എ.ആർ. റഹ്മാൻ
മുംബൈ: സംഗീത മാന്ത്രികൻ എ.ആർ. റഹ്മാനെയും അദ്ദേഹത്തിന്‍റെ പാട്ടും അറിയാത്തവരുണ്ടാകില്ല. ആദ്യ സിനിമയിലൂടെ തന്നെ സംഗീത പ്രേമികളെ കൈയിലെടുത്ത മദ്രാസ് മൊസാർട്ട്, 1995ൽ രംഗീല എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത്.
‘സ്ലംഡോഗ് മില്യണയറിന്’ ഓസ്കർ പുരസ്കാരം ലഭിക്കുന്നതോടെ ലോക സംഗീതത്തിന്‍റെ നെറുകയിലും റഹ്മാന്‍റെ പേരെത്തി. റഹ്മാന്റെ സംഗീതജീവിതത്തിൽ നമ്മൾ അറിയാതെ പോയ, കാണാതെ പോയ രസകരമായ നിരവധി സംഭവങ്ങളുണ്ട്. കഴിഞ്ഞദിവസം ദേശീയ മാധ്യമമായ എൻ.ഡി.ടി.വിക്കു നൽകിയ അഭിമുഖത്തിൽ ഇത്തരത്തിലൊരു കാര്യം അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. മറ്റു ഭാഷകൾ അറിയാത്തത് കരിയറിന്‍റെ തുടക്കത്തിൽ വലിയ വെല്ലുവിളിയായെന്ന് പറയുകയാണ് റഹ്മാൻ.
തമിഴ് രചനകൾ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ ആരാധകരുടെ പ്രതികരണം റഹ്മാനെ ഏറെ നിരാശപ്പെടുത്തിയിരുന്നു. ‘ഓരോ ഭാഷക്കും ഒരുപ്രത്യേക പ്രഭാവലയം ഉണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ദിൽ സേ, റോജ തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ വലിയ പ്രേക്ഷക പ്രശംസ നേടിയപ്പോൾ, അതിലെ തമിഴ് ഗാനങ്ങൾ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. എന്നാൽ, അതിനു ലഭിച്ച പ്രതികരണം എനിക്ക് വലിയ അപമാനമായി തോന്നി. ഈ ഹിന്ദി വരികൾ മോശമാണ്, തമിഴ് പതിപ്പ് കേൾക്കുന്നതാണ് എനിക്ക് നല്ലത് -എന്നൊക്കെയായിരുന്നു പ്രതികരണം’ -റഹ്മാൻ പറയുന്നു.
ബോക്സ് ഓഫിസിൽ വ്യത്യസ്ത ഭാഷയിലുള്ള സിനിമകൾ വലിയ വിജയം നേടുന്ന കാലമായിരുന്നു അത്. എന്നിട്ടും തന്റെ രചനകളുടെ ആത്മാവ് സംരക്ഷിക്കാൻ വ്യത്യസ്ത ഭാഷകൾ പഠിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ഏകദേശം ഒരു ദശാബ്ദമെടുത്തുവെന്ന് റഹ്മാൻ പറയുന്നു. വിശുദ്ധ ഗ്രന്ഥമായ ഖുർആനിൽനിന്നാണ് കുറച്ചൊക്കെ അറബി ഭാഷ പഠിച്ചത്. 1994നും 1997നും ഇടയിലാണ് ഖുർആൻ പഠിക്കാനും വായിക്കാനും സമയം കണ്ടെത്തിയത്.
ഇത് ഉർദു ഭാഷ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കി, ഹിന്ദി പഠിക്കുന്നതിനും വലിയ സഹായകരമായി. സംവിധായകനായ സുഭാഷ് ഗായിയാണ് ഹിന്ദി ഭാഷ പഠിക്കേണ്ടതിന്‍റെ പ്രധാന്യം എന്നെ ബോധ്യപ്പെടുത്തിയത്.
‘നിങ്ങളൊരു വലിയ സംഗീതഞ്ജനാണ്, പക്ഷേ ഹിന്ദി പഠിക്കാതെ അധികകാലം നിലനിൽക്കാനാകില്ല’ -എന്ന അദ്ദേഹത്തിന്‍റെ വാക്കുകൾ വലിയ പ്രചോദനമായി. പിന്നാലെയാണ് ഹിന്ദി, ഉറുദു ഭാഷകൾ പഠിക്കുന്നത് ഗൗരവമായി എടുക്കുന്നതെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. ‘ലോകത്തെവിടെ പോയാലും ഹിന്ദി സംസാരിക്കുന്ന ആരാധകരുടെ സ്നേഹം അസാധാരണമാണ്, ഇപ്പോൾ പഞ്ചാബിയും ഇഷ്ടപ്പെടുന്നു’ -റഹ്മാൻ പറയുന്നു.
നേരത്തെ തന്‍റെ രചനകൾ മറ്റു ഭാഷകളിലേക്ക് മൊഴി മാറ്റുന്നതിലെ നിരാശ താരം തുറന്നുപറഞ്ഞിരുന്നു. ഒരാളുടെ ജോലി അവരുടെ അനുവാദമില്ലാതെ ആളുകൾ ഉപയോഗിക്കുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്നായിരുന്നു റഹ്മാന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.