സിനിമാ പ്രേമികളുടെ ഇഷ്ട സംവിധായകനാണ് ജെയിംസ് കാമറൂൺ. അദ്ദേഹത്തിന്‍റെ ചിത്രമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’ ആഗോള ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണ്. ജനപ്രിയ അവതാർ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമാണിത്. ചിത്രത്തിന്‍റെ ഏഴാം ദിവസമായ ചൊവ്വാഴ്ച്ച ബോക്സ് ഓഫീസ് കലക്ഷൻ ലോകമെമ്പാടും 45 കോടി യു.എസ് ഡോളർ കടന്നു. ചൊവ്വാഴ്ച മാത്രം ചിത്രം അന്താരാഷ്ട്രതലത്തിൽ 33.11 കോടി ഡോളർ നേടി. യു.എസിൽ ഇതുവരെ 11.90 കോടി ഡോളർ കളക്ഷൻ നേടി.
ഏഴ് ദിവസത്തിനുള്ളിൽ ലോകമെമ്പാടും മൊത്തം കളക്ഷൻ 45.01 കോടി ഡോളർ നേടിയ ചിത്രം അവധിക്കാലത്ത് കൂടുതൽ നേട്ടം കൊയ്യുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ക്രിസ്മസ് ദിനത്തോടെ 50 കോടി ഡോളർ കടന്ന് വെള്ളിയാഴ്ച്ച 60 കോടി ഡോളറിലെത്തുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ, പുതുവർഷത്തിന്റെ ആദ്യ വാരത്തിൽ തന്നെ സിനിമ 100 കോടി യു.എസ് ഡോളർ ക്ലബ്ബിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും രണ്ടാം ഭാഗമായ ‘അവതാർ: ദി വേ ഓഫ് വാട്ടറി’ന് പിന്നിലാണ് ചിത്രം ഇപ്പോഴും. മൂന്നാം ഭാഗത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽനിന്നും ലഭിച്ച സമ്മിശ്ര പ്രതികരണങ്ങളാവാം ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. മാത്രമല്ല, ഒരു ദശാബ്ദത്തിനുശേഷം വരുന്നതിനാൽ ‘ദി വേ ഓഫ് വാട്ടറി’നായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പും ചിത്രത്തിന്‍റെ സ്വീകാര്യത വർധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.