ആലപ്പുഴ ജിംഖാന ഉടൻ ഒ.ടി.ടിയിൽ എത്തും; തീയതി പ്രഖ്യാപിച്ചു

ഒ.ടി.ടിയിൽ എത്താൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിൽ ഒന്നാണ് ആലപ്പുഴ ജിംഖാന. ഡിജിറ്റൽ റിലീസിനെക്കുറിച്ചുള്ള നിരവധി ഊഹാപോഹങ്ങൾക്ക് ശേഷം, ആലപ്പുഴ ജിംഖാന ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. 2025 ഏപ്രിൽ 10 ന് വിഷു റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം ജൂൺ അഞ്ച് മുതിൽ ഒ.ടി.ടിയിൽ എത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.

ഇപ്പോൾ, തിയേറ്റർ റിലീസിന് രണ്ട് മാസത്തിന് ശേഷം, ജൂൺ 13ന് സോണിലിവിലൂടെ ചിത്രത്തിന്‍റെ സ്ട്രീമിങ് ആരംഭിക്കും. തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമായതിനാൽ തന്നെ വമ്പൻ ഹൈപ്പിലാണ് ആലപ്പുഴ ജിംഖാന തിയറ്ററിലെത്തിയത്. യൂത്തിന് വേണ്ടി തന്നെ ഒരുക്കിയ ചിത്രമാണ് ജിംഖാനയും. നസ്ലൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്.

ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് ചിത്രസംയോജനം ചെയ്തത് നിഷാദ് യൂസഫാണ്. വിഷ്ണു‌ വിജയ് ചിത്രത്തിനായി സംഗീതമൊരുക്കുന്നു. മുഹ്‌സിൻ പരാരിയും സുഹൈൽ കോയയുമാണ് വരികൾ എഴുതുന്നത്. വസ്ത്രാലങ്കാരം: മാഷർ ഹംസ, വി.എഫ്.എക്‌സ്: ഡിജി ബ്രിക്‌സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിങ്സൺ.

Tags:    
News Summary - Alappuzha Gymkhana OTT release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.