ഋഷഭ് ഷെട്ടി അമിതാഭ് ഭച്ചനോടൊപ്പം, ശ്വേത ഭച്ചനും അമിതാഭ് ഭച്ചനും
അമിതാഭ് ഭച്ചൻ അവതാരകനായ ഹിന്ദി ടെലിവിഷൻ ഷോ ആണ് കോൻ ബനേഗ ക്രോർപതി. ഇതിന്‍റെ എറ്റവും പുതിയ എപ്പിസോഡിൽ കാന്താര താരം ഋഷഭ് ഷെട്ടിയായിരുന്നു അതിഥി. എളിമകൊണ്ടും സംസാരശൈലികൊണ്ടും വളരെ പെട്ടന്നുതന്നെ താരം കാണികളെ കൈയിലെടുത്തു. തന്‍റെ സിനിമ മേഖലയിലെ ഒരുപാട് അനുഭവങ്ങൽ താരം പങ്കുവെച്ചിരുന്നു. അതിൽ പണ്ട് മുംബൈയിലെ അമിതാഭ് ബച്ചന്‍റെ വീട് സന്ദർശിച്ചതിനെ കുറിച്ചും അദ്ദേഹം പറയുകയുണ്ടായി.
'വർഷങ്ങൽക്കു മുൻപ് ഞാൻ ഒരു നാഷണൽ അവാർഡ് കിട്ടിയ കുട്ടികളുടെ ഒരു സിനിമയുടെ ആവശ്യത്തിനായി നിങ്ങളുടെ വീട്ടിൽ വന്നിരുന്നു. ഹിന്ദി ഡബിങ്ങിനായായിരുന്നു വന്നത്. അന്നു ഞാൻ ജയ ജീയെ കണ്ടു. കൂടെ അവിടെ പ്രദർശിപ്പിച്ച അങ്ങയുടെ ഒരുപാട് അവാർഡുകളും' -ഋഷഭ് ഷെട്ടി പറഞ്ഞു.
എന്നാൽ അമിതാഭ് ചിരിച്ചുകൊണ്ട് പറഞ്ഞത് 'അത് എന്‍റേതു മാത്രമല്ല, ഞാൻ കൂടാതെ അവിടെ മൂന്നു നാലു പേർ കൂടെ ഉണ്ട് അവരുടേതുകൂടിയാണ്' എന്നാണ്. 'അങ്ങ് ചില അഭിനേതാക്കൾക്ക് അവരുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് കത്തുകൾ എഴുതിയതായി ഞാൻ കേട്ടിട്ടുണ്ട്, ഒരു ദിവസം അങ്ങനൊരു കത്ത് എനിക്കു കിട്ടിയാൽ ഞാൻ അതൊരു അനുഗ്രഹമായി കാണുന്നു' -ഋഷഭ് കൂട്ടിച്ചേർത്തു.
അപ്പോഴാണ് താൻ ഇതുവരെ ഋഷഭിന്‍റെ സിനിമ കണ്ടിട്ടില്ലെന്നും, കാന്താര കണ്ടശേഷം തന്‍റെ മകൾ ശ്വേത ബച്ചന് കുറച്ചു ദിവസത്തേക്ക് ഉറങ്ങാൻ സാധിച്ചില്ല എന്നും അദ്ദേഹം പറഞ്ഞത്. 'ആദ്യമായി തന്നെ ഇതുവരെ നിങ്ങളുടെ സിനിമ കാണാത്തതിൽ ഞാൻ ക്ഷമ ചോദിക്കുകയാണ്. നമ്മുടെ ഷഡ്യൂളുകളെ കുറിച്ച് നിങ്ങൾക്കറിയാമല്ലൊ, പക്ഷെ എന്‍റെ മകൾ ശ്വേത കാന്താര കണ്ടിരുന്നു. കുറച്ചു ദിവസത്തേക്ക് അവൾക്ക് ഉറങ്ങാൻപോലും സാധിച്ചിരുന്നില്ല. നിങ്ങളുടെ അഭിനയത്തിൽ അവൾ അമ്പരന്നിരുന്നു. പ്രത്യേകിച്ച് അവസാന ഭാഗം. നിങ്ങൾക്ക് എങ്ങനെയാണ് അത്തരത്തിൽ ഒരു രീതിയിലേക്ക് എത്തിപ്പെടാൻ സാധിച്ചതെന്നവൾ ചോദിച്ചുകൊണ്ടിരുന്നു' -ബച്ചൻ പറഞ്ഞു.
കാന്താരയുടെ റിലീസിന് ശേഷം സൂപ്പർസ്റ്റാർ രജനീകാന്തുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും ഋഷഭ് ഷെട്ടി പറയുകയുണ്ടായി.
'സിനിമക്ക് ശേഷം അദ്ദേഹത്തിന് എന്നെ കാണണം എന്നുണ്ടായിരുന്നു. പക്ഷേ എപ്പോഴാണെന്ന് എനിക്കറിയില്ലായിരുന്നു. പ്രൊഡക്ഷൻ ഹൗസ് പെട്ടെന്നാണ് എന്നെ അറിയിച്ചത്. എനിക്ക് ഒരു വേഷ്ടി ധരിക്കാൻ പോലും അവസരം ലഭിച്ചില്ല. ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ, അദ്ദേഹം വേഷ്ടിയിലും ഞാൻ ജീൻസിലും ആയിരുന്നതിൽ എനിക്ക് ഇപ്പോഴും ദുഖമുണ്ട്' -നടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.