മുരളി ഗോപി തിരക്കഥ ഒരുക്കുന്ന 'അനന്തൻ കാട്' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ദീപാവലി ദിന സ്പെഷൽ പോസ്റ്റർ പുറത്ത്. ആളിപ്പടരുന്ന തീപ്പൊരികൾക്ക് നടുവിൽ മുഖമാകെ രക്തവും കത്തുന്ന കണ്ണുകളുമായി നിൽക്കുന്ന ആര്യയാണ് പോസ്റ്ററിലുള്ളത്. അതോടൊപ്പം തിരുവനന്തപുരം സെക്രട്ടേറിയറ്റും സെക്രട്ടേറിയറ്റിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ പൂർണ്ണകായ പ്രതിമയുമൊക്കെ പോസ്റ്ററിലുണ്ട്.
'ടിയാൻ' സംവിധാനം ചെയ്ത ജിയെൻ കൃഷ്ണകുമാർ ഒരുക്കുന്ന ചിത്രം കേരള രാഷ്ട്രീയവുമായി ബന്ധമുള്ളതാണെന്നും സൂചനയുണ്ട്. വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ടിയാൻ എന്ന സിനിമക്ക് ശേഷം മുരളി ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്.
കാന്താരയുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത്. ശിശിര എന്ന കന്നഡ ചിത്രത്തിലൂടെ 2009ൽ സിനിമാലോകത്തെത്തിയ അജനീഷ് ഇതിനകം അകിര, കിരിക് പാർട്ടി, ബെൽബോട്ടം, അവനെ ശ്രീമൻ നാരായണ, ദിയ, വിക്രാന്ത് റോണ, കാന്താര, ഗന്ധാഡ ഗുഡി, കൈവ, യുവ, ബഗീര തുടങ്ങിയ കന്നഡ സിനിമകളിലും കുരങ്ങു ബൊമ്മൈ, റിച്ചി, നിമിർ, മഹാരാജ തുടങ്ങിയ തമിഴ് സിനിമകളിലും ഏതാനും തെലുങ്ക് സിനിമകളിലും ശ്രദ്ധേയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. അടുത്തിടെ തിയറ്ററുകളിലെത്തി കാന്താരയുടെ രണ്ടാം ഭാഗമായ 'കാന്താര ചാപ്റ്റർ 1'ലും സംഗീതമൊക്കിയിരിക്കുന്നത് അജനീഷാണ്.
ആര്യ നായകനായെത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, മുരളി ഗോപി, സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി തിരുവനന്തപുരം പശ്ചാത്തലമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാടി'ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്. ഛായാഗ്രഹണം: എസ്.യുവ, എഡിറ്റർ: രോഹിത് വി എസ്. വാരിയത്ത്, പി.ആർ.ഒ: ആതിര ദിൽജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.