന് മേളയുടെ സംഘാടകരായ സർവമംഗള പ്രൊഡക്ഷൻസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഡിസംബർ 23 മുതൽ ജനുവരി 15 വരെ പ്രേക്ഷകര്ക്ക് സർവ മംഗളയുടെ യൂട്യൂബ് പേജിൽ ചിത്രങ്ങൾ കാണാം. ജനുവരി 20ന് പുരസ്കാരം പ്രഖ്യാപിക്കുമെന്നും ചിത്രങ്ങൾ ജിയോ ടിവിയിൽ പ്രദർശിപ്പിക്കുമെന്നും സർവമംഗള ചീഫ് ക്രിയേറ്റീവ് ഓഫിസറും മേളയുടെ ക്യൂറേറ്ററുമായ പ്രിയ എം. നായർ അറിയിച്ചു.

യുവ സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ സഞ്ജു സുരേന്ദ്രൻ, ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്ററും അഭിനേത്രിയുമായ അർച്ചന പത്മിനി, മാധ്യമ പ്രവർത്തകനും തിരക്കഥാകൃത്തുമായ പി. ജിനോയ് ജോസ് എന്നിവരാണ് ജൂറി അംഗങ്ങൾ.

ദുബായിൽ ചലച്ചിത്രമേള നടത്താനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് ഓൺലൈൻ മേളയാക്കി മാറ്റുകയായിരുന്നു. അന്താരാഷ്ട്ര ശ്രദ്ധ നേടിയ 'ബേണിങ്' ഉൾപ്പെടെ രണ്ട് ഹിന്ദി ചിത്രങ്ങൾ നിർമ്മിച്ച സർവമംഗള പ്രൊഡക്ഷൻസ് മലയാള സിനിമാ നിർമ്മാണരംഗത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.

Tags:    
News Summary - Bonsai 2020 Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.