രജനീകാന്ത്-കമൽ ഹാസൻ ചിത്രത്തിൽ നിന്ന് പിന്മാറി സുന്ദർ സി

രജനീകാന്തിനെ നായകനാക്കി കമൽഹാസൻ നിർമിക്കുന്ന ചിത്രത്തിനായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. സുന്ദർ സി ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇപ്പോൾ സംവിധായക സ്ഥാനത്ത് നിന്ന് അദ്ദേഹം പിൻവാങ്ങുന്നു എന്ന വാർത്തയാണ് വരുന്നത്. രണ്ട് ഇതിഹാസ നടന്മാരെയും ഒന്നിച്ച് കാണാൻ കാത്തിരുന്ന ആരാധകരെ ഈ പ്രഖ്യാപനം ഞെട്ടിച്ചു.

അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങളാണ് തന്റെ പിന്മാറ്റത്തിന് കാരണമെന്ന് സുന്ദർ സി പ്രസ്താവനയിൽ പറഞ്ഞു. ഈ പദ്ധതിയിലേക്ക് തന്നെ പരിഗണിച്ചതിന് രജനീകാന്തിനും കമൽഹാസനും അദ്ദേഹം നന്ദി പറഞ്ഞു. ഇതൊരു സ്വപ്നസാക്ഷാത്കാരത്തിനുള്ള അവസരമായിരുന്നു എന്നും അദ്ദേഹം വിശേഷിപ്പിച്ചു. തന്റെ തീരുമാനം കാരണം ആരാധകർക്ക് ഉണ്ടായേക്കാവുന്ന നിരാശക്ക് അദ്ദേഹം ക്ഷമാപണം നടത്തി.

1997ലെ അരുണാചലം എന്ന ഹിറ്റ് ചിത്രത്തിന് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമായിരുന്നു സുന്ദർ സി രജനീകാന്തുമായി വീണ്ടും ഒന്നിക്കാനൊരുങ്ങിയത്. നിർമാതാവ് എന്ന നിലയിൽ കമൽഹാസന്റെ സർഗാത്മക കാഴ്ചപ്പാടിന്റെ പിൻബലത്തോടെ 'തലൈവർ 173' ഉയർന്ന ആക്ഷനും ആകർഷകമായ കഥയും സംയോജിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 2027 പൊങ്കൽ സമയത്ത് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

സുന്ദർ സിയുടെ പെട്ടെന്നുള്ള പിന്മാറ്റത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഔദ്യോഗിക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും, സൃഷ്ടിപരമായ അഭിപ്രായ വ്യത്യാസങ്ങളോ ഷെഡ്യൂളിങ് തർക്കങ്ങളോ ആണ് ഇതിന് കാരണമെന്ന് അഭ്യൂഹങ്ങളുണ്ട്. പ്രൊഡക്ഷൻ ഹൗസായ രാജ് കമൽ ഫിലിംസ് ഇന്റർനാഷനൽ, സിനിമ മുന്നോട്ട് കൊണ്ടുപോകാൻ ഒരു പുതിയ സംവിധായകനെ തിരയുന്നുണ്ടെന്നാണ് റിപ്പോർട്ട്.  

Tags:    
News Summary - Bad news for Kamal Haasan, Rajinikanth fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.