കൊമോഡോ 6കെ ക്യാമറ നടന്‍ ആസിഫ്‌ അലി ഉദ്‌ഘാടനം ചെയ്യുന്നു

ലോഞ്ചിങ്ങിന് മുമ്പേ റെഡ്‌ കൊമോഡോ 6കെ തൃശൂരിലെത്തി

തൃശൂര്‍: ഔദ്യോഗിക ലോഞ്ചിങ്ങിന്‌ മുമ്പ് സിനിമ ക്യാമറ റെഡ്‌ കൊമോഡോ 6കെ തൃശൂര്‍ സ്വദേശി ധീരജ്‌ പള്ളിയിലി​െൻറ കൈകളിലെത്തി. ഹോളിവുഡിലെ തെരഞ്ഞെടുക്കപ്പെട്ട ക്യാമറമാന്‍മാര്‍ക്കായി റെഡ്‌ ഡിജിറ്റല്‍ സിനിമ കമ്പനി 100 ക്യാമറകളാണ്‌ ആദ്യം പുറത്തിറക്കിയത്‌. അതില്‍ ഒരെണ്ണമാണ്‌ തൃശൂരിലെ അരിമ്പൂര്‍ സ്വദേശി ധീരജ്‌ സ്വന്തമാക്കിയത്‌.

ജെറഡ്‌ ലാന്‍ഡ്‌ മേലാധികാരിയായ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ റെഡ്‌ ഡിജിറ്റല്‍ സിനിമ എന്ന സ്ഥാപനമാണ്‌ ഈ ക്യാമറ ധീരജിന്‌ അയച്ചുകൊടുത്തത്‌. ജെറഡ്‌ ലാന്‍ഡുമായി ധീരജ്‌ മൂന്നുവര്‍ഷമായി ഓണ്‍ലൈന്‍ മുഖേനെ ആശയവിനിമയം നടത്തിവന്നിരുന്നു. റെഡ്‌ ക്യാമറകളിലെ നിലവിലെ കുറവുകളും കൂടുതലായി എന്ത്‌ സൗകര്യങ്ങളാണ്‌ കൂട്ടിച്ചേര്‍ക്കേണ്ടതെന്നും ഉള്‍പ്പെടെയുള്ള അഭിപ്രായങ്ങള്‍ ജെറഡ്‌ ലാന്‍ഡുമായി ധീരജ്‌ പങ്കുവെക്കാറുണ്ടായിരുന്നു.

ഡിജിറ്റല്‍ സിനിമയില്‍ റെഡ്‌ ക്യാമറയുടെ ഭാവിയെക്കുറിച്ചുള്ള ധീരജി​െൻറ കാഴ്ചപ്പാട് വ്യക്തമായതിനെ തുടർന്നാണ് റെഡ്‌ ഡിജിറ്റൽ സിനിമയുടെ പ്രസിഡൻറായ ജെറഡ്‌ ലാന്‍ഡ്‌ ക്യാമറ അയച്ചുകൊടുക്കാന്‍ സ്ഥാപനത്തിന്‌ അനുമതി നല്‍കിയത്‌. ഉടന്‍ റെഡ്‌ കൊമോഡോ 6കെയുടെ ഒൗദ്യോഗിക ലോഞ്ചിങ് നടക്കും.

റെഡ്‌ ഇതുവരെ ഇറക്കിയ ക്യാമറകളും മറ്റു കമ്പനികളുടെ ക്യാമറകളും അപേക്ഷിച്ച്‌ ഗ്ലോബല്‍ ഷട്ടര്‍ എന്ന സാങ്കേതികതയാണ്‌ റെഡ്‌ കൊമോഡോ 6കെയെ വേറിട്ട് നിർത്തുന്നത്. ക്യാമറമാന്‍ എന്താണോ കാണുന്നത്‌ ആ വിഷ്വല്‍ ഒരു ചെരിവോ ഒടിവോ ഇല്ലാതെ പകർത്തിയെടുക്കും. എല്ലാം മൊബൈല്‍ ഫോൺ വഴി നിയന്ത്രിക്കാം എന്നതാണ്‌ ഈ ക്യാമറയുടെ മറ്റൊരു പ്രത്യേകത.

ഷൂട്ടിങ്ങിന്‌ മുമ്പ്‌ കളര്‍ ടോൺ ചെയ്യാം. ഇമേജുകള്‍ കാണാം. ലോലൈറ്റ്​ സൗകര്യവും ഇമേജിന്‌ ഏറെ ഗുണനിലവാരവുമുണ്ട്​. ലൈവായി കളര്‍ കറക്ഷൻ ചെയ്യാം. മറ്റു ക്യാമറകളെ അപേക്ഷിച്ച്‌ മൂന്നിലൊന്ന്‌ വലിപ്പമേയുള്ളൂ. അത്രക്കും കോംപാക്‌റ്റും പോര്‍ട്ടബിളുമാണ്​. ഇതെല്ലാം ഈ ക്യാമറയെ വേറിട്ട് നിർത്തുന്നു.

ധീരജി​െൻറ കൈയിലെത്തിയ കൊമോഡോ 6കെ നടന്‍ ആസിഫ്‌ അലി ഉദ്‌ഘാടനം ചെയ്തു. കൊമോഡോ 6കെയുടെ വരവോടെ ഡിജിറ്റല്‍ സിനിമയില്‍ വിപ്ലവാത്മകമായ മുന്നേറ്റമാണ്‌ വരാൻ പോകുന്നതെന്ന്‌ ധീരജ്‌ പറയുന്നു.

സേലത്തുനിന്ന്‌ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം കഴിഞ്ഞ ധീരജ്‌ സിനിമയോടുള്ള പ്രണയം കാരണമാണ് ക്യാമറയുടെ ലോകത്തേക്ക് എത്തിപ്പെട്ടത്.


പ്ലസ്‌ടു മുതൽ തന്നെ സമയം കണ്ടെത്തി ധീരജ്‌ റെഡ്‌ ക്യാമറകളെക്കുറിച്ച്‌ ഓണ്‍ലൈൻ വഴി ഗവേഷണം നടത്തിയിരുന്നു. റെഡി​െൻറ എം.എക്‌സ്‌ എന്ന ക്യാമറ കമലഹാസന്‍ 'വിശ്വരൂപ'ത്തില്‍ കൊണ്ടുവന്നതാണ്‌ ധീരജിന്‌ ഡിജിറ്റല്‍ സിനിമയിലെ ഭാവിയെക്കുറിച്ച്‌ കൂടുതല്‍ ചിന്തിക്കാന്‍ പ്രചോദനമായത്‌.

'ഇമൈ' എന്ന തമിഴ്‌ സിനിമയുടെ ചിത്രീകരണത്തിനാണ്‌ ധീരജ്‌ പള്ളിയിലി​െൻറ കൊച്ചിയിലെ ഡെയര്‍ പിക്‌ച്ചര്‍ എന്ന സ്ഥാപനം ആദ്യം ക്യാമറ നല്‍കിയത്‌.

പൈപ്പിന്‍ച്ചോട്ടിലെ പ്രണയം, തീവണ്ടി, പതിനെട്ടാംപടി, ലൂസിഫര്‍, മനോഹരം, റാം, ദൃശ്യം2 തുടങ്ങീ നിരവധി സിനിമകളുടെ സാങ്കേതികക്ക്​ പിന്നിലും ധീരജ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

Tags:    
News Summary - Before the launch, Red Komodo 6K arrived in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.