‘അമ്മ‘ ഭരണസമിതിക്ക് സംഘടനാപരമായ പാളിച്ചകൾ സംഭവിച്ചു; വിമർശനവുമായി ജഗദീഷ്

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽനിന്നു കൂട്ടരാജി വെച്ചൊഴിഞ്ഞ ഭരണസമിതിക്ക് സംഘടനാപരമായ കാര്യങ്ങളിൽ വലിയ വീഴ്ചകൾ സംഭവിച്ചതായും ഇതിൽ അംഗങ്ങൾക്കിടയിൽ കടുത്ത അതൃപ്തി നിലനിന്നിരുന്നതായും നടൻ ജഗദീഷ്.

കഴിഞ്ഞ ഒരു വർഷം കൊണ്ട് അംഗങ്ങളുടെ ക്ഷേമത്തിനായി നിരവധി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഈ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, സംഘടനാതലത്തിൽ അവരുടെ ഭാഗത്തുനിന്നും ചില പാളിച്ചകൾ ഉണ്ടായതായി അദ്ദേഹം വ്യക്തമാക്കി.

ജനറൽ ബോഡി യോഗം ഭംഗിയായി പൂർത്തിയായെന്നും പഴയ ഭരണസമിതിയുടെ രാജിക്ക് കാരണം അവരുടെ പരിചയക്കുറവാകാമെന്നും ജഗദീഷ് പറഞ്ഞു.

ട്രഷറർക്ക് കുറച്ചുനാൾ സ്ഥാനത്തുനിന്ന് മാറിനിൽക്കേണ്ടി വന്നതിനാൽ വാർഷിക കണക്കുകൾ കൃത്യമായി അവതരിപ്പിക്കുന്നതിലോ സമയബന്ധിതമായി അത് അംഗങ്ങളിൽ എത്തിക്കുന്നതിലോ നിയമപരമായ ബാധ്യതകൾ പാലിക്കാൻ നേതൃത്വത്തിനായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘടനയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും വാക്കുതർക്കങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്യുന്നതിന് മുമ്പുതന്നെ ചില അംഗങ്ങൾ മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചത് ‘അമ്മ’യുടെ പൊതുജനമധ്യത്തിലുള്ള പ്രതിച്ഛായയെ സാരമായി ബാധിച്ചു.

ഇതിൽ ഭൂരിഭാഗം അംഗങ്ങൾക്കും കടുത്ത അതൃപ്തിയുണ്ടായിരുന്നു. അംഗങ്ങൾക്കിടയിലെ ഈ വികാരം മുൻകൂട്ടി മനസ്സിലാക്കിയാണ്, ഒരു അവിശ്വാസപ്രമേയത്തിലേക്ക് കാര്യങ്ങൾ എത്തുന്നതിന് മുമ്പുതന്നെ കഴിഞ്ഞ ഭരണസമിതി രാജിവെച്ചൊഴിയാൻ തയ്യാറായതെന്നും ജഗദീഷ് വിശദീകരിച്ചു.

അതേസമയം, കുറ്റാരോപിതരായ വ്യക്തികളുടെ കൈകളിലേക്ക് സംഘടനയുടെ നിയന്ത്രണം വീണ്ടും എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും, ഇതിൽ ആരുടേയും പാവയായി തുടരാൻ താൻ ഒരുക്കമല്ലെന്നും തുറന്നടിച്ചാണ് പ്രസിഡന്റ് ശ്വേത മേനോൻ രാജിവെച്ചത്.

ഞായറാഴ്ച കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പൂർണ നേതൃത്വത്തിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. വാർഷിക റിപ്പോർട്ടിന്മേൽ നടന്ന ചർച്ചകൾക്കൊടുവിലാണ് സുപ്രധാന തീരുമാനങ്ങളുണ്ടായത്. റിപ്പോർട്ടിലെയും കണക്കുകളിലെയും വീഴ്ചകൾ ചൂണ്ടിക്കാട്ടിയ അംഗങ്ങൾ, ഇവ രണ്ടും അംഗീകരിക്കാൻ തയ്യാറായില്ല.

ഈ ജനറൽ ബോഡി യോഗത്തിനിടെയാണ് പ്രസിഡന്റ് ശ്വേത മേനോൻ രാജി പ്രഖ്യാപിച്ചത്. തുടർന്ന് മറ്റ് അംഗങ്ങൾ ഇടപെട്ട് അവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നുവെങ്കിലും, തൊട്ടുപിന്നാലെ 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചൊഴിയുകയാണെന്ന നാടകീയ പ്രഖ്യാപനമാണ് ഉണ്ടായത്.

Tags:    
News Summary - AMMA Executive Committee Resigns En Masse After Jagadish Flags Lapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.