ശിവകാർത്തികേയനും ശ്രീലീലയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘പരാശക്തി’ റിലീസ് ചെയ്തതുമുതൽ ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ചിത്രം ആദ്യ ദിവസം 12.5 കോടി രൂപ നേടിയതായി ട്രേഡ് അനലിസ്റ്റ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച 10.1 കോടി രൂപയായിരുന്നു കലക്ഷൻ. തിങ്കളാഴ്ച മൂന്ന് കോടി രൂപയും വ്യാഴാഴ്ച കലക്ഷൻ വീണ്ടും കുതിച്ചുയർന്ന് 5.5 കോടി രൂപ നേടി. നിലവിൽ ചിത്രത്തിന്‍റെ മൊത്തം ബോക്സ് ഓഫിസ് കലക്ഷൻ ഇപ്പോൾ 41 കോടിയായി.
സുധ കൊങ്കര സംവിധാനം ചെയ്ത ഈ ചിത്രം യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. 1965-ൽ തമിഴ്‌നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ. ശിവകാർത്തികേയൻ, ശ്രീലീല എന്നിവർക്കൊപ്പം രവി മോഹൻ, അഥർവ, റാണ ദഗ്ഗുബതി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. റിലീസിന് മുമ്പ് സെൻസർ ബോർഡിന്റെ നടപടി നേരിട്ടതോടെ സിനിമ പ്രശ്‌നങ്ങൾ നേരിട്ടു. 25 കട്ടുകൾ വരുത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ഔദ്യോഗികമായി ലഭിച്ചത്.
സുരറൈ പോട്രുവിന് ശേഷം സുധ കൊങ്കരെ സംവിധാനം ചെയ്ത ചിത്രമാണ് പരാശക്തി. രവി മോഹൻ വില്ലൻ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. നടി ശ്രീലീലയുടെ തമിഴ് അരങ്ങേറ്റ ചിത്രവുമാണിത്. ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരായ പ്രതിഷേധ രംഗങ്ങൾ വെട്ടണമെന്നാവശ്യപ്പെട്ടായിരുന്നു പരാശക്തിക്ക് പ്രദർശനാനുമതി നൽകാതിരുന്നത്. ഹിന്ദി വിരുദ്ധ പ്രതിഷേധങ്ങൾ ചിത്രീകരിക്കുന്ന രംഗങ്ങളിൽ ഉൾപ്പെടെ നിരവധി വെട്ടിച്ചുരുക്കലുകൾ നടത്താൻ സെൻസർ ബോർഡ് നിർദേശിച്ചിരുന്നു.
ചിത്രത്തിന് 25 കട്ടുകൾ വരുത്തിയിട്ടും സെൻസർ ബോർഡ് അവരുടെ ജോലി ചെയ്യുകയാണ് എന്നാണ് സുധ കൊങ്കര പ്രതികരിച്ചത്. ഇതോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും അനുകൂലിക്കുന്ന തരത്തിൽ പരാശക്തി ടീം പ്രവർത്തിക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ ആരോപണം ഉയർന്നു. കൂടാതെ, കേന്ദ്രമന്ത്രി എൽ. മുരുകന്റെ വസതിയിൽ മോദി വിശിഷ്ടാതിഥിയായി പങ്കെടുത്ത പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്ത രവി മോഹൻ, ശിവകാർത്തികേയൻ, ജിവി പ്രകാശ് എന്നിവരുടെ ചിത്രങ്ങളും വിഡിയോകളും വൈറലായിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കലിനെ എതിർക്കുന്ന സിനിമയുടെ കാതലായ ഘടകത്തിന് വിരുദ്ധമാണ് മന്ത്രിയുടെ വസതിയിൽ പൊങ്കൽ ആഘോഷങ്ങളിൽ അവർ പങ്കെടുത്തത് എന്ന് നെറ്റിസൺസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.