'അൽഫോൻസ് പുത്രൻ മകനെ നായകനാക്കി കഥ പറഞ്ഞു, അവൻ സമ്മതിക്കണേ എന്ന് ആഗ്രഹിച്ചു' - വിജയ്

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്‍‍യുടെ മകൻ ജേസൺ സഞ്ജയ് സിനിമയിൽ എന്ന് എത്തുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ മകനെ നായകനാക്കി സിനിമ ചെയ്യാൻ 'പ്രേമ'ത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രൻ തന്നെ സമീപിച്ച സംഭവം വിവരിക്കുകയാണ് വിജയ്. സൺ ടി.വിയിൽ സംവിധായകൻ നെൽസനുമായി നടത്തിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്.

10 വർഷത്തെ ഇടവേളക്കുശേഷം വിജയ് നൽകിയ അഭിമുഖത്തിൽ അച്ഛനെപ്പോലെ മകൻ എപ്പോൾ സിനിമയില്‍ വരും എന്ന ചോദ്യത്തിനു മറുപടിയായാണ് അൽഫോൻസ് കഥ പറയാൻ തനിക്കരികിൽ വന്ന കാര്യം വിജയ് പറഞ്ഞത്. 'അവന് അഭിനയിക്കാനാണോ അതോ ക്യാമറയ്ക്കു പിന്നിൽ നിൽക്കാനാണോ ഇഷ്ടമെന്ന് സത്യമായും എനിക്കറിയില്ല. അത് അവൻ സ്വയം തീരുമാനിക്കട്ടെ. അച്ഛനെന്ന നിലയിൽ ഈ വിഷയത്തിൽ അവനെ ഉപദേശിക്കാനില്ല. എന്റെ പിന്തുണ ആവശ്യമായി വന്നാൽ തീർച്ചയായും ഒപ്പം നിൽക്കുകയും ചെയ്യും' -വിജയ് പറഞ്ഞു.

നിരവധി സംവിധായകർ സഞ്ജയ‌്‌ക്കു വേണ്ടി തന്റെ അടുത്ത് കഥ പറയാൻ വരുന്നു​ണ്ട്. അത് കേട്ടശേഷം മകനോട് പോയി കഥ പറഞ്ഞുകൊടുക്കും. അപ്പോൾ കുറച്ചു വർഷത്തേക്ക് തന്നെ സ്വതന്ത്രനായി വിടണമെന്നായിരുന്നു മകന്റെ അഭ്യർഥനയെന്നും വിജയ് പറഞ്ഞു.

'എനിക്ക് രസകരമായി തോന്നിയൊരു സംഭവമുണ്ട്. സംവിധായകൻ അൽഫോൻസ് പുത്രൻ ഒരു കഥ പറയാൻ എന്റെയടുത്ത് വന്നിരുന്നു. എന്നെ നായകനാക്കിയുള്ള കഥയാണെന്നാണ് ഞാൻ കരുതിയത്. പക്ഷേ, അത് സഞ്ജയ് നായകനായുള്ള കഥയായിരുന്നു. ആ കഥ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു. അതിൽ ഒരു അടുത്ത വീട്ടിലെ പയ്യൻ കഥാപാത്രമായിരുന്നു അവന്. ഈ കഥയിൽ അഭിനയിക്കാൻ അവൻ സമ്മതം മൂളണേ എന്നു വരെ ആഗ്രഹിച്ചുപോയി' –വിജയ് പറഞ്ഞു.

ബാലതാരമായി വിജയ് സിനിമകളില്‍ ചില രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ജേസൺ. കാനഡയില്‍ നിന്ന് ഫിലിംസ്റ്റഡീസിൽ ബിരുദം നേടിയ ജേസൺ 'വേട്ടൈക്കാരൻ' എന്ന ചിത്രത്തിൽ വിജയ്‍‌യുടെ കൂടെ ഡാൻസ് രംഗത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.


Full View


Tags:    
News Summary - Alphonse Puthren narrated a story for my son, says actor Vijay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.