അമിതാഭ് ബച്ചനും ജ്യോതികയും പിന്മാറിയ ചിത്രം; അജിതിന്‍റെയും ശാലിനിയുടെയും പ്രണയകഥ വീണ്ടും തിയറ്ററിലേക്ക്

അജിതും ശാലിനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അമർക്കളം വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. കാതൽ മന്നന് ശേഷം ശരൺ സംവിധാനം ചെയ്ത അമർക്കളം റൊമാന്റിക് ആക്ഷൻ ചിത്രമായിരുന്നു. പുറത്തിറങ്ങി 25 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം റീ റിലീസിനൊരുങ്ങുന്നത്. 'ഒരു ഇതിഹാസ പ്രണയകഥ' എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്‍റെ റീ റിലീസ് പോസ്റ്റർ പുറത്തിറക്കിയത്. അമർകളത്തിന്‍റെ സെറ്റിൽ വെച്ചാണ് ശാലിനിയുടെയും അജിതിന്‍റെയും യഥാർഥ പ്രണയകഥ ആരംഭിക്കുന്നതും 2000ൽ ഇരുവരും വിവാഹിതരാകുന്നതും.

അജിതിന്റെ 25ാമത്തെ ചിത്രമായിരുന്നു അമർകളം. 1999 ആഗസ്റ്റ് 15ന് പുറത്തിറങ്ങിയ ചിത്രം നിരൂപകരിൽ നിന്ന് നല്ല അഭിപ്രായങ്ങൾ നേടി. 2000ൽ, തെലുങ്കിൽ അത്ഭുതം എന്ന പേരിൽ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറങ്ങിയിരുന്നു. പിന്നീട് ലീല മഹൽ സെന്റർ എന്ന പേരിലും കന്നഡയിൽ അസുര എന്ന പേരിലും ചിത്രം പുനർനിർമിച്ചു. കന്നഡയിൽ രഘുവരൻ തന്റെ വേഷം വീണ്ടും അവതരിപ്പിച്ചു.

വിവേക് ​​ഒബ്റോയ് നായകനാകുന്ന ഹിന്ദി റീമേക്ക് സംവിധായകൻ പ്ലാൻ ചെയ്തിരുന്നുവെങ്കിലും പിന്നീട് ഉപേക്ഷിച്ചു. ചിത്രത്തിൽ നായികയായി ആദ്യം പരിഗണിച്ചത് ജ്യോതികയെയായിരുന്നു. ജ്യോതിക പിന്മാറിയതോടെയാണ് കഥാപാത്രത്തിനായി ശാലിനിയെ സമീപിച്ചത്. രഘുവരൻ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം അമിതാഭ് ബച്ചനെയായിരുന്നു സമീപിച്ചത്.

ആറുമുഖം എന്നയാളുടെ ഉടമസ്ഥതയിലുള്ള സിനിമ തിയറ്ററിൽ താമസിക്കുന്ന വാസുവിന്‍റെ കഥയാണ് അമർക്കളം. വേദനാജനകമായ ബാല്യത്താൽ വേട്ടയാടപ്പെടുന്ന അയാൾ മദ്യപിച്ചും, വഴക്കിട്ടും, ലക്ഷ്യമില്ലാതെ അലഞ്ഞുതിരിഞ്ഞും ദിവസങ്ങൾ ചെലവഴിക്കുന്നു. വാസു മോഹനയെ കണ്ടുമുട്ടുന്നതും ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ.

രഘുവരൻ, നാസർ, അംബിക, രമേഷ് ഖന്ന എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തി. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചത് ശരൺ ആണ്. വി. സത്യ നാരായണ, വി. സുധീർ കുമാർ, വി. സുമന്ത് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. എ. വെങ്കിടേഷ് ഛായാഗ്രഹണവും സുരേഷ് എഡിറ്റിങ്ങും നിർവഹിച്ചു. ഭരദ്വാജ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. 

Tags:    
News Summary - Ajith Kumar-Shalini movie to re-release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.