പൊങ്കൽ റിലീസുകളിൽ ഒന്നായ 'തലൈവർ തമ്പി തലൈമയിൽ'തമിഴ് സിനിമ പ്രേക്ഷകരുടെ ഇടയിൽ അപ്രതീക്ഷിത ശ്രദ്ധ നേടുകയാണ്. വലിയ ഹൈപ്പുകൾ ഒന്നും ഇല്ലാതെ തിയേറ്ററുകളിലെത്തിയെങ്കിലും പ്രീ റിലീസ് പ്രസ് ഷോകളും ആദ്യ ദിന പ്രേക്ഷക പ്രതികരണങ്ങളും സിനിമയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ജീവ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 'ഫാലിമി' എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതീഷ് സഹാദേവാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം രാഷ്ട്രീയവും കുടുംബബന്ധങ്ങളും സൗഹൃദവുമൊക്കെയാണ് പറയുന്നത്. അതിശയിപ്പിക്കുന്ന ട്വിസ്റ്റുകളോ അമിതമായ മാസ് രംഗങ്ങളോ ഇല്ലാതെ ലളിതമായ കഥയും സ്വാഭാവികമായ കഥാപാത്ര അവതരണവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
ചിത്രത്തിലെ ജീവ മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷക അഭിപ്രായം. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായി ചിത്രം വിലയിരുത്തപ്പെടുന്നുണ്ട്. സ്റ്റൈലിഷ് ഇമേജുകളിൽ നിന്നു മാറി സാധാരണക്കാരന്റെ വേഷത്തിൽ എത്തുന്ന ജീവയെ പ്രേക്ഷകർ സ്വീകരിച്ചുവെന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയിലും സിനിമാ നിരൂപണങ്ങളിലും ചിത്രം 'പൊങ്കാൽ സീസണിലെ ഡാർക്ക് ഹോഴ്‌സ്' എന്നാണ് വിശേഷിപ്പിക്കുന്നത്. കുടുംബത്തോടെ ആസ്വദിക്കാവുന്ന സിനിമയെന്ന നിലയിൽ നല്ല അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇത് ഒരു വലിയ മാസ് ബ്ലോക്ക്ബസ്റ്റർ ആവുമോ എന്ന കാര്യത്തിൽ അഭിപ്രായഭിന്നതയുണ്ട്. ചിലർ സിനിമയെ മികച്ചതെന്നും ശരാശരി നിലവാരം പുലർത്തുന്നുവെന്നും വിലയിരുത്തുന്നു.
അതേസമയം പൊങ്കലിന് റിലീസ് ചെയ്ത ശിവകാർത്തികേയന്‍റെ 'പരാശക്തി'യും കാർത്തിയുടെ 'വാ വാതിയാരും' സമ്മിശ്ര പ്രതികരണം നേടി തിയറ്ററിൽ തുടരുകയാണ്. തലൈവർ തമ്പി തലൈമയിൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുമോ എന്നും വാ വാത്തിയാർ, പരാശക്തി എന്നീ ചിത്രങ്ങളെ മറികടന്ന് പൊങ്കൽ വിജയിയാകുമോ എന്നും ഇനി കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.