എ.ആർ റഹ്മാൻ
ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യൻ സംഗീതലോകത്തെ സ്വകാര്യ അഹങ്കാരമാണ് എ.ആർ റഹ്മാൻ. ഏതൊരു വികാരത്തെയും പ്രേക്ഷകരുടെ ഉള്ളിലേക്ക് ആഴത്തിൽ കടത്തിവിടാൻ അദ്ദേഹത്തിന്‍റെ സംഗീതത്തിന് സാധിക്കാറുണ്ട്. എന്നാൽ ഏതൊരു സൃഷ്ടിക്കുപിന്നിലും സൃഷ്ടാവിന്‍റെ വേദനയുടെ കഥയുണ്ടാകുമെന്ന് പറയുന്നപോലെ എ.ആർ റഹ്മാന്‍റെ ജീവിതത്തിലുമുണ്ട് അദ്ദേഹം വന്ന വഴിയിലെ മറക്കാനാവാത്ത ചില നൊമ്പരങ്ങൾ.
നിഖിൽ കാമത്തിന്‍റെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് തന്‍റെ ചെന്നൈയിലെ ബാല്യകാല ഓർമകൾ അദ്ദേഹം പങ്കുവെച്ചത്. 'അതെ, ഞാൻ എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെന്നൈയിലാണ് ചെലവഴിച്ചത്. അവിടെയാണ് ഞാൻ ജനിച്ചത്. എന്റെ അച്ഛൻ സ്റ്റുഡിയോകളിലാണ് ജോലി ചെയ്തിരുന്നത്. ചെന്നൈയിൽ കോടമ്പക്കത്തിനടുത്തായിരുന്നു താമസം. ആ പ്രദേശത്താണ് ഭൂരിഭാഗം സ്റ്റുഡിയോകളും നിലനിന്നിരുന്നത്' -അദ്ദേഹം പറഞ്ഞു. തന്റെ പിതാവ് ആർ.കെ. ശേഖറിനെക്കുറിച്ചും അദ്ദേഹത്തിന്റെ കഠിനാധ്വാനം ആരോഗ്യത്തെ എങ്ങനെ ബാധിച്ചുവെന്നും അതാണ് അദ്ദേഹത്തെ അകാല മരണത്തിലേക്ക് നയിച്ചുതെന്നും റഹ്മാൻ പറഞ്ഞു.
'എന്റെ അച്ഛനെയും അമ്മയെയും കുടുംബാംഗങ്ങൾ തെരുവിലേക്ക് തള്ളിവിട്ടിട്ടുണ്ട്. വാടകക്ക് താമസിക്കാൻ തുടങ്ങിയ അച്ഛൻ ഞങ്ങൾക്കൊരു വീട് ഉണ്ടാവാൻ രാവും പകലും അധ്വാനിച്ചു. ഒരേ സമയം മൂന്ന് ജോലികൾവരെ ചെയ്തു. അങ്ങനെയാണ് അദ്ദേഹത്തിന്റെ ആരോഗ്യം ഇല്ലാതായത്. എന്റെ കുട്ടിക്കാലത്തിന്റെ ഇരുണ്ട ഓർമയായിരുന്നു അത്. ആ ആഘാതത്തിൽ നിന്ന് മുക്തി നേടാൻ വളരെയധികം സമയമെടുത്തു' -റഹ്മാൻ കൂട്ടിച്ചേർത്തു.
ഭർത്താവിന്റെ സഹായമില്ലാതെ നാല് കുട്ടികളെ വിജയകരമായി വളർത്തിയ തന്‍റെ അമ്മയെകുറിച്ചും അദ്ദേഹം സംസാരിച്ചു. 'ഞാൻ വളർന്നുവരുന്ന സമയം എന്റെ അച്ഛന്റെയും മുത്തശ്ശിയുടെയും മരണം പോലുള്ള നിരവധി കാര്യങ്ങളിലൂടെ കടന്നുപോയി. അത് സംഭവിക്കുമ്പോൾ എനിക്ക് വെറും ഒമ്പത് വയസ്സായിരുന്നു പ്രായം. എല്ലാ ദിവസവും എനിക്ക് ഒരുതരം മാനസ്സിക പിരിമുറുക്കം നേരിടുമായിരുന്നു. സിംഗിൾ മദറായ എന്റെ അമ്മ വളരെ ആത്മവിശ്വാസമുള്ള സ്ത്രീയായിരുന്നു. അവർ എല്ലാ വേദനകളും സ്വയം ഏറ്റെടുത്തു. ഞങ്ങളെ സംരക്ഷിക്കാൻ അവർക്ക് വളരെയധികം കാര്യങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. എല്ലാത്തരം അപമാനങ്ങളെയും ചെറുക്കുകയും ഒറ്റക്ക് ഞങ്ങളെ വളർത്തിയെടുക്കുകയും ചെയ്ത വളരെ ശക്തയായ സ്ത്രീയായിരുന്നു എന്‍റെ അമ്മ' -റഹ്മാൻ പറഞ്ഞു.
തന്നെ സംഗീതത്തിലേക്ക് വഴിതിരിച്ച് വിട്ടത് അമ്മയാണെന്ന് റഹ്മാൻ പറഞ്ഞു. സംഗീതത്തിൽ പൂർണമായും ശ്രദ്ധകൊടുത്തത് തനിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നുവെങ്കിലും അതുകൊണ്ടാണ് തന്‍റെ പല ബാല്യകാല അനുഭവങ്ങളും നഷ്ടമായിട്ടുണ്ടെന്ന് അദ്ദേഹം ഓർമിച്ചു. 'എന്റെ അമ്മ എന്നെ സംഗീതത്തിലേക്ക് ശ്രദ്ധ കൊടുക്കാൻ പ്രോത്സാഹിപ്പിച്ചു. എനിക്ക് മൂന്ന് സഹോദരിമാർ ഉണ്ടായിരുന്നതിനാൽതന്നെ പല കാര്യങ്ങളിലും ഞാൻ നീറ്റ് ആയിരിക്കണമെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. കാരണം ഞാൻ എങ്ങനെ പെരുമാറുന്നുവെന്നത് ഒരു തരത്തിൽ എനിക്ക് തിരിച്ചടിയായേക്കാം. എന്റെ കുട്ടിക്കാലം മുഴുവൻ സ്റ്റുഡിയോയിൽ 40ഉം 50ഉം വയസ്സുള്ളവർ സംഗീതം വായിക്കുന്നിടത്തായിരുന്നു. സ്കൂളിൽ സുഹൃത്തുക്കളുമൊത്തുള്ള എല്ലാ വിനോദങ്ങളും എനിക്ക് നഷ്ടമായി. പിന്നെ കോളജും ഇല്ലായിരുന്നു. എനിക്ക് ഒരുപാട് കാര്യങ്ങൾ നഷ്ടമായി. പക്ഷേ സ്റ്റുഡിയോകളിൽ വളരെ പ്രഗത്ഭരായ ആളുകളോടൊപ്പം ഞാൻ ധാരാളം സമയം ചെലവഴിച്ചു' -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.