ദുൽഖർ ചിത്രം കോപ്പിയടിയോ; സീതാരാമവും റോമൻ ഹോളിഡേയും തമ്മിലുള്ള ബന്ധം -ബാലചന്ദ്ര മേനോന്‍റെ കുറിപ്പ് വൈറൽ

ദുൽഖർ സൽമാൻ ചിത്രം സീതാരാമം കണ്ട് ഞെട്ടിയതായി ബാലചന്ദ്ര മേനോൻ. രാമനെയും സീതയെയും പ്രതീക്ഷിച്ചിരുന്ന താന്‍ ചിത്രത്തിന്റെ തുടക്കത്തില്‍ കണ്ട ഇന്തോ – പാകിസ്ഥാൻ പട്ടാള അധിനിവേശം കണ്ടപ്പോള്‍ അക്ഷരാത്ഥത്തില്‍ ഞെട്ടിയെന്നും പിന്നീട് കഥാന്ത്യത്തിലെത്തിയപ്പോള്‍ ആ ഞെട്ടല്‍ ഒരു 'ഒന്നൊന്നര 'ഞെട്ടലായി' മാറിയെന്നും ബാലചന്ദ്ര മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. സീതാരാമത്തിന്റെ പോസ്റ്ററിനോടൊപ്പം ഹോളിവുഡ് ചിത്രമായ റോമൻ ഹോളിഡേയുടെ പോസ്റ്റർ പങ്കുവെച്ച് കൊണ്ടായിരുന്നു കുറിപ്പ്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന 'സീത രാമം' റിലീസ് ആയ ദിവസം തന്നെ ചിത്രം കണ്ടവരുടെ നല്ല ആസ്വാദനം ഞാന്‍ കേട്ടറിഞ്ഞു. സന്തോഷം തോന്നി. പക്ഷെ തിയേറ്ററില്‍ ആള്‍ സാന്നിധ്യം പ്രതീക്ഷിച്ചതിലും കുറവാണെന്നറിഞ്ഞപ്പോള്‍ വിഷമം തോന്നി. എന്നാല്‍ അധികം വൈകാതെ ചിത്രം നല്ലതാണെന്നുള്ള പൊതുജനാഭിപ്രായത്തിനനുസരിച്ചു തിയേറ്ററിലും തിരക്ക് കൂടുന്നു എന്ന വാര്‍ത്ത എന്നെ സന്തോഷിപ്പിച്ചു.

സിനിമയുടെ തുടക്കത്തില്‍ അല്‍പ്പം അമാന്തം ഉണ്ടായാലും കണ്ടവരുടെ ചുണ്ടില്‍ നിന്ന് ചുറ്റുവട്ടത്തിലേക്കു പടരുന്ന പ്രേരണ കൊണ്ട് ചിത്രം ഹിറ്റ് ആയി മാറണം. അത് തന്നെയാണ് ആരോഗ്യകരമായ സിനിമയുടെ വ്യാകരണം. അഭിമാനത്തോടെ പറയട്ടെ ജൂബിലികള്‍ കൊണ്ടാടിയ എന്റെ ചിത്രങ്ങളുടെ ചരിത്രവും അതു തന്നെയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ നിറമുള്ള വ്യാജ പ്രചാരണങ്ങളിലൂടെയും തിയേറ്ററുകളില്‍ വ്യാജ സദസ്സുകളിലൂടെയും (fake audience) സിനിമ ജനപ്രിയമാക്കാന്‍ ശ്രമിക്കുന്നത് ആത്മ വഞ്ചനയാണെന്നേ പറയാനാവൂ.. 'സീത രാമം' ശില്പികള്‍ക്കു എന്റെ അഭിനന്ദനങ്ങള്‍.

ഇനി കാര്യത്തിലേക്കു വരട്ടെ. 'സീതാരാമം' നന്നായി ഓടുന്നു എന്ന് കേട്ടപ്പോള്‍ അതിന്റെ കഥ എന്താവും എന്നൊരു അന്വേഷണം നിങ്ങളെപ്പോലെ എന്റെ മനസ്സിലും ഉണ്ടായി. നേരിട്ടല്ലെങ്കിലും രാമരാജ്യമായതു കൊണ്ടു സീതയെ അവലംബമാക്കിയുള്ള, ഒന്നുകില്‍ ഒരു പ്രണയകഥ അല്ലെങ്കില്‍ കുടുംബ കഥ എന്ന് തന്നെയാണ് ഞാനും കരുതിയത്. തെലുങ്കു, തമിഴ്, ഹിന്ദി ഭാഷകളിലും ഒരു പോലെ പ്രദര്‍ശന വിജയം നേടിയ ഈ ചിത്രം പ്രൈം വീഡിയോയില്‍ കഴിഞ്ഞ ദിവസമാണ് കണ്ടത്.

രാമനെയും സീതയെയും പ്രതീക്ഷിച്ചിരുന്ന ഞാന്‍ ചിത്രത്തിന്റെ തുടക്കത്തില്‍ കണ്ട ഇന്തോ – പാക്കിസ്ഥാന്‍ പട്ടാള അധിനിവേശം കണ്ടപ്പോള്‍ അക്ഷരാത്ഥത്തില്‍ ഞെട്ടി എന്ന് പറയാം. എന്നാല്‍ പോകെപ്പോകെ കഥാന്ത്യത്തിലെത്തിയപ്പോള്‍ ആ ഞെട്ടല്‍ ഒരു 'ഒന്നൊന്നര 'ഞെട്ടലായി' മാറി .. ആ ഞെട്ടലിന്റെ ഒരു ക്ലൂ ഞാന്‍ കൊടുത്തിരിക്കുന്ന ഈ പോസ്റ്ററില്‍ നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയും …അങ്ങിനെ എന്തെങ്കിലും സൂചന നിങ്ങള്‍ക്ക് കിട്ടുന്നുവെങ്കില്‍ ദയവായി കമന്റായി എഴുതുക .. അതിന് ശേഷം ഞാന്‍ തീര്‍ച്ചയായും പ്രതികരിക്കാം …പോരെ ? സീതാ രാമാ !- ബാലചന്ദ്ര മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.

Tags:    
News Summary - Balachandra Menon Pens About Dulquer salmaan Movie Sita ramam Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.