യാത്രയായത്​ എ.കെ.ജിയുടെ ഉണ്ണി...

എഴുപത്തിനാലാം വയസ്സിൽ ആദ്യമായി കാമറയുടെ മുന്നിൽ. പ്രഥമ സിനിമയിൽ തന്നെ ദേശീയാംഗീകാരം. തുടർന്ന് മലയാള സിനിമരംഗത്തെ മുത്തച്ഛനായി മാറിയ പയ്യന്നൂർ കോറോത്ത് പുല്ലേരി വാദ്ധ്യാർ ഇല്ലത്തെ കാരണവർ ഉണ്ണികൃഷ്ണൻ നമ്പൂതിരി ചലച്ചിത്ര ലോകത്ത്് രചിച്ചത് പുതിയ ചരിത്രം.

കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജി സ്വന്തം അനുജനെ പോലെ കണ്ടു എന്നതാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ വ്യത്യസ്തനാക്കുന്നത്. മരണം വരെ എ.കെ.ജി കത്തിലൂടെ ഓർമ പുതുക്കിയിരുന്നു. ഇല്ലത്തെ ഭക്ഷണത്തിന്‍റെ രുചിയെക്കുറിച്ചും എ.കെ.ജി പറയുമായിരുന്നു.

എ.കെ.ജിക്കൊപ്പം ഉണ്ണികൃഷ്ണൻ നമ്പൂതിരി

കോറോത്ത് പുല്ലേരി വാദ്ധ്യാർ ഇല്ലത്ത് 1922 ഒക്ടോബർ 25ന് ജനിച്ചു. അച്ഛൻ നാരായണൻ നമ്പൂതിരിയും അമ്മ ദേവകി അന്തർജനവും. തൻറെ അച്ഛൻ സ്ഥാപിച്ച വീട്ടുമുറ്റത്തുള്ള കോറോം ദേവീസഹായം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. ചിട്ടയോടെ ഉപനയനം കഴിഞ്ഞ് മൂന്ന് വർഷം വേദമന്ത്രങ്ങൾ, പൂജാ ക്രമങ്ങൾ, ഗണപതിഹോമം, ചമത ഹോമം, പുരുഷസൂക്തം, ഭാഗ്യസൂക്തം, ശ്രീരുദ്രം, ശ്രീസൂക്തം, വിഷ്ണു സഹസ്രനാമം, ലളിതാ സഹസ്രനാമം എന്നിവ അമ്മയുടെ അമ്മാവൻ ആയ ഗോവിന്ദൻ നമ്പൂതിരിയിൽ നിന്നും പഠിച്ച് സമാവർത്തനം പൂർത്തിയാക്കി.

 'വിശ്വാസികളിലെ കമ്യൂണിസ്റ്റ്;​ കമ്യൂണിസ്റ്റിലെ വിശ്വാസി'

അച്ഛൻ ഒരു ഗാന്ധി ഭക്തനും കോൺഗ്രസ്സ് അനുഭാവിയും ആയിരുന്നു. മൂത്തസഹോദരനായ അഡ്വ. പി.വി.കെ. നമ്പൂതിരി ഹൈസ്കൂൾ പഠന കാലത്തു തന്നെ അന്നത്തെ കോൺസ് നേതാവായിരുന്ന എ.കെ. ഗോപാലനുമായി അടുത്ത സൗഹൃദത്തിലായിരുന്നു. തുടർന്ന് മദിരാശിയിലെ പഠന കാലത്ത് കെ. ബ്രഹ്മാനന്ദ റെഡ്ഡി, കെ.ആർ. ഗണേഷ്, രഘു നാഥ റെഡ്ഡി തുടങ്ങിയ കോൺഗ്രസ് സോഷ്യലിസ്റ്റുകളുമായി ഒന്നിച്ചുപ്രവർത്തിക്കുകയും ചെയ്തു.


തിരിച്ച് നാട്ടിലെത്തി ഗുരുസ്ഥാനീയനായി കണ്ട എ.കെ.ജിയോടൊപ്പം കമ്യൂണിസ്റ്റ് പ്രവർത്തനത്തിൽ മുഴുകിയതിനാൽ കുടുംബം മുഴുവനും ഇടതുപക്ഷത്തോട് ചേർന്നുനിന്നു. ഉണ്ണി നമ്പൂതിരി ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അസുഖബാധിതനായ എ.കെ. ഗോപാലൻ ഒളിവിൽ താമസിക്കാൻ പുല്ലേരി ഇല്ലത്ത് എത്തിയത്. അങ്ങിനെ സോഷ്യലിസത്തിന്‍റെയും കമ്യൂണിസത്തിന്‍റെയും വെള്ളിവെളിച്ചം പുല്ലേരി ഇല്ലത്തും പരന്നു. എ.കെ.ജിയോടുള്ള ആരാധന ഉണ്ണി നമ്പൂതിരിയെയും കറകളഞ്ഞ കമ്യൂണിസ്റ്റുകാരനാക്കി.

