ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവർക്ക് ‘അമ്മ’യുടെ കാരണം കാണിക്കൽ നോട്ടീസ്; ആരോപണങ്ങളില്‍ വ്യക്തത വേണമെന്ന് അൻസിബയുടെ മറുപടി

കൊച്ചി: ‘അമ്മ’ സംഘടനയുടെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിൽ പരസ്യ പ്രതികരണങ്ങൾ നടത്തിയെന്ന് കാണിച്ച് താരങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്. ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവർക്കാണ് സംഘടന നോട്ടീസ് നൽകിയിരിക്കുന്നത്. നടി അൻസിബ ഹസന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കൂടുതൽ താരങ്ങളോടും വിശദീകരണം ആവശ്യപ്പെട്ടത്.

അമ്മ എക്സിക്യൂട്ടീവ് യോഗത്തിലാണ് ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. നിലവിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് നോട്ടീസ് നൽകിയിട്ടുള്ളതെന്നും മറ്റുള്ളവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അമ്മ നേതൃത്വം അറിയിച്ചു.

അൻസിബയുടെ ആരോപണങ്ങൾ സംഘടനയുടെ പ്രവർത്തനത്തെ ബാധിച്ചുവെന്നും ബൈലോ പ്രകാരമുള്ള നിർദ്ദേശങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി അമ്മ കഴിഞ്ഞദിവസം കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിരുന്നു. ജൂൺ 17നകം രേഖാമൂലം വിശദീകരണം നൽകണമെന്നാണ് അമ്മ നേതൃത്വം ആവശ്യപ്പെട്ടത്. എന്നാൽ, അതിന് കാത്തുനിൽക്കാതെ വ്യാഴാഴ്ച രാ​ത്രി തന്നെ അന്‍സിബ ഹസന്‍ മറുപടി നൽകിയിരുന്നു.

നോട്ടീസിലെ ആരോപണങ്ങളില്‍ വ്യക്തത വേണമെന്ന് മറുപടിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനയുടെ ബൈലോയിലെ ഏതെല്ലാം വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് വ്യക്തമാക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു. ലക്ഷ്മിപ്രിയയും ടിനി ടോമും ആയുള്ള വിഷയങ്ങള്‍ വ്യക്തിപരമാണ്. അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അന്‍സിബ പറഞ്ഞു. ടിനി ടോമിന്റെ നടപടികളില്‍ അമ്മ ഒരു നിലപാടും സ്വീകരിച്ചില്ലെന്നും വിമര്‍ശനമുണ്ട്.

അമ്മയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് അൻസിബ രാജിവെച്ചതോടെയാണ് വിവാദങ്ങൾ പുറത്തുവന്നത്. ടിനി ടോം തന്നെ അധിക്ഷേപിച്ചുവെന്നും ജിഹാദി എന്ന് വിളിച്ചുവെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ അൻസിബ ഉന്നയിച്ചിരുന്നു. തനിക്കെതിരെ വർഗീയ പരാമർശങ്ങളും അധിക്ഷേപങ്ങളും നടത്തിയെന്ന് കാട്ടി നടൻ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസിൽ നൽകിയ പരാതിയുമായും അൻസിബ മുന്നോട്ടുപോവുകയാണ്.

Tags:    
News Summary - amma association controversy show cause notice to tiny tom lakshmipriya joy mathew ansiba reply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.