അതേ സമയം തന്‍റെ പൂജയും തേവാരവും ഉണ്ണി നമ്പൂതിരി ഒരിക്കലും മുടക്കിയിരുന്നില്ല. ആത്മീയതയിലധിഷ്ഠിതമായ കമ്മ്യൂണിസമാണ് നമ്പൂതിരി കൊണ്ടുനടന്നത്. "വിശ്വാസികളിലെ കമ്യൂണിസ്റ്റും കമ്യൂണിസ്റ്റിലെ വിശ്വാസിയും" നടൻ മമ്മൂട്ടി ഇങ്ങനെയാണ് അടയാളപ്പെടുത്തിയത്. പയ്യന്നൂർ ബോർഡ് ഹൈസ്കൂളിൽ എത്തിയ ഉണ്ണിനമ്പൂതിരി ഫുട്ബോൾ, വോളിബാൾ കളികളിലും സജീവമായിരുന്നു, സ്കൂളിൽ പ്രചച്ഛന്നവേഷ മത്സരങ്ങളിലും നാടകങ്ങളിൽ സ്ത്രീ വേഷത്തിലും തിളങ്ങി.

കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയ കാലത്ത് എ.കെ.ജിയെ കൂടാതെ ഇ.എം.എസ്, ഇ.കെ നായനാർ, കെ.എ. കേരളീയൻ, എ.വി. കുഞ്ഞമ്പു, വി.വി. കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായി, ടി. ഗോവിന്ദൻ തുടങ്ങിയ നേതാക്കന്മാർക്കെല്ലാം താവളമായത് പുല്ലേരി ഇല്ലമായിരുന്നു. പൂജയും തേവാരവും ചെയ്യുന്ന അതേ നിഷ്ഠയോടെ ഒളിവിൽ കഴിയുന്ന നേതാക്കന്മാർക്ക് ഭക്ഷണമൊരുക്കാനും മറ്റും ഉണ്ണി നമ്പൂതിരി ശ്രദ്ധിച്ചിരുന്നു. മരിക്കുന്നതുവരെയും എന്തു തിരക്കിനിടയിലും എ.കെ.ജി പുല്ലേരി ഇല്ലത്ത് എത്തുമായിരുന്നു.

മലയാള സിനിമയുടെ മുത്തച്ഛൻ

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ജന്മദിനത്തിൽ കോഴിക്കോട്ട് എത്തിയ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ കണ്ട കഥാകാരൻ മാടമ്പ് കുഞ്ഞിക്കുട്ടനും സംവിധായകൻ ജയരാജും കൂടിയാണ്​ 'ദേശാടന'ത്തിലെ മുത്തച്ഛനായി ഉണ്ണി നമ്പൂതിരിയെ തീരുമാനിച്ചത്​. അങ്ങിനെ 74ാം വയസ്സിൽ എടപ്പാൾ നാറാത്ത് മനയിൽ വെച്ച് വെള്ളിവെളിച്ചത്തിൽ എത്തിയ 'ദേശാടന'ത്തിലെ പാച്ചുവിന്‍റെ മുത്തച്ഛൻ പിന്നീട് മലയാള സിനിമയുടെ മുത്തച്ഛനായി തൊട്ടതെല്ലാം പൊന്നാക്കി.

കല്യാണ രാമനിൽ ദിലീപിനൊപ്പം തകർത്ത് അഭിനയിച്ച ഉണ്ണി നമ്പൂതിരി (താരജോഡിയായി സുബ്ബലക്ഷ്മിയും) മായാമോഹിനി, കളിയാട്ടം, ലൗഡ് സ്പീക്കർ, പോക്കിരിരാജ, സദാനന്ദന്‍റെ സമയം, നോട്ട് ബുക്ക്, മേഘമൽഹർ, ഫോട്ടോഗ്രാഫർ, മധുരനൊമ്പരക്കാറ്റ്, അങ്ങിനെ ഒരു അവധിക്കാലത്ത്, മഴവില്ലിനറ്റം വരെ, കമ്യൂണിസ്റ്റ് ചരിത്രം - വസന്തത്തിന്‍റെ കനൽവഴികൾ എന്നിങ്ങനെ ഇരുപതിലധികം മലയാള ചിത്രങ്ങളും ഉണ്ണിനമ്പൂതിരിയുടെ അഭിനയ പ്രതിഭ കണ്ടറിഞ്ഞതായിരുന്നു മലയാളി. തമിഴ് മന്നൻ രജനീകാന്തിനൊപ്പം 'ചന്ദ്രമുഖി' യിലും 'പമ്മൽ കെ സമ്പന്ധ'ത്തിൽ കമലഹാസനോടൊപ്പവും 'കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേനി'ൽ മമ്മൂട്ടിക്കൊപ്പവും തമിഴ് ചലച്ചിത്രാസ്വാദകരുടെ മനസിൽ ഇടം കണ്ടു..

മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയ സി.പി.എം നേതാക്കന്മാരുമായും ആത്മബന്ധം പുലർത്തുന്ന ഒരു ഉറച്ച കമ്യൂണിസ്റ്റായി അവസാനം വരെ ജീവിച്ചു. പിറന്നാൾ ഉണ്ണാൻ പിണറായി പലപ്പോഴും ഇല്ലത്തെത്തി. പിറന്നാൾ ദിനത്തിൽ ആദ്യം ഇല്ലത്തെ ഫോൺ ശബ്ദിക്കുമ്പോൾ മറുഭാഗത്ത് നടനവിസ്മയം കമൽ ഹാസനാവുന്നതും പതിവ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.